സര്‍ഗ്ഗാലയ അന്താരാഷ്ട്ര കരകൗശല മേള 22 മുതല്‍
പത്താമത് സര്‍ഗ്ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി ഒമ്പതു വരെ വടകര ഇരിങ്ങൽ ആർട്ട് ആൻ്റ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. 22 ന് വൈകുന്നേരം നാലു മണിക്ക് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി പത്തിലധികം രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും. ഉസ്ബെക്കിസ്ഥാന്‍ പാര്‍ട്ണര്‍ രാജ്യമായി മേളയില്‍ പങ്കെടുക്കും.
26 സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ഞൂറിൽപ്പരം കരകൗശല വിദഗ്ധര്‍ മേളയുടെ ഭാഗമാവും. മേളയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വാഹന പാര്‍ക്കിങ്ങ്, ഗതാഗത സൗകര്യം എന്നിവയ്ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന പ്രവൃത്തി പരിചയ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാനും സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കും.
ഈ അധ്യയന വര്‍ഷം നടത്തിയ ശാസ്ത്ര മേളയിലെ വര്‍ക്ക് എക്സ്പീരിയന്‍സ് – ഓണ്‍ ദ സ്പോട്ട് വിഭാഗത്തിലെ ക്രാഫ്റ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 19 ഇനങ്ങളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്കാണ് അവസരം. ഇവര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിദഗ്ധരുമായി സംവദിക്കുന്നതിനും മേളയില്‍ സൗകര്യമുണ്ടാവും. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സര്‍ ഗ്ഗാലയയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരമൊരുക്കുന്നത്.
മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാര്‍, നബാര്‍ഡ് ക്രാഫ്റ്റ് പവിലിയന്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവിലിയന്‍,കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകള്‍, കലാപരിപാടികള്‍, ബോട്ടിംഗ്, കളരി പവിലിയന്‍, മെഡിക്കല്‍ എക്സിബിഷന്‍ എന്നിവ മേളയെ ആകര്‍ഷകമാകും.
കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ്, നബാര്‍ഡ്, കേരള സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്(സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. പത്ര സമ്മേളനത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ, സര്‍ഗാലയ എക്സിക്യുട്ടീവ് ഓഫീസര്‍ പി.പി.ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി.സുരേഷ് ബാബു, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ : പി.പ്രകാശ്