സ്പോട്സ് ഉപകരണങ്ങൾ നിരത്തിവെച്ച് മെസ്സി ചിത്രം
സ്പോട്സ് കടയിലെ എല്ലാം വാരിയെടുത്ത് പല സ്ഥലങ്ങളിലായി വെച്ചു. ജഴ്സി, ബൂട്ട്, ഫുട്ബോൾ, ക്രിക്ക്റ്റ് പാഡ് എന്നുവേണ്ട ഷട്ടിൽ ബാറ്റ് വരെ നിരത്തി. ഇതെല്ലാം കഴിഞ്ഞ് ദൂരെ നിന്നു നോക്കിയപ്പോൾ ഇതാ ഫുട്ബോൾ മാന്ത്രികൻ മെസ്സിയുടെ രൂപം! പറഞ്ഞു കേട്ടവരെല്ലാം കടയിലേക്ക് വരാൻ തുടങ്ങി. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിൻ്റെ കരവിരുതാണിത്.
കോപ്പ അമേരിക്ക നേടിയ അർജന്റീനയുടെ വിജയാഹ്ലാദത്തിൽ പങ്കുചേർന്ന് മെസ്സി ആരാധകർക്ക് വേണ്ടിയാണ് ഡാവിഞ്ചി സുരേഷ് ഈ രൂപം തീർത്തത്. തൃശ്ശൂർ മതിലകം മതിൽമൂലയിലുള്ള ‘പ്ലെഗെയിംസ്’ ഷോപ്പിനുള്ളിലാണ് 25 അടി വലുപ്പത്തിൽ ചിത്രം നിർമിച്ചിരിക്കുന്നത്. കടഉടമസ്ഥൻ അഷറഫ് പടിയത്തിന്റെ സഹകരത്തോടെ നിരവധി സ്പോട്സ് ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
സ്പോട്സ് ഐറ്റംസ് ചുമരിലും തറയിലുമായി നിരത്തിവെച്ച് എട്ടു മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. കടയുടെ ചുവര് മുതൽ അകത്ത് നിറയെ പല സ്ഥലത്തായി സ്പോർട്സ് ഉപകരങ്ങൾ പ്രത്യേക രൂപത്തിൽ അടുക്കിയാണ് ചിത്രം രൂപപ്പെടുത്തിയത്. കടയുടെ അകത്തുനിന്ന് നോക്കിയാല്‍ മെസ്സിയുടെ രൂപം വ്യക്തമാകില്ല. വളരെ ദൂരത്തു നിന്ന് നോക്കണം. ഡാവിഞ്ചി സുരേഷിനെ സഹായിക്കാൻ ക്യാമറമാൻ സിമ്പാദിനൊപ്പം സഹായികളായി രാകേഷ് പള്ളത്, ഫെബിൻ, സിബിഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
കായിക സാമഗ്രികളുടെ കളര്‍ അനുസരിച്ച് സാധനങ്ങൾ നിരത്തിവെക്കാൻ ഏറെ സമയം വേണ്ടി വന്നുവെന്ന് സുരേഷ് പറഞ്ഞു. സുരേഷ് 100 മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും തീർക്കുന്ന ദൗത്യത്തിൻ്റെ എഴുപതാമത്തെ മീഡിയമാണ് സ്പോട്സ് ഉപകരണങ്ങൾ.
Superb Davinci Code👍👍