കേരളത്തിൻ്റെ കരകൗശല ചാരുത അനുഭവിച്ചറിഞ്ഞ് വിദ്യാർത്ഥികൾ
കെ.സുരേശൻ
കളിമൺപാത്ര നിർമ്മാണം, ചുമർചിത്ര രചന, നെറ്റിപ്പട്ടം നിർമ്മാണം, തെയ്യത്തിൻ്റെ ആടയാഭരണങ്ങൾ ഒരുക്കൽ… എന്നിങ്ങനെ കരകൗശലത്തിൽ വിദ്യാർത്ഥികൾ പരിശീലനം നേടി. വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാൻ്റീ ക്രാഫ്റ്റ് സർവീസ് സെൻ്റർ പയ്യന്നൂർ ഫോക് ലാൻ്റുമായി ചേർന്ന് സംഘടിപ്പിച്ച ത്രിദിന ബോധവൽക്കരണ – പ്രദർശന പരിപാടി പയ്യന്നൂരിലെ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ശിൽപശാലയിൽ പയ്യന്നൂരിലെ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ഹസ്തകലയിൽ പ്രായോഗിക പരിശീലനവും ശില്പ കലയെ അനുഭവിച്ചറിയാനുള്ള അവസരവുമാണ് കൈവന്നത്. ആദ്യ രണ്ട് ദിനങ്ങളിൽ പയ്യന്നൂർ കോളേജ്, ശ്രീശങ്കരാചാര്യ സർവ്വകലാശാല പയ്യന്നൂർ കേന്ദ്രം എന്നിവിടങ്ങളിലേയും എടാട്ട് യു പി.
സ്കൂളിലേയും കുട്ടികളെയാണ് കളിമണ്ണ്, ചണനൂൽ, ചുമർചിത്രം, നെറ്റിപ്പട്ടം, മുള- ചൂരൽ, തെയ്യം ആടയാഭരണ നിർമ്മാണം എന്നിവയിൽ പരിശീലിപ്പിച്ചത്. അവസാന ദിവസം എടാട്ട് പി.ഇ. എസ് വിദ്യാലയത്തിലെ നൂറോളം കുട്ടികൾക്കാണ് പരിശീലനം നൽകിയത്.
ശില്പശാലയിൽ കളിമൺ പാത്ര നിർമ്മാണവുമായി എത്തിയത് പ്രസിദ്ധ കളിമൺപാത്ര നിർമ്മാണ വിദഗ്ദ കോഴിക്കോട് സ്വദേശി ബിദുല. പി.ബി. യാണ്. ഇരുപത് വർഷമായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സുസ്മൃതി’ എന്ന സ്ഥാപനം നടത്തുകയാണ് ബിദുല. ബൽഗാമിലെ ഗ്രാമീണ കരകൗശല ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദഗ്ദപരിശീലനത്തിന് ശേഷം ഇന്ത്യയിലെ പ്രധാനപ്പെട്ട നിരവധി കളിമൺപാത്ര നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിച്ച് നേടിയ അനുഭവത്തിൽ നിന്നും ഗവേഷണത്തിൽ നിന്നുമാണ് ബിദുലയിലെ കരകൗശല വൈദഗ്ദ്യം രൂപപ്പെടുന്നത്.
ചണനാരും പ്രകൃതി വർണ്ണങ്ങളും ഉപയോഗിച്ചുള്ള ഉല്പന്നങ്ങളുടെ പരിശീലകയായിരുന്നു ഷോർണൂർ സ്വദേശിനിയായ ഡോ. മീര. പരുത്തി
നൂലും, ചണനൂലും ഉപയോഗിച്ച് കെട്ടുകൾ ഉണ്ടാക്കി കമനീയമായ അലങ്കാര വസ്തുകൾ ഉണ്ടാക്കുന്ന രീതിയാണ് ‘മാക്രേം’ എന്ന കരകൗശല സമ്പ്രദായം. പൂന ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന പരിശീലന കേന്ദ്രങ്ങളിൽ നിന്നും പരിശീലനം ലഭിച്ച ഡോ. മീര ഷോർണൂർ ആസ്ഥാനമായി പ്രവർത്തിക്കുകയാണ് ഇപ്പോൾ. ചണനൂല് ഉപയോഗിച്ച് കുഞ്ഞു പാവകൾ ഉൾപ്പെടെ കമനീയമായ വസ്തുക്കൾ ഉണ്ടാക്കുന്നതിലും ഡോ. മീരക്ക് പ്രാവീണ്യമുണ്ട്.
ഈറ്റ, മുള ഉല്പന്നങ്ങളുടെ നിർമ്മാണ വിദഗ്ദ തൃശൂർ സ്വദേശിനി അജിത സുന്ദരൻ അതി മനോഹരമായ രൂപങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. പ്രത്യേക തരത്തിൽ ചൂരൽ ചെത്തി മിനുക്കി പൂക്കുട, പെൻ സ്റ്റാൻറ് , ഫ്ലവർ വേസ് തുടങ്ങിയ അലങ്കാര വസ്തുകൾ നിർമ്മിക്കുന്നതിൽ രണ്ട് പതിറ്റാണ്ട് കാലത്തെ പരിചയം അജിതയ്ക്കുണ്ട്.
ശില്പശാലയിലുണ്ടായിരുന്ന മറ്റൊരു ഇനം കേരളത്തിൻ്റെ സ്വന്തം നെറ്റിപ്പട്ടമാണ്. നെറ്റിപ്പട്ട നിർമ്മാണത്തിൽ വൈദഗ്ദ്യം നേടിയ രജിത രാജൻ അഞ്ച് വർഷമായി ഈ രംഗത്ത് സജീവമാണ്. ഫോക് ലാൻറിൽ നിന്ന് നെറ്റിപ്പട്ട നിർമ്മാണം പരിശീലിച്ച് ചെറുതും വലുതുമായ ഏകദേശം നാന്നൂറിൽപ്പരം നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് വില്പന നടത്തിയിട്ടുണ്ട്. ആനയുടെ നെറ്റിപ്പട്ടം ചുമരുകളിൽ തൂക്കിയിടാനുള്ള മനോഹരമായ അലങ്കാര വസ്തുവായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പല ക്യാമ്പുകളിലും നെറ്റിപ്പട്ട പരിശീലനം നൽകിയിട്ടുള്ള രജിത നീലേശ്വരം സ്വദേശിനിയാണ്.
ചുമർചിത്രകാരി പ്രിയ ഗോപാൽ മാഹി കലാഗ്രാമത്തിൽ നിന്ന് പ്രസിദ്ധ ചുമർ ചിത്രകാരൻ കെ.അർ. ബാബുവിൻ്റെ കീഴിൽ ചുമർചിത്ര രചന
സ്വായത്തമാക്കി. കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് ചുമർചത്രങ്ങളാണ് പ്രിയാഗോപാൽ വരച്ചത്. ദേവി ദേവന്മാരുടെ ചിത്രങ്ങൾ, കഥകളി ചിത്രങ്ങൾ, സമകാലീന സംഭവങ്ങൾ എന്നിവയെല്ലാം ക്യാൻവാസിൽ വരച്ചെടുക്കുന്നതിലും ചുമരിൽ ആലേഖനം ചെയ്യുന്നതിലും പ്രാഗത്ഭ്യം നേടിയ പ്രിയ ഇന്ത്യയിലെ തന്നെ മികച്ച ചുമർചിത്രകാരികളിൽ ഒരാളാണ്. മൈസൂർ, ഭോപ്പാൽ ,ഡൽഹി രാജസ്ഥാൻ, തമിഴ്നാട്, തുടങ്ങി പല വേദികളിലും തൻ്റെ ചുമർചിത്ര രചനാ പാഠവം അവർ തെളിയിച്ചിട്ടുണ്ട്.
ശില്പശാലയിൽ ഉണ്ടായിരുന്ന മറ്റൊരിനം പയ്യന്നൂരിൻ്റ സ്വന്തമെന്ന് പറയാവുന്ന ഓട്ടു പാത്ര നിർമ്മാണമാണ്. ഈ രംഗത്തെ വിദഗ്ധൻ കുഞ്ഞമ്പു പയ്യന്നൂരിലെ പ്രഗത്ഭ ഓട്ടുപാത്ര നിർമ്മാതാവാണ്. ചൂളയിൽ നിന്നും ഉരുക്കിയെടുത്ത് നിർമ്മിക്കുന്ന ഓട്ടു പാത്രങ്ങൾ പൊതു
വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും വിളക്കുകളും, പാത്രങ്ങളും മറ്റ് ക്ഷേത്ര പൂജാ പാത്രങ്ങളും ഏറെ വൈദഗ്ദ്യത്തോടെ ഇദ്ദേഹം നിർമ്മിച്ചെടുക്കാറുണ്ട്.
ചിരട്ടയിലെ കൗതുക വസ്തുക്കളുമായി എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് സഫാൻ ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ എറെ പുതുമയുള്ളതായിരുന്നു. അമ്മാവൻ അബൂബക്കറിൽ നിന്നാണ് കരകൗശല നിർമ്മാണ രീതി മുഹമ്മദ് സഫാൻ പഠിച്ചെടുത്തത്. കോക്കനട്ട് ഷെൽ ആൻ്റ് ബാംബു ഹാൻ്റി ക്രാഫ്റ്റ്, ഫാൻസി ലാമ്പ് ,
ഫ്ലവർവേസ് മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ കഴിഞ്ഞ മൂന്ന് വർഷമായി നിർമ്മിക്കുകയാണ് സഫാൻ.
തെയ്യം ആടയാഭരണങ്ങളുമായി രാജു ചെറുവത്തൂരിൻ്റെ പ്രദർശനം വിസ്മയ കാഴ്ചയായി മാറി. ക്ഷേത്രാങ്കണങ്ങളിൽ കാണുന്ന തെയ്യക്കോലങ്ങളുടെ ആടയാഭരണങ്ങൾ പ്രദർശനത്തിലെ ശ്രദ്ധയാകർഷിച്ച ഒരിനമായിരുന്നു . വിഷ്ണുമൂർത്തി, ചാമുണ്ഡി, ഭൈരവൻ, കുട്ടിച്ചാത്തൻ തുടങ്ങിയ തെയ്യങ്ങളുടെ ആടയാഭരണങ്ങളിൽ ചിലതാണ് രാജുവിൻ്റെ പ്രദർശനത്തിൽ ഉണ്ടായിരുന്നത്. കൊറിയ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാജുവിൻ്റെ അടയാഭരണ വൈഭവം പ്രദർശിപ്പിച്ചിട്ടുണ്ട്.
തഴപ്പായ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുമായാണ് റോസ് ലി വന്നത്. കൊടുങ്ങല്ലൂർ കിട്സിൽ നിന്ന് പരിശീലനം ലഭിച്ച റോസ് ലി നിരവധി തഴപ്പായ വിഭവങ്ങൾ ഒരുക്കിയിരുന്നു. തഴപ്പായ കൊണ്ടുള്ള ബാഗുകൾ, ഫോൾഡറുകൾ, പഴ്സുകൾ തുടങ്ങിയ മൂല്യ വർധിത വസ്തുക്കൾ നിർമ്മിച്ച് വിപണിയിലിറക്കി പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധം തീർക്കുകയാണ് റോസ് ലി.
കുരുത്തോല ചമയങ്ങളുമായി എത്തിയ രമേശൻ കരിവെള്ളൂർ പുതുമ സൃഷ്ടിച്ചു. ഉദ്ഘാടന വേദി അലങ്കരിച്ചത് കുരുത്തോല കൊണ്ടായിരുന്നു. കുരുത്തോല മനോഹരമായി മുറിച്ചെടുത്ത് അലങ്കരിക്കുന്നതിൽ
പ്രാവീണ്യം നേടിയ കലാകാരനാണ് രമേശൻ. എംബ്രോയ്ഡറിയിലെ വൈവിധ്യങ്ങളുമായാണ് വയനാട് സ്വദേശി നസീറ വന്നത്. തമിഴ്നാട്ടിലെ എരുമാടാണ് സ്വദേശം. വയനാട് സുൽത്താൻ ബത്തേരിയിലാണ് താമസം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്രാഫ്റ്റ് പഠനം ആരംഭിക്കുന്നത്. ആദ്യം കൗതുകത്തിന് വേണ്ടി പഠിച്ചത് ഇപ്പോൾ ജീവിത മാർഗ്ഗമാണ്. എംബ്രോയ്ഡറിക്ക് പുറമെ ചിത്രം വരയിലും, ജ്വല്ലറി നിർമ്മാണത്തിലും നസീറയ്ക് പ്രാവീണ്യമുണ്ട്.
നെറ്റിപ്പട്ടത്തിൻ്റെ പുതു ശോഭയുമായി നീലേശ്വരം മോനാച്ച സ്വദേശി കെ. സുരേശനും ചിത്രങ്ങളുടെ നവീന മാതൃകകളുമായി സാരഞ്ജിനി
ജയരാജനും മേളയിചുമർലെത്തിയിരുന്നു. പരിപാടി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രഡന്റ് എ. പ്രാർത്ഥന വിജയന്റെ അധ്യക്ഷതയിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എം സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഹാൻ്റി ക്രാഫ്റ്റ് അസി.ഡയറക്ടർ ഡോ.സജി പ്രഭാകരൻ, ഇൻഡസ്ട്രീസ് ഓഫീസർ കെ. വി. രമേശൻ, ഡോ. കെ.വി. സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഫോക് ലാന്റ് ചെയർമാൻ ഡോ. വി.ജയരാജൻ, രുഗ്മിണി.കെ.ജി, നീനു സുകുമാരൻ തുടങ്ങിയവർ ക്ലാസ്സെടുത്തു. സിബി മൈക്കിൾ, കാതറിൻ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.