വർണ്ണ ഭംഗിയുള്ള ബാഗുകൾ നിർമ്മിച്ച് കുടുംബശ്രീ കൂട്ടായ്മ
അലങ്കാരങ്ങളും ചിത്രപ്പണികളുള്ള മനോഹരമായ ബാഗ് നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ് കുടുംബശ്രീ കൂട്ടായ്മ. എറണാകുളം അങ്കമാലി പാറക്കടവ് പഞ്ചായത്തിൽ ഇളവൂരിൽ നിന്നുള്ള കുടുംബശ്രീ വനിതകളുടെ പുതിയ സംരംഭമാണ് ഗ്രീൻ പ്ലാനറ്റ് എന്റർപ്രൈസസ്. പ്രകൃതി സൗഹൃദമായ ബാഗുകളും അനുബന്ധ വസ്തുക്കളുമാണ് ഇവർ ഉത്പാദിപ്പിക്കുന്നത്.
വ്യത്യസ്തമായ ഈ ഉത്പന്നങ്ങൾക്ക് സരസ് മേളയിൽ പ്രിയമേറുകയാണ്. എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സരസ് മേള നടക്കുന്നത്. ഷോൾഡർ ബാഗുകൾ, ടോട്ട് ബാഗുകൾ, ഹാൻഡ് ബാഗുകൾ, വാലറ്റുകൾ, ലഞ്ച് ബാഗുകൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉത്പന്നങ്ങൾ. ജൂട്ട്, തുണി, പേപ്പർ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ബാഗുകൾ നിർമ്മിക്കുന്നത്.
ആകർഷകമായ ഡിസൈനുകൾ ബാഗുകളിൽ പ്രിന്റ് ചെയ്തു നൽകുന്നുമുണ്ട്.150 രൂപ മുതൽ 250 രൂപ വരെയാണ് ഇവരുടെ ഉത്പന്നങ്ങളുടെ വില. നിലവിൽ പ്രധാനമായും മേളകൾ വഴിയാണ് വിൽപ്പന. കുടുംബശ്രീയിലൂടെ ലഭിച്ച പരിശീലനത്തിൽ നിന്നാണ് എബി മോൾ, സുനിത പ്രദീപ്, ഷെമീറ ഷബീർ, സവിത രജീഷ്, എം.ആർ രേഖ, സെലീന പാപ്പച്ചൻ, അർച്ചന, ബീന രവി എന്നിവർ ചേർന്ന് പുതിയ സംരംഭം തുടങ്ങിയത്.
സംരംഭത്തിലേക്ക് ഇറങ്ങിയിട്ട് ആറുമാസം കഴിയുന്നതേ ഉള്ളൂ എങ്കിലും തികഞ്ഞ ആത്മവിശ്വാസമാണ് ഇവർക്കുള്ളത്. ഇതിനകം വിവിധ മേളകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എന്നാൽ സരസ് മേള പുതിയ അനുഭവമാണെന്നും മികച്ച പ്രതികരണമാണ് സന്ദർശകരിൽ നിന്ന് ലഭിക്കുന്നതെന്നും ഇവർ പറഞ്ഞു.