പോളിടെക്നിക്  വിദ്യാർത്ഥികൾ നിർമ്മിച്ച ഓട്ടോ പുറത്തിറക്കി

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവ വേദ്യമായ പഠനരീതിക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ്  വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണാത്മകമായിട്ടുള്ള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയിലാണ് നാം. പ്രായോഗിക പരിശീലനത്തിലൂടെ കാര്യശേഷിയും കർമ്മകുശലതയും മെച്ചപ്പെടുത്താൻ നമ്മുടെ വിദ്യാർഥികളെ സഹായിക്കുക,  പഠന സമ്പ്രദായങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ്  ഇൻഡസ്ട്രി ഓൺ ക്യാമ്പസ് എന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാടിന് ചേർന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു കൊണ്ട് നമ്മുടെ അടിസ്ഥാന മേഖലകളിൽ എങ്ങനെ അർത്ഥപൂർണ്ണമായ ഇടപെടലുകൾ നടത്താൻ കഴിയും എന്നതാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം ഏറ്റവും കൃത്യമായി പരീക്ഷിച്ചു  കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ സത്യഭാമ, ആർ.ആശാലത, ജെ.എസ്. സുരേഷ് കുമാർ, ജി.ഇ.സി പ്രിൻസിപ്പൽ പി.സി. രഘുരാജ്, ടി.എച്ച്.എസ് സൂപ്രണ്ട് പത്മ,  കൃഷ്ണദാസ്, ആക്സോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബ്രിജേഷ് ബാലകൃഷ്ണൻ,  കെ.എം.രവീന്ദ്രൻ, ഗഫൂർ പുതിയങ്ങാടി,  എം. പ്രദീപ്,  ആകാശ് ഉദയ് തുടങ്ങിയവർ പങ്കെടുത്തു. പോളിടെക്നിക് സ്കീം സീനിയർ ജോ.ഡയറക്ടർ എം. രാമചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ പി.കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *