പ്രകൃതിയുടെ വർണ്ണങ്ങൾ കണ്ടറിഞ്ഞ് ഷൈജു അഴീക്കോട്
Jordays desk
പ്രകൃതിയെ സ്നേഹിച്ച് കാൻവാസിലാക്കുന്ന ഷൈജു അഴീക്കോടിൻ്റെ ചിത്രങ്ങളിൽ കാലം മിന്നി മറയുന്നത് കാണാം. വേനലും വർഷവും മഞ്ഞുകാലവും ചിത്രങ്ങളിൽ തെളിയും. ജലച്ചായത്തിൽ വാഷ് ശൈലിയിലൂടെ ചെറിയ സമയം കൊണ്ട് ഷൈജു പ്രകൃതിയെ ആവാഹിക്കും. ഇങ്ങനെ അടുത്ത കാലത്ത് വരച്ച1300 ലേറെ ചിത്രങ്ങൾ
ഷൈജുവിൻ്റെ കൈയിലുണ്ട്. കണ്ണൂർ ജില്ലയിലെ അഴീക്കോടാണ് വീട്. ഞായറാഴ്ചകളിൽ സുഹൃത്തും ചിത്രകാരനുമായ സലീഷ് ചെറുപുഴക്കൊപ്പം ബൈക്കിൽ നാടുചുറ്റാനിറങ്ങും. മനോഹര ദൃശ്യം കണ്ണിൽപ്പെട്ടാൽ അവിടെയിരുന്ന് ചിത്രരചന നടത്തും. ഇതിനു വേണ്ട
സ്റ്റാൻ്റും മറ്റ് സാമഗ്രികളുമെല്ലാം ബൈക്കിൽ വെച്ചു കെട്ടിയാണ് യാത്ര. ‘വർണ്ണ സഞ്ചാരം’ എന്നു പേരിട്ട ഈ യാത്രയിലും ഒട്ടേറെ ചിത്രങ്ങൾ വരച്ചു. ജലച്ചായം, പെൻ, പെൻസിൽ എന്നിവയാണ് ഇഷ്ട മാധ്യമം.
ചിത്രകലാ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. മാസികകൾക്കു വേണ്ടി രേഖാചിത്രങ്ങൾ ചെയ്യാറുണ്ട്. പഴയ കെട്ടിടങ്ങളും ക്ഷേത്രങ്ങളും തെയ്യവും
രേഖാചിത്രങ്ങളാക്കിയിട്ടുണ്ട്. സദ്ദു അലിയൂർ, ലോഹിതാക്ഷൻ എന്നീ ചിത്രകാരന്മാരുടെ പ്രോത്സാഹനമാണ് ജലച്ചായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയത്. അഴീക്കോട് ഗവ.ഹൈസ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രിക്കു ശേഷം ടെക്സ്റ്റൈൽ ടെക്‌നോളജിയിൽ
ഡിപ്ലോമ നേടി. കണ്ണൂർ ഗീതാഞ്ജലി കോളേജ് ഓഫ് ഫൈൻ ആർട്സിലും പഠിച്ചു. ചിത്രകാരനായി പത്തു വർഷം ഗൾഫിൽ ജോലി ചെയ്തു. ഇപ്പോൾ കണ്ണൂരിൽ കൊച്ചിൻ കലാഭവൻ്റെ ശാഖയിൽ ചിത്രകലാ അധ്യാപകനാണ്. മിമിക്രിയിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ഷൈജുവിന് നാട്ടിൽ മിമിക്രി
ട്രൂപ്പും ഉണ്ടായിരുന്നു. അഴീക്കോട്ടെ പരേതനായ കെ.വി.ലക്ഷ്മണൻ്റെയും എൻ.ലീലയുടെയും മകനാണ്. ഭാര്യ: കെ.വി.ശ്രീജ. മക്കൾ: സായഷൈജു, ആദിഷ്കൃഷ്ണ.സഹോദരങ്ങൾ: സുജിത്ത് പരേതനായ രഞ്ജിത്ത്.