ഗുരുവായൂർ നടയിൽ കൃഷ്ണാനുഗ്രഹം തേടി ഗോപി ആശാൻ

ഗുരുവായൂർ ക്ഷേത്രനടയിൽ കൃഷ്ണാനുഗ്രഹം തേടി കഥകളി നടൻ കലാമണ്ഡലം ഗോപി ആശാൻ്റെ മുദ്രാഭിനയം. ഇടയ്ക്കയിൽ താളം പിടിക്കാൻ മേളപ്രമാണി പെരുവനം കുട്ടൻ മാരാർ. കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ… എന്ന ഗാനം കാവാലം ശ്രീകുമാറും കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചേർന്ന് പാടിയപ്പോൾ അതിനൊത്തായിരുന്നു ഗോപി ആശാൻ്റെ അഭിനയം. ഇതു കാണാൻ സംഗീതപ്രേമികൾ തിങ്ങിക്കൂടി. പടിഞ്ഞാറെ നടയിൽ സരിത സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിനാണ് അഞ്ച് പദ്മശ്രീ ജേതാക്കൾ ഒത്തുകൂടിയത്. 

കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചെമ്പൈ സംഗീതോത്സവം അരങ്ങേറുമ്പോഴാണ് പടിഞ്ഞാറെ നടയിൽ ചെമ്പൈയുടെ പ്രിയപ്പെട്ട കൃതിയായ “കരുണ ചെയ്വാൻ…. ” ഗോപിയാശാൻ അവതരിപ്പിച്ചത്. ഈ ഒത്തുകൂടലും കലാവിരുന്നും എല്ലാവർക്കും കൗതുകമായി. പദ്മശ്രീ ജേതാക്കളായ കലാമണ്ഡലം ഗോപി, രാമചന്ദ്ര പുലവർ, ശങ്കരനാരായണ ഗുരുക്കൾ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്നാണ് സരിത സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയത്.

ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, എന്‍.കെ.അക്ബര്‍ എം.എല്‍.എ,  ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, നടന്മാരായ ദേവൻ, സുരേഷ് കൃഷ്ണ, ഗായകരായ കൃഷ്ണചന്ദ്രൻ, പദ്മകുമാർ, മൃദംഗവിദ്വാൻ എൻ.ഹരി, സരിതസുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *