കൈവിളക്കിന്റെ വെളിച്ചത്തിൽ ഭൈരവന്റെ നടനം
ശശിധരൻ മങ്കത്തിൽ
രാത്രി വടക്കേ മുതുക്കട വീട്ടിൽ ഭൈരവൻ തെയ്യമാണ്. നാട്ടിൽ അധികം കെട്ടിയാടാത്ത തെയ്യമാണിത്. മുതുക്കടയിൽ ഈ തെയ്യം പത്തു വർഷത്തിനുശേഷം ആരോ പ്രാർത്ഥനയായി കഴിക്കുന്നതാണ്. സന്ധ്യയായതോടെ ആളുകൾ മുതുക്കട വീട്ടിലേക്ക് പോകാൻ തുടങ്ങി.
ചന്തേര രാമൻ പണിക്കരാണ് തെയ്യക്കാരൻ. തെയ്യം കെട്ടിയാൽ പണിക്കർ കസറും. മുഖത്തെഴുത്തും തിരുമുടിയും കണ്ടാൽ ദൈവം മുന്നിൽ അവതരിച്ചതു പോലെയുണ്ടാകും അതിനാൽ തെയ്യംകാണാൻ ഭക്തർ തിങ്ങിക്കൂടും. നല്ല തൊഴുത് വരവും ഉണ്ടാകും.
യോഗി മഠങ്ങളിൽ പരിപാലിച്ചു വരുന്ന ദൈവമാണ് ശിവരൂപമായ ഭൈരവൻ. മന്ത്രവാദികളുടെ പാരമ്പര്യമുള്ള വീടുകളിലും ഈ ദൈവം ആരാധനാമൂർത്തിയാണ്. മുതുക്കട കണ്ണപ്പപൊതുവാൾ
ഈ കുടുംബത്തിലെ പേരുകേട്ട മന്ത്രവാദിയാണ്. ചെറിയപള്ളിയറയ്ക്ക് മുന്നിൽ ചായ്ച്ചുണ്ടാക്കിയ വലിയ കളത്തിലാണ് തെയ്യം ചുവട് വെക്കുക. പള്ളിയറയ്ക്കരികിലെ എരിഞ്ഞിമരം പൂത്തതിനാൽ പരിസരമാകെ എരിഞ്ഞി പൂമണമാണ്. ചെറിയ പെൺകുട്ടികൾ മരത്തിന് താഴെ നിന്ന് എരിഞ്ഞിപ്പൂ പറക്കുന്നുമുണ്ട്. മാല കോർക്കാനാണിത്. രാത്രിയായതോടെ പള്ളിയറയ്ക്കു മുന്നിലെ കളത്തിനു ചുറ്റും പെട്രോമാക്സുകൾ നിരന്നു. ഉടുത്തൊരുങ്ങി വന്ന പെണ്ണുങ്ങളെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ തിളങ്ങി കാണാം. പെണ്ണുങ്ങളുടെ കൂട്ടമുള്ളതിന്റെ മറുഭാഗത്ത് ചെറുപ്പക്കാർ ഉന്തും തള്ളുമാണ്. മറ്റ് സ്ഥലങ്ങളിൽ തിരക്ക് കുറവ് ഭൈരവൻ തെയ്യമുള്ളിടത്ത് വെടിക്കെട്ട് തകർക്കും. സ്വന്തമായി വെടിമരുന്ന് കച്ചോടമുള്ള കൊക്കാനിശ്ശേരി കരുണൻ കാരണവരാണ് തെയ്യത്തിന് വെടി പൊട്ടിക്കുന്നത്.മുതുക്കട തറവാട്ടിലെ ഒരംഗമാണ് പ്രായമുള്ള കരുണൻ കാരണവർ. തന്റെ വെടിക്കെട്ട് വൈഭവം ഭൈരവന്റെ മുന്നിൽ വെച്ച് നാട്ടുകാർ കാണട്ടെ എന്നു കരുതി രണ്ടു ചാക്ക് വെടിയുമായിട്ടാണ് കാരണവർ കൊക്കാനിശ്ശേരിയിൽ നിന്ന്
വന്നിരിക്കുന്നത്.നാട്ടിൽ കിട്ടുന്ന ഓല വെടിയല്ല. കൈയിലൊതുങ്ങാത്ത ചാക്കൂനൂൽ ചുറ്റിയ വലിയ ഗുണ്ടുകളാണ് കൊണ്ടു വന്നിരിക്കുന്നത്.101 വാണവുമുണ്ട്. ബീഡി വലിച്ചുകൊണ്ട് അതിൽ നിന്നാണ് കാരണവർ വെടിക്ക് തീ പറ്റിക്കുന്നത്. ഇതൊരു കൗതുക കാഴ്ചയാണ്. ഇത് കാണാൻ ആകാംക്ഷയോടെ കുട്ടികൾ ചുറ്റും കുടി. തെയ്യത്തിന്റെ തുടക്കമറിയിച്ചു കൊണ്ട് കാരണവർ പത്ത് വാണം ആദ്യം തന്നെ തൊടുത്തുവിട്ടു. കൈപ്പാട്ടുങ്കര ഗ്രാമത്തെ നടുക്കിക്കൊണ്ട് ആ വാണം ആകാശത്ത് ചെന്ന് പൊട്ടി തെയ്യത്തിന്റെ തെടങ്ങൽ നാട്ടിലാകെ അറിയിച്ചു. രാത്രി അരക്കുപ്പി അകത്താക്കി വീട്ടിലേക്കുള്ള വഴിയന്വേഷിക്കുന്ന കരിയൻ കുഞ്ഞാമനും വൈക്കത്തെ അപ്പവും ഒരു നിമിഷം ആകാശത്തേക്ക് നോക്കി – “ആരാടാ എന്നോട് ചോദിക്കാതെ ബാണം പൊട്ടിക്ക്ന്ന്… ആകാശം നിന്റെ തറവാട്ടു വകയാ… ഇത്രയും പറഞ്ഞ് വേച്ചു വേച്ച് കുഞ്ഞാമൻ വാണം പൊട്ടുന്ന ദിശ നോക്കി മുതുക്കട വീട്ടിലേക്ക് നടന്നു. പച്ചോല കൊണ്ട് മറച്ചുകെട്ടിയ തെയ്യപ്പുരയിൽ കൈവിളക്കിന്റെ വെളിച്ചത്തിൽ മുഖത്തെഴുത്ത് കഴിഞ്ഞ രാമൻപണിക്കർ ഭൈരവനായി അണിഞ്ഞൊരുങ്ങുകയാണ്. പണിക്കരുടെ ഭാര്യ കുഞ്ഞാതയും മകൾ രുഗ്മിണിയും ഈ കാഴ്ച കണ്ട് ദൂരെ ഇരിക്കുന്നുണ്ട്. അരയോട കെട്ടിയുറപ്പിച്ചപ്പോൾ പണിക്കർ ഒരു ചെറിയ കിണ്ടി വെള്ളംകുടിച്ചു. പിന്നീട് മൂത്തവരെയെല്ലാം തൊഴുത് വണങ്ങി ഊർജം സംഭരിച്ച് കളത്തിലേക്ക് പ്രവേശിച്ചു. അപ്പോഴേക്കും കളത്തിൽ ചെണ്ടക്കാർ അണിനിരത്ത് തോറ്റംപാടി തുടങ്ങി.
“പൊലിക പൊലിക ദൈവമേ,
പൊലിക ദൈവമേ
എടുത്തു വെച്ച നാൽകാൽ മണി പീഠം,
പൊലിക ദൈവമേ “….
പീഡത്തിലിരുന്ന തെയ്യത്തിന് ഈ സമയം ചമയക്കാർ ആടയാഭരണങ്ങൾ ചാർത്തി. വെടിക്കെട്ട് തകർക്കുന്നുണ്ട്.ചെണ്ടക്കൊട്ട് മുറുകിയപ്പോൾ കളത്തിനടുത്തേക്ക് തള്ളിയെത്തിയ ഭക്തരെ വാല്യക്കാർ ഇടപെട്ട് മാറ്റി. ഇതിനിടയിൽ രണ്ട് നായ്ക്കൾ തെയ്യത്തിനടുത്തേക്ക് വന്നു. നായ്ക്കളെ ഓടിക്കാനാവില്ല.ഭൈരവന്റെ വാഹനമായി ആരാധിക്കുന്നത് നായയെയാണ്.
തെയ്യത്തിന് ത്രികോണാകൃതിയിലുള്ള തിരുമുടി വെച്ച് പൊയ്ക്കണ്ണ് ഉറപ്പിച്ചു. ഒരു കൈയിൽ കപാലവും മറുകൈയിൽ മണിയുമായി ഭൈരവൻ ചെണ്ടയുടെ താളത്തിൽ ചുവടുവെച്ചു. പിന്നീട് ഉറഞ്ഞാടി. ദൂരെ തെങ്ങിൽ കെട്ടിയ കമ്പ വെടിക്കരികിൽ നിൽക്കുകയായിരുന്ന കരുണൻ കാരണവർ ഈ സമയം ബീഡിയിൽ നിന്ന് കമ്പത്തിന് തീകൊടുത്തു. പരിസരമാകെ നടുക്കിക്കൊണ്ട് കമ്പവെടി പൊട്ടി. പലരും ചെവിയിൽ വിരൽ അമർത്തിപ്പിടിച്ചു. ഭൈരവൻ ഭക്തർക്കെല്ലാം ദർശനം നൽകി കളത്തിനു ചുറ്റും ചുവടുവെച്ചു. പിന്നീട് ഭക്തർക്കെല്ലാം കുറി നൽകി. പെണ്ണുങ്ങളും കുട്ടികളും തെയ്യത്തിന് തൊവ്വാൻ തിരക്ക് കൂട്ടി.
“ഗുണം വരണം പൈതങ്ങളെ … ഗുണം വരുത്തി കാത്ത് രക്ഷിപ്പുന്നുണ്ട് കേട്ടോ… മാറാവ്യാധി വരുത്താതെ തക്കവണ്ണം കാത്തോളാം ഞാൻ ” – തെയ്യം ഉരിയാടി ഭക്തർക്കെല്ലാം മഞ്ഞക്കുറി കൊടുത്തു. കരുണൻ കാരണവർ ബീഡിയിൽ നിന്ന് കത്തിച്ച് വാണം തൊടുത്തുവിട്ടു കൊണ്ടിരിക്കുകയാണ്.
ഇത് നോക്കി സ്ത്രീകൾ ചിരിക്കുന്നുമുണ്ട്. കുറേ നേരമായി സ്ത്രീകൾക്ക് കാഴ്ചയൊരുക്കിക്കൊണ്ട് അവർ തിങ്ങിക്കുടിയ ഭാഗത്തുനിന്നാണ് കാരണവർ വെടി പൊട്ടിക്കുന്നത്. ഹരം കയറിയ കരുണൻ കാരണവർ അവസാനത്തെ ഗുണ്ടും ചാക്കിൽ നിന്നെടുത്തു. ചുറ്റുമുള്ളവരെ ഗുണ്ട് കാണിച്ച് ബീഡിയിൽ നിന്ന് തീകൊടുത്തു. ഗുണ്ട് പൊട്ടാൻ കുറച്ച് സമയമെടുത്തു. പൊട്ടാൻ വൈകിയതിനാൽ കാരണവർ ഗുണ്ട് എറിയാനും വൈകി. “ഠേ “….. ചെകിടടപ്പിച്ചു കൊണ്ട് കൈയിൽ നിന്ന് തന്നെ വെടി പൊട്ടി ! കാരണവർ പെണ്ണുങ്ങളുടെ ഇടയിലേക്ക് തെറിച്ച് വീണു. എല്ലാവരും ചിതറിയോടി.നിലത്ത് വീണ കരുണൻ കാരണവരെ രണ്ടു പേർ ചേർന്ന് പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി. വലതു കൈപ്പടമാക്കെ പൊള്ളി ഇലയിട തുറന്നു വെച്ചതു പോലെയായിരിക്കുന്നു. കാരണവർക്ക് ആരോ ഒരു ഗ്ലാസ് വെള്ളം കൊടുത്തു.വെള്ളം കുടിച്ച് എഴുന്നേറ്റ് നിന്ന് കാരണവർ ചോദിച്ചു.” ആ ചാക്കില് എനി ഗുണ്ട് ബാക്കീണ്ടോന്ന്
നോക്ക് ” !