സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

കലോത്സവം  കേരളത്തിന്റെ അതിജീവനത്തിന്റെ ആഘോഷവേദി: മുഖ്യമന്ത്രി

കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്‌കൂൾ

കലോത്സവം ഉദ്ഘാടനം ചെ യ്യുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് ഇവിടങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ടി വാസുദേവാൻ നായരുടെ കലാസൃഷ്ടികൾക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്‌കൂൾ കലോത്സവമെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, ആന്റണി രാജു, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *