കോണ്‍ക്രീറ്റ് കട്ടിളയും ജനലും , ചെലവ് മൂന്നിലൊന്ന്
വീട് കെട്ടുമ്പോള്‍ ചെലവു ചുരുക്കാനുള്ള പ്രധാന മാര്‍ഗ്ഗം ആ പ്രദേശത്ത് കിട്ടുന്ന നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുക എന്നതാണ്. ചെങ്കല്ല് ഇഷ്ടം പോലെ കിട്ടുന്ന സ്ഥലമാണെങ്കില്‍ ചെങ്കല്ലില്‍ തന്നെ വീടു പണിയണം.

ഇഷ്ടിക എളുപ്പം കിട്ടാന്‍ വഴിയുണ്ടെങ്കില്‍ ഇഷ്ടിക കൊണ്ടുള്ള നിര്‍മ്മാണമായിരിക്കും ലാഭകരം. നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന കോണ്‍ക്രീറ്റ് കട്ടിളയും ജനലുകളും വീട് നിര്‍മ്മാണ ചെലവ് കുറക്കും. മരം കൊണ്ടുള്ള ജനലുകളും കട്ടിളകളും നിര്‍മ്മിക്കുമ്പോള്‍ പണച്ചെലവ് കൂടും. ചെലവു കുറഞ്ഞ വീട് എന്ന ആശയമുള്ളവര്‍ക്ക് അത്താണിയാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കട്ടിളയും ജനലും. ഇത് വീടുകള്‍ക്ക് ഉപയോഗിച്ച് പ്രൈമര്‍ പൂശി നല്ല പോലെ പെയിന്റു ചെയ്താല്‍ കോണ്‍ക്രീറ്റാണെന്ന് തോന്നില്ല. ഈട് നില്‍ക്കും എന്നു മാത്രമല്ല ഉറപ്പും ബലവും കുറവുണ്ടാകില്ല.

കോണ്‍ക്രീറ്റില്‍ കട്ടിളയും ജനലും നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ നാട്ടിന്‍ പുറങ്ങളില്‍ പെരുകി വരികയാണ്. മരത്തിന് വില കൂടുന്തോറും ഇതൊരു ചെറുകിട വ്യവസായമായി വളര്‍ന്നു വരികയാണ്. വീടിന് ആവശ്യമുള്ള അളവില്‍ കട്ടിളയും ജനലുകളും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. കൃത്യമായി അളവ് കൊടുത്താല്‍ ആ രൂപത്തില്‍ സാധനം കൈയില്‍ കിട്ടും.
ബേബി മെറ്റലും സിമന്റും മണലും ചേര്‍ത്ത മിശ്രിതം കട്ടിളയുടെ അളവില്‍ കെട്ടിയുണ്ടാക്കിയ കമ്പി ഉറപ്പിച്ച അച്ചിലിട്ട് വാര്‍ത്താണ് ഇവ രൂപപ്പെടുത്തുന്നത്.

നിര്‍മ്മിച്ച് രണ്ടര മണിക്കൂര്‍ കഴിഞ്ഞ് ഇത് സെറ്റാകും. അപ്പോള്‍ അച്ച് ഊരി മാറ്റും. പിന്നീട് 8-10 ദിവസം വെള്ളം നനച്ചു കഴിഞ്ഞാല്‍ ഉറപ്പുള്ള കട്ടിള റെഡി. വീട് കോണ്‍ക്രീറ്റു ചെയ്യുന്ന പോലെ അച്ചില്‍ സിമന്റ് മിശ്രീതം കുത്തിനിറച്ചാണ് കട്ടിളയും ജനലും ഉണ്ടാക്കുന്നത്. വേണ്ടത്ര വെള്ളം നനയ്ക്കുമ്പോള്‍ ഉറപ്പു കിട്ടും.

വിള്ളലുകള്‍ വരികയോ പൊട്ടിപ്പോവുകയോ ചെയ്യില്ല.
വാതില്‍ ആവശ്യമുള്ള അളവില്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ജനലുകള്‍ ഒറ്റപ്പാളി മുതല്‍ മൂന്ന് പാളി വരെയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതില്‍ വലുതും നിര്‍മ്മിക്കാറുണ്ടെന്ന് കോഴിക്കോട് ചാത്തമംഗലത്തെ റോയല്‍ കോണ്‍ക്രീറ്റ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം നടത്തുന്ന സുര്‍ജിത് പറയുന്നു.

മൂന്നുകള്ളി ജനലിന് 2800 മുതല്‍ 4800 രൂപ വരെയാണ് വില. ഗ്രില്‍ ഡിസൈന്‍ അനുസരിച്ചാണ് വില. രണ്ടു കള്ളിക്ക് 2100 മുതല്‍ 3800 രൂപവരെയാണ് വില. ഭംഗിയുള്ള ഗ്രില്ലുകള്‍ ഏതു വേണമെങ്കിലും പിടിപ്പിക്കാം. സ്റ്റീല്‍ റോഡുകള്‍ ആണെങ്കില്‍ ചെലവേറുമെന്നുമാത്രം. പെയിന്റടിച്ച് ഭംഗിയാക്കിയ ഇത്തരം ജനലുകള്‍ കാഴ്ചയില്‍ മരമാണെന്നേ തോന്നു. മൂന്നിലൊന്നു തുക ലാഭവും.
താല്പര്യമുണ്ട്