വെച്ചൂർ പശു വിവാദത്തിനൊടുവിൽ പദ്മശ്രീയുടെ തിളക്കം
ഡോ.ടി.പി.സേതുമാധവൻ
നാലു പതിറ്റാണ്ട് നീണ്ടു നിന്ന വെച്ചൂർ പശു സംരക്ഷണ പ്രൊജക്ടിന്റെ ചുക്കാൻ പിടിച്ച ഡോ. ശോശാമ്മ ഐപ്പിനെ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചത് അല്പം വൈകിയാണെങ്കിലും ഏറെ പ്രശംസനീയമാണ്. തിരിഞ്ഞു നോക്കുമ്പോൾ ഏറെ നേട്ടം കൈവരിച്ചെങ്കിലും വെച്ചൂർ സംരക്ഷണ പദ്ധതിയുടെ ആദ്യത്തെ 6-7 വർഷങ്ങളിൽ അവർക്കുണ്ടായ തിക്താനുഭവം ചില്ലറയല്ല. ശോശാമ്മ മാഡവും ഇപ്പോൾ മൃഗസംരക്ഷണ വകുപ്പിൽ പ്രവർത്തിക്കുന്ന ഡോ. അനിൽ സക്കറിയ, ജയൻ.കെ .സി, ജയൻ ജോസഫ്, വാസുദേവൻ നമ്പൂതിരി, ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളും ചേർന്നാണ് 1980- ൽ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള വെച്ചൂരിൽ പശുക്കളെ തേടിയിറങ്ങിയത്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളേജിലെ ചുരുക്കം ചില അധ്യാപകരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. പദ്ധതിയുടെ ആരംഭ ഘട്ടം തൊട്ട്
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ കാർഷിക സർവകലാശാലയിലെ അധ്യാപകരുടെ കടുത്ത എതിർപ്പുണ്ടായി. ഈ കാലയളവിൽ ബിരുദപഠനത്തിന് എൻ്റെ പ്രൊഫസറും അഡ്വൈസറുമായിരുന്നു ഡോ. ശോശാമ്മ മേഡം. വെച്ചൂർ പശുക്കളെ കണ്ടെത്തി അവയെ മണ്ണുത്തി ഫാമിൽ എത്തിച്ചതു മുതൽ വിവാദങ്ങളാരംഭിച്ചു.
കൊണ്ടുവന്ന പശുക്കൾ വെച്ചൂരല്ലെന്ന് വെച്ചൂർ പശുക്കളെ കാണാത്ത അദ്ധ്യാപകർ വാദിച്ചു. വെച്ചൂരിന്റെ സംരക്ഷണച്ചെലവുമായി ബന്ധപ്പെട്ടു സർവകലാശാല തുടർച്ചയായി തടസ്സവാദങ്ങൾ ഉന്നയിച്ചു. അദ്ധ്യാപക സംഘടനകൾ ഇതിനെ പരോക്ഷമായി പിന്തുണച്ചിരുന്നു. ഇതിനിടെ മണ്ണുത്തി ഫാമിലെ 19 പശുക്കൾ വിഷബാധയേറ്റു ചത്തിരുന്നു. ഇത് എതിർത്തവർ ചെയ്ത പ്രതികാരമാണെന്നും, അല്ലെന്നും വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതിയും, ഹൈക്കോടതിയിൽ കേസുവരെയായി. വെച്ചൂർ പദ്ധതി മേധാവിയായ ഡോ. ശോശാമ്മ അയ്‌പ്പിനെ മാറ്റാനായി സർവകലാശാല നീക്കങ്ങളാരംഭിച്ചു. എന്നാൽ നിരപരാധിയായ വെച്ചൂർ മേധാവിയെ മാറ്റേണ്ടതില്ലെന്നു ഹൈക്കോടതി വിധിച്ചു. വിവാദങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. സർവകലാശാല ഇതിനകം അന്വേഷണം പ്രഖ്യാപിച്ചു.
വെച്ചൂർ പശുവിന്റെ ജനിതക സാമ്പിൾ സ്കോട് ലാൻഡിലെ എഡിൻബറോ സർവകലാശാലയിലെ റോസ്ലിൻ ഇൻസ്റ്റിട്യൂട്ടിലേക്ക്
കടത്തിയെന്നും, പേറ്റൻറ് ലഭിച്ചെന്നും ഇതിനു പിന്നിൽ അവിടെ ഗവേഷണം നടത്തുന്ന അധ്യാപികയാണെന്നുമായിരുന്നു അടുത്ത വിവാദം. മാധ്യമങ്ങൾ ഇത് യഥേഷ്ടം എഴുതി. പരിസ്ഥിതിവാദികളും, വന്ദനാശിവായടക്കമുള്ളവരും ഇതിനെ പിന്തുണച്ചു. തുടർ അന്വേഷണത്തിൽ വെച്ചൂരിനെ എതിർക്കുന്നവരുടെ ദുഷ്പ്രചാരണമാണെന്നു തെളിഞ്ഞു. ഇങ്ങനെ പാത്തും പതുങ്ങിയും പദ്ധതിയെ എതിർത്തവരായിരുന്നു ഏറെയും. ഇതിൽ നിന്നും മനസ്സ് പതറാതെ കർഷകനന്മ ലക്ഷ്യമിട്ടു പ്രയത്നിച്ചതിന്റെ ഫലമാണ് ഇന്ന് വെച്ചൂർ പശുക്കളുടെ എണ്ണം ആറായിരത്തിലെത്താൻ കാരണം. അനിമൽ ബ്രീഡിങ് ആൻറ് ജനറ്റിക്‌സ് വിഭാഗം മേധാവിയായ ഡോ ശോശാമ്മ മാഡത്തിന് സ്വന്തം ഡിപ്പാർട്മെന്റിൽ നിന്ന് തന്നെ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട് .
നിസ്വാർത്ഥരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, കർഷകരുടെയും പിന്തുണയാണ് പദ്ധതിയെ മുന്നോട്ടു നയിച്ചത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായം പദ്ധതി
മുന്നോട്ടു പോകാൻ ഏറെ സഹായിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിലെ 14 വർഷത്തെ പ്രവൃത്തി പരിചയം, ഭർത്താവ് ഡോ. അബ്രഹാം വർക്കി സാറിന്റെ അകമഴിഞ്ഞ സഹായം എന്നിവ പദ്ധതിയെ സഹായിച്ചിട്ടുണ്ട്. ഈ കാലയളവിൽ ലോക ഭക്ഷ്യ കാർഷിക സംഘടന, യുണൈറ്റഡ് നേഷൻസ് എന്നിവയുടെ അംഗീകാരം നേടാൻ പദ്ധതിക്ക് കഴിഞ്ഞു. വെച്ചൂരുമായി ബന്ധപ്പെട്ടു കേരളത്തിലങ്ങോളം വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിൽ ശോശാമ്മ മാഡവും, വർക്കി സാറും നിരന്തരമായി പങ്കെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം കാസർകോട് കുള്ളൻ, വടകര, ഹൈറേഞ്ച് കുറിയ ഇനം പശുക്കളുടെ പരിരക്ഷയിലും ആനിമൽ ബ്രീഡിങ് ആൻ്റ് ജനറ്റിക്‌സ് ഉന്നത പഠനകേന്ദ്രം മേധാവിയായ ഡോ. ശോശാമ്മ ഐയ്പ്പിന്റെ നേതൃത്വത്തിൽ പദ്ധതിയാരംഭിച്ചിരുന്നു.
നിരവധി ഗവേഷണ പ്രവർത്തനങ്ങൾ വെച്ചൂർ പശുക്കളിൽ നടന്നിട്ടുണ്ട്. ഗവേഷണ ഫലങ്ങൾ അന്തർദേശീയ ജേ ർണലുകളിൽ പ്രസദ്ധീകരിച്ചിട്ടുണ്ട്. അടിത്തയിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ‘വെച്ചൂർ പശു പുനർജന്മം’ എന്ന പുസ്തകത്തിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ലഭിക്കും. പത്തനംതിട്ട
നിരണം സ്വദേശിനിയായ അവർ ഇപ്പോൾ മണ്ണുത്തി ഇന്ദിരാ നഗറിലാണ് താമസിക്കുന്നത്. വിവാദങ്ങളെ അതിജീവിച്ചുള്ള വെച്ചൂർ പശു സംരക്ഷണ പദ്ധതി ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്. ശോശാമ്മ മാഡത്തിന്റെ അതിജീവനത്തിന്റെ പാഠം ഇന്ത്യൻ ശാസ്ത്രസമൂഹവും പരിസ്ഥിതിവാദികളും സുസ്ഥിര വികസന വാദികളും നയരൂപീകരണ രംഗത്ത് പ്രവർത്തിക്കുന്നവരും ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. (ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ്‌ഡിസ്‌സിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ് )