കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സാമ്പത്തിക സഹായം
ഡോ. ടി. പി. സേതുമാധവൻ
കാർഷിക സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ഇതിനായി നബാർഡുമായിചേര്ന്ന് ബ്ലെൻഡഡ് ഫണ്ട് ലഭ്യമാക്കും. നിലവിലുള്ള പി.എം കിസാൻ വികാസ് നിധി, ആത്മനിർഭർ പാക്കേജിൽ ഉൾപ്പെട്ട കാർഷിക- മൃഗസംരക്ഷണ ഭൗതിക വികസന ഫണ്ടുകൾ, രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കന്നുകാലി മിഷൻ, ഹോർട്ടികൾച്ചർ വികസനം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ പദ്ധതികൾ തുടരും.
ചെറുധാന്യങ്ങളുടെ ഉപഭോഗം, മൂല്യവർധിത ഉല്പന്ന നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കാനും കാർഷിക സർവകലാശാലകളുടെ സിലബസ്സിൽ നാച്ചുറൽ, ഓർഗാനിക് ഫാർമിംഗ്, ചെലവില്ലാ കൃഷി എന്നിവ ഉൾപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളുണ്ട്. റെയിൽവേയുമായി ചേർന്ന് കാർഷിക വിപണനം പ്രോത്സാഹിപ്പിക്കും. ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കാർഷികാവശിഷ്ടങ്ങൾ ഊർജ്ജസ്രോതസ്സും എത്തനോളുമാക്കി മാറ്റുമെന്നും ബജറ്റിൽ പരാമർശങ്ങളുണ്ട്.
കാർഷിക മേഖലയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന നിർദ്ദേശങ്ങൾ ബജറ്റിൽ കുറവാണ്. കർഷകന്റെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന 2015-16 ലെ പ്രഖ്യാപനത്തെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല. സമരം പിൻവലിച്ച കർഷകർക്ക് പ്രത്യേക പാക്കേജോന്നും ബജറ്റിലില്ല. നെല്ലിനും ഗോതമ്പിനും ഉയർന്ന തുക സംഭരണത്തിനായി നീക്കിവെച്ചിട്ടുണ്ട്. കാർഷികോല്പന്നങ്ങൾക്ക് പി പി പി (പൊതു-സ്വകാര്യ പങ്കാളിത്തം) അടിസ്ഥാനത്തിൽ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് ഡിജിറ്റൽ വിജ്ഞാനവ്യാപന വിപണന ശൃംഖല പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികമേഖലയിൽ ടെക്നോളജികൾ, കൂടുതലായി ഉൽപ്പാദനം, പരിചരണം, വിപണനം എന്നിവ പ്രവർത്തികമാക്കുവാനും, ചെലവില്ലാ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്.
(ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ് ഡിസ്സിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ് )