ടിഷ്യൂകൾച്ചർ വാഴ തൈകൾ വിതരണത്തിന് തയ്യാറാകുന്നു
മികച്ചയിനം വാഴ തൈകൾ കോഴിക്കോട് പേരാമ്പ്രയിലെ സ്‌റ്റേറ്റ് സീഡ് ഫാമിൽ തയ്യാറാവുന്നു. കഴക്കൂട്ടം ബയോ ടെക്നോളജി ആന്റ് മോഡൽ ഫ്ലോറികൾച്ചർ സെൻ്ററിൽ നിന്ന് എത്തിച്ച മൂന്നാമത്തെ ബാച്ച് ടിഷ്യൂകൾച്ചർ വാഴ തൈകളാണിവ. വാഴതൈകൾ ഇവിടെ ജീവനക്കാർ പരിപാലിച്ച് വളർത്തിക്കൊണ്ടുവരികയാണ്.
പേരാമ്പ്ര ഫാമിലെ തൊഴിലാളികൾ ടിഷ്യൂകൾച്ചർ വാഴ തൈകൾ മാറ്റി നട്ട് പുഷ്ടിപ്പെടുത്തുന്ന ഹാർഡനിംഗ് യൂണിറ്റ് പ്രവർത്തനത്തിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇത്തവണ സാധാരണ നേന്ത്രൻ, മഞ്ചേരി നേന്ത്രൻ, സ്വർണ്ണമുഖി എന്നിങ്ങനെയുള്ള ഇനങ്ങളിലായി 15000 ചെറുതൈകളാണ് എത്തിച്ചത്. ഒന്നര മാസത്തിനുള്ളിൽ കർഷകർക്ക് വിതരണം ചെയ്യാനാവുമെന്ന് സീഡ് ഫാമിന്റെ ചുമതല വഹിക്കുന്ന കൃഷി അസി.ഡയരക്ടർ പി.പ്രകാശ് പറഞ്ഞു.