ചെല്ലാനം പാടശേഖരത്തില്‍ വീണ്ടും കൊയ്ത്തിന്റെ ആരവം

ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ചെല്ലാനം മറുവക്കാട് പാടശേഖരത്തില്‍ കൊയ്ത്തിന്റെ ആരവമുയരുന്നു.100 ഏക്കര്‍ സ്ഥലത്താണ് പഞ്ചായത്തില്‍ ഇത്തവണ പൊക്കാളി നെല്‍ കൃഷി ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കാര്‍ഷിക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റയും നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പാടശേഖരത്തില്‍ പൊക്കാളി വിത്ത് വിതച്ചത്. നൂറോളം കര്‍ഷകര്‍ കൃഷിയുടെ ഭാഗമായി. പാടശേഖരത്തിലെ കൊയ്ത്തുത്സവം ഒക്ടോബര്‍ 22 രാവിലെ എട്ടിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 

ചെല്ലാനം മേഖലയിലെ ഓരുവെള്ള ഭീഷണിക്കു പരിഹാരം എന്ന നിലയില്‍ പൊക്കാളി പാടശേഖരങ്ങളില്‍ കൃഷി പുന:രാരംഭിക്കണമെന്നും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതി നിരീക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വര്‍ഷങ്ങളായി കൃഷി നടക്കാതിരുന്ന സ്ഥലങ്ങളില്‍ അടിസ്ഥാന വികസനം ഉള്‍പ്പടെ ഉറപ്പാക്കിയാണ് ഈ വര്‍ഷം കൃഷി ആരംഭിച്ചത്.

ഒരു മീനും ഒരു നെല്ലും എന്ന രീതിയിലാണ്‌ പൊക്കാളി പാടങ്ങളില്‍ കൃഷി നടത്തുന്നത്. ആറു മാസം മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്ന സ്ഥലം വെള്ളം വറ്റിച്ച ശേഷം നെല്‍കൃഷിക്ക് ഉപയോഗിക്കുകയാണു ചെയ്യുന്നത്. നെല്‍കൃഷി ലാഭകരമല്ലെന്ന കാരണം പറഞ്ഞ്‌ മത്സ്യക്കൃഷി മാത്രമാണു നടന്നിരുന്നത്. ഇത് ഓരു വെള്ളം കൂടുതല്‍ കയറുന്നതിനു കാരണമായി. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രദേശത്ത്‌ വീണ്ടും നെല്‍കൃഷി ആരംഭിച്ചത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ചെല്ലാനം ഗ്രാമപഞ്ചായത്ത്, മൈനര്‍ ഇറിഗേഷന്‍, പോലീസ് തുടങ്ങിയവരുടെ എല്ലാ സഹകരണവും കൃഷിക്ക് ഉറപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *