കാർഷിക വിളകളുടെ മൂല്യവർദ്ധന മാത്രം പരിഹാരം – മുഹമ്മദ് ഹനീഷ്

ആഗോളവ്യാപാര രംഗത്ത് പിന്നാക്കമാകാതിരിക്കുവാൻ കാർഷിക വിളകളുടെ മൂല്യവർദ്ധനയിലൂടെ മാത്രമെ കഴിയുവെന്ന് സംസ്ഥാന വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു. എറണാകുളം ബോൾഗാട്ടി പാലസിൽ തോട്ടവിള സിംപോസിയത്തിൽ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അങ്ങനെ വരുമാനം വർദ്ധിച്ചെങ്കിലേ ദേശിയ ജി ഡി പി വർദ്ധിച്ച് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനാകൂ – അദ്ദേഹം പറഞ്ഞു. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ അതീവ ജാഗ്രതപുലർത്തിയില്ലെങ്കിൽ കൃഷിയുടെ ഭാവി അപകടത്തിലാകുമെന്ന് കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മുൻ ഡയറക്റ്റർ ഡോ. ജോർജ്ജ് വി. തോമസ് വിശദീകരിച്ചു. അതിനാലാണ് ഐക്യരാഷ്ട്ര സഭ 2021 മുതൽ 2030 വരെ മണ്ണിനെയും പരിസ്ഥിതിയെയും വീണ്ടെടുക്കുന്നതിനായുള്ള ദശകമായി ആചരിക്കുവാൻ തീരുമാനിച്ചത്. ഇരുപത്തിനാലാമത്‌
തോട്ടവിള സിംപോസിയത്തിന്റെ രണ്ടാംദിവസം മണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിച്ച് തോട്ടവിളകളിലെ സുസ്ഥിര ഉൽപ്പാദനം നിലനിർത്തുന്നതിലെ പുത്തൻ പ്രവണതകളും മോഡലുകളും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണ് ഉഴുത് മറിക്കുന്നതിന്റെ തീവ്രത കുറയ്ക്കുകയും പൂർണ്ണമായും ഇല്ലാതാക്കിയും, കന്നുകാലി വളർത്തൽ ഊർജ്ജസ്വലമാക്കിയും,മണ്ണിന് ദോഷം വരുത്തുന്ന രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് ഇല്ലാതാക്കിയും മാത്രമേ പരിസ്ഥിതിയെ വീണ്ടെടുക്കുവാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പിത്തോട്ടങ്ങളിൽ ഡ്രിപ്പ്ഫെർറ്റിലൈസേഷൻ സംവിധാനമാണ് വിളവിന് നല്ലതെന്നും അതിലൂടെ 15-20 ശതമാനം ജലം സംരക്ഷിക്കുവാനും 25-30 ശതമാനം വരെ ഉൽപ്പാദന വർദ്ധനവും സാദ്ധ്യമാകുമെന്ന് അഗ്രോണമിസ്റ്റ് ഡോ. മോട്ടെ കിഷോര്‍ പറഞ്ഞു.
കാപ്പിയുടെ ഉൽപ്പാദന ദേശിയ ശരാശരി ഹെക്റ്ററിന് ഭാരതത്തിൽ 600 കിലോഗ്രാമാണെന്നും, ഇന്ത്യൻ കാപ്പിക്കൃഷിയിലെ നൂതനസാങ്കേതിക വിദ്യയാണ് അതി സാന്ദ്രതാ കൃഷി ( ഹൈഡൻസിറ്റി പ്ളാന്റിംഗ്) എന്നും കമ്പ് കോതൽ കാപ്പിയിലെ വിളവ് വർദ്ധിപ്പിക്കുന്നതായും ഡോ. നാഗരാജ് ഗോക്കവി പറഞ്ഞു. പൂക്കാലത്തെ മഞ്ഞ് വീഴ്ച്ചയും മഴയും കശുവണ്ടിയുടെ വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഡോ. വികാസ്  രാമതെക്കും വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *