നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കൃഷിയിറക്കി അങ്കമാലി നഗരസഭ
മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള രാസ ജലത്തിൻ്റെ ഒഴുക്ക് മൂലം കൃഷി ചെയ്യാതെ കൈയൊഴിഞ്ഞ ഭൂമിയാണിത്. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു.
ചമ്പന്നൂര്‍ വ്യവസായ മേഖലയില്‍ നിന്ന് നാളുകളായി ഒഴുകിക്കൊണ്ടിരുന്ന മലിനജലം മൂലം ഈ പ്രദേശം കൃഷിക്ക് അനുയോജ്യമല്ലാതായി മാറിയിരുന്നു. നഗരസഭയുടെയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയും ശ്രമഫലമായി ഇവിടേക്കുള്ള മലിനജലത്തിന്‍റെ ഒഴുക്ക് ഇല്ലാതാക്കി കൃഷിയോഗ്യമാക്കി മാറ്റിയതിനുശേഷമാണ് കൃഷി ഇറക്കുന്നത്.
സംസ്ഥാന കൃഷി വകുപ്പിന്റെയും ചമ്പന്നൂർ പാടശേഖര സമിതിയുടെയും സഹകരണത്തോടെ കുട്ടനാട്ടിലെ കർഷകസംഘവുമായി ഉണ്ടാക്കിയ പാട്ടക്കരാറനുസരിച്ചാണ് കൃഷി ഇറക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ്ചെയര്‍ പേഴ്സണ്‍ റീത്ത പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി മാര്‍ട്ടിന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബാസ്റ്റിന്‍ ഡി.പാറയ്ക്കല്‍, ലിസി പോളി, ലക്സി ജോയി, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ്, കൃഷി ഓഫീസര്‍ ഓമനക്കുട്ടന്‍ തുടങ്ങിയവർ പങ്കെടുത്തു.