ഓണ പൂകൃഷിയിൽ സംസ്ഥാന തലത്തിൽ തൃശ്ശൂർ ഒന്നാമത്

ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി പൂക്കൾ വിളയിച്ച് തൃശ്ശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കരസ്ഥമാക്കിയത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. ജില്ലയിൽ 16 ബ്ലോക്കുകളിലായി 100 ജെ.എൽ.ജി ഗ്രൂപ്പുകൾ 186.35 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിചെയ്ത് ഓണത്തിന് വിളവെടുത്തത്.

പൂകൃഷിയിൽ 102492.5 കിലോ ഉത്പാദനം ലഭിച്ചു. നല്ല വരുമാനവും കിട്ടി. ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് നാലര ഏക്കറിൽ പൂകൃഷി ചെയ്ത വെള്ളാങ്കല്ലൂർ ബ്ലോക്കിലെ പടിയൂർ സി.ഡി.എസ്സിൽ പുലരി ജെ.എൽ.ജി ആണ്. ഇതര സംസ്ഥാനങ്ങളിലെ പൂക്കളെയായിരുന്നു കഴിഞ്ഞ ഓണക്കാലത്ത് അത്തപ്പൂക്കളം ഒരുക്കാൻ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്.

ഇത്തവണ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ പൂക്കൾ കുടുംബശ്രീ ചന്തകളിലും പ്രാദേശിക വിപണികളിലും ഇടം പിടിക്കുകയും കൃഷിസ്ഥലങ്ങളിൽ നേരിട്ട് പൂവ് വിപണനം നടത്തുകയും ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അടുത്ത വർഷം പൂകൃഷി കൂടുതൽ ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *