കുട്ടനാട്ടിലെ കുളവാഴ പ്രദേശങ്ങൾ സന്ദർശിച്ച് ഒഡീഷ സംഘം

ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കുളവാഴ ബാധിത പ്രദേശങ്ങൾ ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അന്താരാഷ്ട്രകൃഷി ഗവേഷണ കേന്ദ്രത്തിലെ ശാത്രജ്ഞനായ ഡോ. അവിരാജ് ദത്തയുടെ നേത്യത്വത്തിലാണ് ത്രിദിന സന്ദർശനത്തിന് എത്തിയത്.

വിദഗ്ദ സംഘം കൃഷി മന്ത്രി പി. പ്രസാദുമായും ജില്ലാ കളക്ടർ അലക്സ് വർഗീസുമായും കൂടിക്കാഴ്ച നടത്തി അവരുടെ പഠനങ്ങൾ വിശദീകരിച്ചു. കുട്ടനാട്ടിലെ കുളവാഴ ഉപയോഗത്തിലൂടെ നിയന്ത്രിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. കായൽ സംരക്ഷണത്തിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരിക്കുന്ന പ്രവർത്തികളുമായി സഹകരിക്കാൻ സംഘം സന്നദ്ധത പ്രകടിപ്പിച്ചു.

ഒഡീഷയിൽ കർഷകർ ഉൽപ്പാദിപ്പിച്ച കുളവാഴയിൽ നിന്നുള്ള ജൈവ വളം  മന്ത്രിക്കും കളക്ടർക്കും സമ്മാനിച്ചു. സന്ദർശനത്തിൻ്റെ ഭാഗമായി വിദഗ്ദ സംഘം കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥൻ സ്മാരക നെല്ല് ഗവേഷണ കേന്ദ്രം, കുളവാഴ ബാധിത പ്രദേശങ്ങൾ തുടങ്ങിയവ സന്ദർശിച്ച് ഉദ്യോഗസ്ഥരും കർഷകരുമായി ചർച്ച നടത്തി.

കുളവാഴ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുവാനുള്ള മാർഗ്ഗങ്ങൾ വിലയിരുത്തി.ഡോ. കെ.ജി. പദ്മകുമാർ, ഡോ. സുരേന്ദ്രൻ, പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.