കർഷകരെ ചേർത്തു പിടിക്കണം; സഹായങ്ങൾ വേണം
ലീന കെ. ടി
തങ്ങളുടെ ഗുണഭോക്താക്കളെയൊ കക്ഷികളെയൊ അംഗീകരിക്കാനും ആദരിക്കാനുമായി ഒരു ദിവസം മാറ്റിവെക്കുന്ന മറ്റേതെങ്കിലും വകുപ്പുണ്ടോ എന്ന് അറിയില്ല. കർഷകരെ ആദരിക്കുന്ന ആ ദിവസമാണ് ഇന്ന് -ചിങ്ങം ഒന്ന്. കർഷക ദിനം.
എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആരോപണങ്ങൾ ഉന്നയിച്ചാലും ചില ചരിത്ര സത്യങ്ങൾ അംഗീകരിച്ചേ മതിയാകു.
75വർഷങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യത്ത് ഇന്നുള്ളതിന്റെ നാലിരട്ടി കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശം ഉണ്ടായിരുന്നിട്ടും, ജനസംഖ്യ ഇന്നുള്ളതിന്റെ പകുതിപോലും ഇല്ലാതിരുന്നിട്ടും, നമ്മൾ ഭക്ഷ്യ ക്ഷാമം രൂക്ഷമായി നേരിട്ടിരുന്നു.
കർഷകരുടെ അനുപാതം ഇന്നുള്ളതിന്റെ ഇരട്ടി ഉണ്ടായിരുന്നുതാനും. ശരിയാം വണ്ണം ഭക്ഷണം ലഭിക്കാത്ത ജനങ്ങളുടെ ആരോഗ്യസ്ഥിതി പറയേണ്ടതില്ലല്ലോ. പകർച്ചവ്യാധിയുടെ ദുരന്തവും കൂട്ടത്തിൽ അനുഭവിക്കേണ്ടിവന്നു. എന്നാൽ ഇന്ന് രാജ്യം ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തമാണ്. മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നുമുണ്ട്.
135 കോടി ജനങ്ങൾക്കുള്ള കരുതൽ ശേഖരം ഉറപ്പ് വരുത്തിയിട്ടാണ് ഈ കയറ്റുമതി എന്നും ഓർക്കണം. എന്തു കൊണ്ട് ഇത് സാധ്യമാവുന്നു ? കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുടെ പരീക്ഷണവും വികസനവും കൊണ്ടു തന്നെയാണിത്. ഇവ യഥാസമയം കർഷകരിലേക്ക് എത്തിക്കുന്നതിനും അത് യഥാവിധി
കർഷകർ നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്താനും ഇന്ന് സംവിധാനങ്ങൾ നിലവിലുണ്ട്. കർഷകർ എന്ന സമൂഹം തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും ഒരു ചാൺ വയറിനെ തൃപ്തിപ്പെടുത്തുന്നത്. പിന്നെ അവരെയല്ലാതെ മറ്റാരെയാണ് നാം അംഗീകരിക്കേണ്ടത്, ആദരിക്കേണ്ടത്?
ഭക്ഷണം വിശപ്പടക്കുന്ന ഒരു വസ്തുവായി മാത്രം കാണാതിരിക്കുക. അത് ആരോഗ്യം നിലനിർത്താൻ കൂടി ഉള്ളതാണ്. ഭക്ഷണത്തെ ഔഷധമായാണ് ഭാരതീയർ കാണുന്നത്. ആയതിനാൽ തന്നെ ഭക്ഷണം കലർപ്പില്ലാതെ നൽകണം. മായം കലർത്തുന്നവർക്കു കടുത്ത ശിക്ഷ തന്നെ കൊടുക്കണം. നല്ലൊരു ഭക്ഷ്യ സംസ്കാരം ഇവിടെ ഉണ്ടാകുമെന്ന് ഈ കർഷകദിനത്തിൽ നമുക്ക് ആശിക്കാം.
32 വർഷത്തോളം സേവന മേഖലയിൽ ഉണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കട്ടെ. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി അനുദിനം കുറഞ്ഞു വരുന്നു. ഈ അവസരത്തിൽ ഭൂവിനിയോഗത്തിൽ കർശനമായ നിയന്ത്രണം പാലിക്കപ്പെടുക തന്നെ വേണം.
ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിൽ കേരളത്തിന് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പറ്റില്ല. എന്നാൽ പച്ചക്കറി ഉത്പാദനത്തിന്റെ കാര്യത്തിൽ നല്ലൊരു മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 2012 മുതൽ സർക്കാർ നിരന്തരം ഇടപെട്ടു നേടിയ നേട്ടമാണിത്. ഇന്ന് പരമ്പരാഗത കർഷകർ അല്ലാത്തവർ പോലും എന്റെ വീട്ടുമുറ്റത്തു ഉൽപാദിപ്പിച്ച പച്ചക്കറിയാണ് ഞാൻ ഉപയോഗിക്കുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുടെ വരവോടെ നാണ്യ, സുഗന്ധവിളമേഖലകളിലും ഉണർവ് കൈവരിച്ചു. ധനസഹായങ്ങൾ എല്ലാ ജില്ലകൾക്കും വീതം വെച്ച് നൽകുന്നതിനു പകരം പദ്ധതികൾ ലൊക്കേഷൻ സ്പെസിഫിക് ആക്കുക. പ്രധാനമായും മൂന്ന് തരം മണ്ണുകളാൽ സമ്പുഷ്ടമാണ് കേരളം.
മുൻ കാലങ്ങളിൽ നെൽ കൃഷിക്ക് ശേഷം, എള്ള്, നിലക്കടല, പയർ എന്നിവ വിള വെടുത്തിരുന്നു. പൊതുവെ വടക്കൻ ജില്ലകളിൽ ഇങ്ങനെയൊരു ശീലം ഉണ്ടായിരുന്നു. പാലക്കാടിന്റെ കരിമണ്ണ് കരിമ്പു കൃഷിക്ക് അനുയോജ്യം. അട്ടപ്പാടി മില്ലെറ്റ് കൃഷിക്കും. വയനാട് സുഗന്ധ നെൽകൃഷിക്കു പേരുകേട്ടതാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖല ശീതകാലപച്ചക്കറികൾക്ക് അനുയോജ്യം. ഇതെല്ലാം തിരികെ കൊണ്ടുവന്നാൽ തീർച്ചയായും കർഷകന്റെ വരുമാനം ഉയർത്താൻ സാധിക്കും.
ഇതിനു കൃഷിവകുപ്പിന് മാത്രമായി എല്ലാം ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല. അട്ടപ്പാടിയിലെ പ്രധാന പ്രശ്നം ജലക്ഷാമമാണ്. മണ്ണ് സംരക്ഷണ, വൈദ്യുതി, ജലസേചന വകുപ്പുകളെ കൂടി ചേർത്ത് മുൻകൂട്ടി ആസൂത്രണം ചെയ്തു വേണം പദ്ധതികൾ നടപ്പിൽ വരുത്താൻ. എന്നാൽ കേരളത്തിലെ കാർഷിക മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. (സംസ്ഥാന കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയരക്ടറാണ് ലേഖിക. )
വളരെ ചുരുങ്ങിയ വാക്കുകളിൽ ആശയ സമ്പുഷ്ടമായ കാമ്പുള്ള ഒരു ലേഖനം. ഈയടുത്ത കാലത്തൊന്നും കാർഷിക മേഖലയിൽ ഇത്ര നല്ലൊരു ചിന്തനം കണ്ടിട്ടില്ലാ.
Good suggestions onky the integration of vatious department s for implimenting the location specific projects is still not become active