മണ്ണില്ലാതെ തീറ്റപ്പുല്ല് ; ഹൈട്രോപോണിക്ക് യന്ത്രത്തിന് പ്രിയമേറുന്നു.
മണ്ണും സൂര്യപ്രകാശവുമില്ലാതെ കന്നുകാലികളുടെ തീറ്റപ്പുല്ല് വളർത്തുന്ന ഹൈട്രോപോണിക് യന്ത്രത്തിന് പ്രിയമേറുന്നു. തീറ്റപ്പുല്ല് കൃഷി ചെയ്യാനുള്ള ചെലവ് കൂടുന്ന സാഹചര്യത്തിലാണിത്.
ഹൈടെക് രീതിയിൽ പശുക്കളെ വളർത്തുന്ന ഫാമുകളിലാണ് തുടക്കത്തിൽ ഈ യന്ത്രം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ ചെറിയ ഫാം നടത്തുന്ന കർഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. അതു കൊണ്ടു തന്നെ 15000 രൂപ മുതലുള്ള യന്ത്രങ്ങൾ
വിപണിയിലെത്തുന്നുണ്ട്. അടച്ചിടാവുന്ന വലിയ കാബിനിൽ ഒരുക്കിയ തട്ടുകളിൽ നിരത്തിയ ട്രേകളിലാണ് വിത്തുകൾ മുളപ്പിച്ച് തീറ്റപ്പുൽ വളർത്തുന്നത്. നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്ത വിത്ത് ട്രേയിൽ നിരത്തുകയാണ് ചെയ്യുക. ഗ്രീൻ ഹൗസ് സംവിധാനത്തിൽ ഏഴു ദിവസം കൊണ്ട് 20-25 സെൻ്റീമീറ്റർ ഉയരത്തിൽ പുല്ല് വളരും. ചോളം ഗോതമ്പ്, ബാർലി എന്നിവയാണ് തീറ്റപ്പുല്ല് വളർത്താനായി ഉപയോഗിക്കുന്നത്. ചെറിയ കാബിൻ മുതൽ 15 അടി വരെ നീളമുള്ള കാബിനുകൾ വിപണിയിലുണ്ട്. ഇതിനകത്ത് സൂര്യപ്രകാശം കടക്കാതെ
പ്രത്യേക ഊഷ്മാവ് സജ്ജീകരിച്ച് വെള്ളം വിത്തിൽ സ്പ്രേ ചെയ്താണ് മുളപ്പിക്കുന്നത്. ഓരോ മണിക്കൂറിലും അകത്തെ സ്പ്രിംഗ്ളർ 15 സെക്കൻ്റ് നേരം വെള്ളം വിത്ത് നിരത്തിയ ഓരോ ട്രേയിലും സ്പ്രേ ചെയ്യും. ഇങ്ങിനെ ഒരാഴ്ച കഴിയുമ്പോൾ പുല്ലു വളർന്ന് മാറ്റിൻ്റെ രൂപത്തിലാക്കും. ഫോഡർമാറ്റ്, ഫോഡർ ബിസ്ക്കറ്റ് എന്നീ പേരുകളിലറിയപ്പെടുന്ന തീറ്റപ്പുല്ലിൻ്റെ അട്ടി ട്രേയിൽ നിന്ന് ഇളക്കിയെടുത്ത് കന്നുകാലികൾക്ക് കൊടുക്കാം. ഈ പുല്ലിൽ പോഷകാംശം കൂടുതലുള്ളതിനാൽ പാൽ
കൂടുതൽ കിട്ടുന്നതായി കർഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഒരു കിലോ വിത്തിൽ നിന്ന് ഏഴ് കിലോ വരെ പുല്ല് ഉല്പാദിപ്പിക്കാൻ കഴിയും. ഗ്രാമങ്ങളിൽ കർഷകർ മുളയും മറ്റും ഉപയോഗിച്ച് തട്ടകളുണ്ടാക്കി സൂര്യപ്രകാശം കടക്കാത്ത ഷീറ്റു പൊതിഞ്ഞ് ഇത്തരം ഗ്രീൻ ഹൗസ് സ്വന്തമായി നിർമ്മിക്കാനും തുടങ്ങിയിട്ടുണ്ട്. ടാങ്കിൽ വെള്ളം നിറച്ച് പ്രത്യേക പമ്പ് ഉപയോഗിച്ച് സ്പ്രിംഗ്ളർ സംവിധാനം ഉണ്ടാക്കിയാണ് നനയ്ക്കുന്നത്.