രാമഞ്ചിറ പാടശേഖര തോടുകള്‍ക്ക് കയർ ഭൂവസ്ത്ര കവചം
രാമഞ്ചിറ പാടശേഖരത്തിലെ തോടുകൾക്ക് കയര്‍ ഭൂവസ്ത്ര കവചത്തിന്റെ കരുത്ത്. മഴയിൽ തോടിന്റെ വശങ്ങൾ ഇനി ഇടിഞ്ഞു താഴില്ല. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലെ മുതുവന്നൂര്‍ രാമഞ്ചിറ പാടശേഖരത്തിലെ തോടുകളും രണ്ടാം വാര്‍ഡിലെ മക്കാട്ടില്‍ തോടുമാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്.
ജലശക്തി അഭിയാന്‍ ‘ക്യാച്ച് ദി റെയിന്‍ 2023’ ന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സംഘവും പുഴക്കല്‍ ബ്ലോക്കിലെ രാമഞ്ചിറയിലെ തോടുകള്‍ സന്ദര്‍ശിച്ചിരുന്നു. മഴക്കാലങ്ങളില്‍ കൂടുതല്‍ വെള്ളം തോടുകളിലൂടെ പോകുമ്പോള്‍ വശങ്ങളിലെ ഭിത്തികള്‍ പൊട്ടി പാടങ്ങളിലേക്ക് വെള്ളം കയറി കൃഷിക്ക് കേടുപാടുകള്‍ സംഭവിക്കാറുണ്ട്.
തോടുകളിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മണ്ണ് കൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി പാര്‍ശ്വഭിത്തികള്‍ വീതിയും ഉയരവും കൂട്ടി. ഇതിനു മുകളിൽ കയര്‍ ഭൂവസ്ത്രം പുതപ്പിച്ചതോടെ പുതുജീവന്‍ വന്നിരിക്കുകയാണ് തോടുകൾക്ക്. തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ പ്രവൃത്തി ചെയ്തത്. മുതുവന്നൂര്‍ രാമഞ്ചിറ പാടശേഖര ജലസേചന തോട് 300 മീറ്റര്‍ നീളത്തില്‍ 3.41 ലക്ഷം രൂപ ചെലവില്‍ 1500 ചതുരശ്ര മീറ്റര്‍
കയര്‍ ഭൂവസ്ത്രം വിരിച്ചാണ് പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തിയത്.
മക്കാട്ടില്‍ തോട് പുനരുദ്ധാരണത്തിനായി 4.69 ലക്ഷം രൂപ ചെലവിൽ 500 മീറ്റര്‍ നീളത്തില്‍ 1600 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രവും വിരിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള 15 പാടശേഖരങ്ങളും കോള്‍പ്പാടങ്ങളോട് അടുത്തു കിടക്കുന്നതിനാല്‍ കൂടുതല്‍ ജലസംഭരണ ശേഷിയുള്ളവയാണ്.