കുട്ടംപേരൂര്‍ ആറിൽ വളപ്പ് മത്സ്യകൃഷിക്ക് തുടക്കമായി
കുട്ടംപേരൂർ ആറിൽ മത്സ്യകൃഷിയൊരുങ്ങുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗമാകുകയാണ് പുനരുജ്ജീവിപ്പിച്ച ആലപ്പുഴ കുട്ടംപേരൂര്‍ ആറിലെ വളപ്പ് മത്സ്യകൃഷി. ആറിന്റെ ഇരുകരകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും അതുവഴി വരുമാനവുമാണ് വളപ്പ് കൃഷി കൊണ്ടുവരുന്നത്.
ബുധനൂര്‍ പഞ്ചായത്ത് കുട്ടംപേരൂര്‍ ആറിലെ ഉളുന്തി പാലം മുതല്‍ തൂമ്പിനാല്‍ കടവ് പാലം വരെയുള്ള അനുയോജ്യമായ ഏഴ് കേന്ദ്രങ്ങള്‍ കണ്ടെത്തിയാണ് ഫിഷറീസ് വകുപ്പും ബുധനൂര്‍ ഗ്രാമപഞ്ചായത്തും വളപ്പുകളില്‍ മത്സ്യകൃഷി നടപ്പാക്കുന്നത്.
20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള വളപ്പുകളാണ് മത്സ്യകൃഷിക്കായി തയ്യാറാക്കിയത്. 2500 കരിമീന്‍ മത്സ്യ കുഞ്ഞുങ്ങളെയാണ് ഓരോ യൂണിറ്റ് വളപ്പിലും നിക്ഷേപിക്കുക. പള്ളിക്കടവ്, ആലപ്പുറത്ത് ലക്ഷം വീട് കോളനി കടവ്, പത്താം വാര്‍ഡിലെ പത്തുപറക്കടവ്, തെക്കേ മഠത്തില്‍ കടവ്, പതിനൊന്നാം വാര്‍ഡിലെ പത്തുപറക്കടവ്, മണ്ണും മുക്കത്ത്, കുലായിക്കല്‍ കടവ് എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളിലായി ഏഴ് യൂണിറ്റുകളാണ് മത്സ്യകൃഷി നടത്തുന്നത്.
1.75 ലക്ഷം ലക്ഷം രൂപയാണ് ഒരു യൂണിറ്റിന് ചെലവ്. ഫിഷറീസ് വകുപ്പിന്റെ 60 ശതമാനം സബ്‌സിഡിയും 40 ശതമാനം ഗുണഭോക്ത വിഹിതവുമുണ്ട്. ശാസ്ത്രീയ പരിപാലനത്തോടെ നാലു മുതല്‍ ആറുമാസക്കാലം കൊണ്ട് 200 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള മത്സ്യങ്ങളെ വിളവെടുക്കാന്‍ സാധിക്കും. പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.