തെങ്ങിന് ചങ്ങാതി കുടംപുളി

 സുരേഷ് മുതുകുളം

കുടമ്പുളി എന്ന് കേട്ടാൽ പെട്ടെന്ന് ഓർമ്മ വരുക കുടമ്പുളി ഇട്ടുവച്ച നല്ല ഒന്നാംതരം മീൻകറിയാണ്. മധ്യ തിരുവിതാംകൂറിന്റെ സ്റ്റൈലൻ വിഭവമാണിത് .മീൻ മുളകുകറി എന്നും പേരുണ്ട്. ഇനി ഇതു തന്നെ തേങ്ങ അരച്ച മീൻകറി ആയും , പീര പറ്റിച്ചത് അഥവാ മീൻ പീരയായും സ്വാദോടെ തയാറാക്കാം. ഇതിൽ തേങ്ങയരച്ച മീൻകറി തെക്കൻതിരുവിതാംകൂറിൻറെ പ്രത്യേകതയാണ് . ദേശം ഏതായാലും മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന രണ്ടു മുഖ്യ വിഭവങ്ങളാണ് നാളീകേരവും കുടമ്പുളിയും. ഇത് രണ്ടും ചേരുംപടി ചേർന്നില്ലെങ്കിൽ ആ വിഭവം പൂർണമല്ല. സ്വാദിഷ്ടമല്ല. ഭക്ഷ്യയോഗ്യവുമല്ല. തെങ്ങും ദുർമേദസ്സിന്‌ പരിഹാരമായി ആധുനികശാസ്ത്രം ശുപാർശ ചെയ്യുന്ന കുടംപുളിയും ഉറ്റ ചങ്ങാതിമാരാണ്. തേങ്ങ എങ്ങിനെ ഉപയോഗിച്ചാലും അതിലെ ജീവകങ്ങളും ധാതുലവണങ്ങളും ഭക്ഷ്യയോഗ്യമായ നാരും അമിനോ അമ്ലങ്ങളും ടൺകണക്കിന് പൊട്ടാസിയവും കാൽസിയവും മഗ്നീഷ്യവും ഇലക്ട്രോലൈറ്റുകളും എല്ലാം മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും ഉണർവും ദീർഘായുസ്സും നൽകുമെന്ന് ശാസ്ത്രലോകം പണ്ടേ കണ്ടെത്തിക്കഴിഞ്ഞതാണ്.

കുടമ്പുളിയാകട്ടെ ശരീരത്തിൽ കൊഴുപ്പ്‌ അടിയുന്നത് തടയാൻ കഴിവുള്ള ഹൈഡ്രോക്‌സി സിട്രിക് ആസിഡ് എന്ന സംയുക്തം ഉൾക്കൊള്ളുന്നു. ദുർമേദസ്സ് കൊണ്ട് പൊറുതിമുട്ടുന്നവർക്കു ഇതിൽപരമൊരു ആശ്വാസവാർത്ത മറ്റെന്ത് ? മറ്റെല്ലാ ഗുണങ്ങളെയും അപേക്ഷിച്ച് കുടംപുളിയുടെ വർത്തമാനകാല പ്രാധാന്യം ഇതാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.കൂടാതെ ശരീരത്തിൽ സിറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിൻറെ അളവ് വർധിപ്പിക്കുന്നത് വഴി സദാ ഉന്മേഷകരമായിരിക്കാനും കുടമ്പുളി സഹായിക്കുന്നു. രോഗപരിഹാരശേഷി നോക്കുകയാണെങ്കിൽ പ്രമേഹം,അൾസർ,അതിസാരം,മലബന്ധം തുടങ്ങി അർബുദം വരെ ഏതു വ്യാധിക്കും പരിഹാരം കുടമ്പുളിയിൽ ഒളിഞ്ഞിരിക്കുന്നു .മാനസികസമ്മർദം കുറയ്ക്കുക ,ശരീരഭാരം കുറയ്ക്കുക , വിഷാദഭാവം ഒഴിവാക്കുക , കൊളെസ്ട്രോൾനില താഴ്ത്തുക , രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുക , ശരീരത്തിൻറെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക , വിശപ്പ് അടക്കാൻ ശീലിപ്പിക്കുക തുടങ്ങി സദ്ഗുണങ്ങൾ നിരവധിയാണ് കുടമ്പുളിക്ക്.ഇവിടെയാണ് ഈ രണ്ടു പ്രമുഖരുടെ ചങ്ങാത്തം പ്രസക്തമാകുന്നത്. സ്വതവേ തെങ്ങു നിരവധി സുഗന്ധ വ്യഞ്ജനങ്ങളെ തന്നോടൊപ്പം വളരാൻ കൈ നീട്ടി സ്വീകരിക്കുക പതിവാണ്. ജാതി, ഗ്രാമ്പു, കറുവ, ആൾസ്‌പൈസ് തുടങ്ങിയവ എല്ലാം തെങ്ങിൻതോപ്പിന് മികച്ച ഇടവിളകളുമാണ്. കുടമ്പുളിയും ഇക്കൂട്ടത്തിൽ പെടുന്നു.

തെങ്ങിൻതോപ്പിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ വളർത്താൻ അനുയോജ്യമായ വൃക്ഷവിളയാണ് കുടമ്പുളി. ഇവിടെ നടീലിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം. തെങ്ങിൻതോപ്പിൽ ഇടവിളയായി കുടമ്പുളി നടുമ്പോൾ തെങ്ങും കുടമ്പുളിയും ഒന്നിടവിട്ട വരികളിൽ വരുംവിധം നടണം. ചിറകളും തോടുകളും ഇടകലർന്ന സ്ഥലത്താണ് ഇടവിളയായി കുടമ്പുളി നടുന്നതെങ്കിൽ രണ്ടു തെങ്ങുകൾക്കിടയിലുള്ള സ്ഥലം ഉപയോഗിക്കണം. പുളി നടാനുള്ള കുഴിയിൽ  രണ്ട് കിലോ കമ്പോസ്റ്റോ കാലിവളമോ മേൽമണ്ണുമായി ചേർത്തിളക്കി നിറച്ചു ഓരോ കുഴിയിലും 10 ഗ്രാം കാർബാറിൽ കൂടെ വിതറി കൊടുക്കുക . ഈ കുഴിയിലാണ് തൈ നടുക. കുടമ്പുളിയുടെ ഒട്ടുതൈകൾ ഇന്ന് നടാൻ കിട്ടും. ഇവ 3 -4 വർഷം കൊണ്ട് പുഷ്പിച്ചു കായ് പിടിക്കും. മാത്രമല്ല അമ്മച്ചെടിയുടെ എല്ലാ മേന്മകളും ഇതിനുണ്ടാവുകയും ചെയ്യും.

സ്ഥിരവിളവ്,കായ്കൾക്ക് ശരാശരി 200 മുതൽ 275 ഗ്രാം വരെ തൂക്കം, കറ കുറവ്, നല്ല പുളിരസം എന്നിവയാണ് ഇവയുടെ മേന്മകൾ. ഒട്ടുതൈകൾക്കു ആരാധകർ വർധിക്കാനും ഇതാണ് കാരണം. തൈക്കു താങ്ങു നൽകുക, ഒട്ടുസന്ധി മണ്ണിനു മുകളിലാക്കുക, തടത്തിൽ കളവളർച്ച തടയുക,ആവശ്യം നോക്കി നനയ്ക്കുക, പുതയിടുക എന്നിവയ്‌ക്കൊപ്പം വളങ്ങളും ചേർക്കണം. ആദ്യവർഷം ചെടിയൊന്നിന് 10 കിലോ കാലിവളമോ കമ്പോസ്റ്റോ ചേർക്കാം. ഇത് ക്രമേണ വർധിപ്പിച്ചു 15 വർഷമാകുമ്പോൾ ചെടിയൊന്നിന് 50 കിലോ ജൈവവളം കിട്ടാറാകണം. രാസവളത്തോത് ഇങ്ങനെ : ആദ്യവർഷം ചെടിയൊന്നിന് 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ്‌ഫറസ്‌, 50 ഗ്രാം പൊട്ടാഷ് എന്നിങ്ങനെ വേണം. ഇത് രണ്ടാം വര്ഷം ഇരട്ടിയാക്കണം. 15 വര്ഷമാകുമ്പോൾ ചെടിയൊന്നിന് 500 ഗ്രാം നൈട്രജൻ, 250 ഗ്രാം ഫോസ്‌ഫറസ്‌, ഒരു കിലോ പൊട്ടാഷ് എന്നതാണ് മെനു. നല്ല പരിചരണത്തിൽ ഒട്ടുതൈ രണ്ടാം വർഷം മുതൽ നന്നായി വളരും. ഇപ്പോൾ താങ്ങു നൽകാം. മൂന്നാം വർഷം ക്രമം തെറ്റി വളരുന്ന ശിഖരങ്ങൾ മുറിച്ചു നീക്കി രൂപപ്പെടുത്തണം. അഞ്ചു വർഷമാകുമ്പോൾ പുളിയുടെ ഉയരം മൂന്നര മുതൽ നാല് മീറ്ററായി ക്രമീകരിക്കണം. മൂന്നാം വർഷം കായ്ച്ചാലും സ്ഥിരവിളവിലെത്താൻ 15 വർഷത്തോളം വേണം.വരണ്ട കാലാവസ്ഥയാണ് പുളിയിൽ പരാഗണത്തിനും കായ് പിടിത്തത്തിനും നന്ന്. എന്നാൽ കായ് മൂക്കാനും പഴുക്കാനും ജൂൺ ജൂലായിൽ ലഭിക്കുന്ന കനത്ത മഴ കൂടിയേ തീരൂ. നന്നായി വിളഞ്ഞു പഴുത്ത കുടമ്പുളിക്ക് ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ്. വിളയുമ്പോൾ പൊട്ടിക്കാം അല്ലെങ്കിൽ കൊഴിഞ്ഞു വീഴുന്ന കായ്കളെടുക്കാം.
                             വിളഞ്ഞ കുടമ്പുളി നല്ല വെള്ളത്തിൽ കഴുകി നെടുകെ പിളർന്നു അകത്തെ മാംസളഭാഗം നീക്കി പുറംതോട് വെയിലത്തുണക്കണം. തുടർന്ന് ഇത് പുകകൊള്ളിച്ചോ ഡ്രയറിൽ ഉണ്ടാക്കിയോ എടുക്കുന്നു. പുളി നല്ല മൃദുവും മയവും ഉള്ളതാകാൻ ഉപ്പും വെളിച്ചെണ്ണയും തിരുമ്മി ചേർത്തിളക്കാം. ഒരു കിലോ പുളിക്ക് 150 ഗ്രാം ഉപ്പും 50 മില്ലി വെളിച്ചെണ്ണയും എന്നതാണ് കണക്ക്. തെങ്ങിന് ചങ്ങാതിയായി കുടമ്പുളി വളർത്തുമ്പോൾ കാര്യമായ വരുമാനം കർഷകനുറപ്പ്.കാരണം ഉണങ്ങിയ പുളിക്ക് എന്നും സാമാന്യം നല്ല വിലയുണ്ട്. എത്ര കുറഞ്ഞാലും 300 രൂപ കിലോക്ക് ഉറപ്പ്‌. ദേവവൃക്ഷമായ തെങ്ങും കേരളത്തിൻറെ സുഗന്ധ വ്യഞ്ജന വിളയായ കുടമ്പുളിയും കൈകോർത്താൽ കർഷകന്റെ മടിശീല ശോഭനമാകും.

   സുരേഷ് മുതുകുളം

കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി 32 വർഷം കൃഷി വകുപ്പിൽ പ്രവർത്തിച്ച സുരേഷ് മുതുകുളം ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായാണ് വിരമിച്ചത്. കേരള കർഷകൻ, കൃഷി ജാഗരൺ എന്നീ മാസികകളുടെ എഡിറ്ററായിരുന്നു. കഥ, നോവല്‍,കൃഷി എന്നിങ്ങനെ 40 ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. sureshmuthukulam1960@gmail.com

Leave a Reply

Your email address will not be published. Required fields are marked *