ചെറുപുഴയെ വീണ്ടെടുക്കാൻ നാട്ടുകാർ അണിനിരന്നു

ലോക ജലദിനത്തിൽ ചെറുപുഴയെ രക്ഷിക്കാൻ ആയിരക്കണക്കിന് നാട്ടുകാർ രംഗത്തിറക്കി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ പുഴയെ വീണ്ടെടുക്കാൻ അവർ കൈകോർത്തു. പുഴ ശുചീകരണ യജ്ഞത്തിൽ ആറായിരത്തോളം പേരാണ് പങ്കെടുത്തത്.

ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത ‘തെളിനീരൊഴുകും നവകേരളം’ എന്ന കാമ്പയിൻ്റെ ഭാഗമായാണ് കോഴിക്കോട് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ചെറുപുഴ ശുചീകരിച്ചത്. 6.9 കിലോമീറ്റർ 

നീളമുള്ള ചെറുപുഴ 19 ഭാഗങ്ങളാക്കി തിരിച്ച് ആറായിരത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്. പുഴയിലെ മൺകൂനകൾ നീക്കം ചെയ്തും കാടുവെട്ടിയും തടസ്സങ്ങൾ നീക്കി പുഴയ്ക്ക് ഒഴുകാൻ സാഹചര്യമൊരുക്കി. പുഴയിൽ വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു. യജ്ഞത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു ‘തെളിനീരൊഴുകും നവ കേരളം’ ബ്രോഷർ പ്രകാശന ചടങ്ങിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷനായി.

തെളിനീരൊഴുകും കാമ്പയിൻ ലോഗോ ടി.പി. രാമകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു. പുഴ വീണ്ടെടുക്കൽ പ്രഖ്യാപനവും അദ്ദേഹം നടത്തി. ഭാഗ്യചിഹ്നം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.


ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ മാരായ അനഘ, രുദ്രപ്രിയ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഷൈനി വി.പി, സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട് ആൻ്റ ഗൈഡ്സ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ വിനോദൻ, പേരാമ്പ്ര മണ്ഡലം വികസന മിഷൻ ചെയർമാൻ എം.കുഞ്ഞമ്മദ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട്

എസ്.പി കുഞ്ഞമ്മദ്, ഫോറസ്റ്റ് റെയ്ഞ്ചർ ഓഫീസർ കെ.വി ബിജു, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ലോക ഭൗമ ദിനമായ ഏപ്രിൽ 22 ന് ജനകീയ ശുചീകരണയജ്ഞത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *