ചെറുകിട കൃഷിക്ക് സംയുക്ത കൃഷി യന്ത്രം
കെ.എസ് ഉദയകുമാർ
വിത മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കിയാൽ മാത്രമേ കാർഷിക മേഖലയ്ക്ക് നിലനില്പുള്ളൂ. കേരളത്തിലെ ആളോഹരി ഭൂവിസ്തൃതി വളരെ കുറവാണ്. അതിനാൽ തന്നെ എല്ലാ അടിയന്തര കാർഷിക ജോലികൾക്കും തൊഴിലാളികളെ ആശ്രയിക്കുന്നത് ഒരിക്കലും ലാഭകരമല്ല.അനുയോജ്യമായ ഒരു എൻജിനും അതിൽ എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന വിവിധ തരം യന്ത്രസംവിധാനങ്ങളും ചേർന്നതാണ് ഒരു ‘സംയുക്ത കൃഷി യന്ത്ര’ (combination agricultural machinery) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്ത് ഇറ്റലി, ജപ്പാൻ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ചൈന എന്നീ രാജ്യങ്ങളാണ് ഇത്തരം ചെറുകിട കാർഷിക യന്ത്രനിർമാണത്തിൽ മുന്നിട്ടു നിൽക്കുന്നത്. പത്ത് കുതിര ശക്തിയിൽ താഴെ മാത്രം ശേഷിയുള്ള ഇത്തരം യന്ത്രങ്ങളിൽ മിക്കവയും ഒറ്റ സിലിണ്ടർ എൻജിനുകൾ ആയിരിക്കും.പുല്ലുവെട്ട് , മണ്ണിളക്കൽ,മണ്ണ് നിരപ്പാക്കൽ, ചെറു ചാലുകളും മൺ തിട്ടകളും നിർമ്മിക്കൽ, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന യന്ത്രഭാഗങ്ങളാണ് എൻജിനോടൊപ്പം ലഭിക്കുക. കൂടാതെ പമ്പ് സെറ്റ്, പവർ സ്പ്രെയർ, കാർഷിക ഉൽപന്നനീക്കത്തിനുള്ള ട്രെയിലറുകൾ എന്നിവ ഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ചില എൻജിനുകളിൽ ലഭ്യമാണ്.
ഇറ്റലിയിൽ രൂപകൽപന ചെയ്ത ഒറ്റ സിലിണ്ടർ ഡീസൽ എൻജിനോടുകൂടിയ സംയുക്ത കൃഷി യന്ത്രം ബി.സി.എസ് എന്ന കമ്പനി ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ചെറുതും വലുതുമായ നിരവധി കൃഷി യന്ത്രങ്ങൾ പ്രസ്തുത കമ്പനി വിപണിയിൽ എത്തിക്കുന്നു.ഇവയിൽ ഏറിയ പങ്കും നടന്നു പ്രവർത്തിപ്പിക്കാവുന്നവയാണ്. രണ്ട് ടയറുകൾക്ക് മുകളിൽ പ്രത്യേക ഭാരസന്തുലിത സംവിധാനങ്ങളോടെയാണ് എൻജിനും അനുബന്ധ ഭാഗങ്ങളും ഘടിപ്പിച്ചിരിക്കുന്നത് . നീണ്ട കൈപ്പിടിയിൽ ആയാസരഹിതമായി പ്രവർത്തിപ്പിക്കാവുന്ന ക്ലച്ച് ,ഗിയർ ലിവറുകൾ,ആക്സിലേറ്റർ യൂണിറ്റ് എന്നിവ കാണാം. ഗിയർ ബോക്സിന് മൂന്ന് മുന്നോട്ടുള്ള സ്പീഡുകളും, ഒരു റിവേഴ്സ് സ്പീഡും ലഭ്യമാണ്. ഓരോ കാർഷിക ജോലികൾക്കും ആവശ്യമായ പ്രത്യേക യന്ത്രസംവിധാനങ്ങൾ എൻജിനുമായി എളുപ്പത്തിൽ ഘടിപ്പിക്കുവാൻ , ഒരു സ്റ്റാർ ജോയിന്റ് അസംബ്ളിയും ഇതിലുണ്ട്. ഏകദേശം രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന ഇത്തരം യന്ത്ര സംവിധാനത്തിന് സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കിയാൽ ചെറുകിട ഇടത്തരം കർഷകർക്ക് ഇവ സ്വന്തമാക്കാം. അത്യാവശ്യ പരിശീലനവും അറ്റകുറ്റ പണികൾക്കുള്ള സൗകര്യവും ഉണ്ടെങ്കിൽ ചെറുകിട കർഷകർക്ക് പരാശ്രയമില്ലാതെ സ്വന്തം കൃഷിയിടങ്ങളിലെ ജോലികൾ ചെയ്തുതീർക്കാം.
( അഗ്രികള്‍ച്ചര്‍ എന്‍ജിനീയറാണ് ലേഖകന്‍ )