മെഹസാന എണ്ണപ്പാടങ്ങളിലെ അത്ഭുത കാഴ്ചകൾ

അഹമ്മദാബാദിൽ നിന്ന് എണ്ണ പര്യവേക്ഷണ കമ്പനിയായ ഈസ്റ്റേൺ സർക്യൂട്ട്സിൻ്റെ കാറിൽ മെഹ സാനയിലേക്കുള്ള യാത്ര. വൈകീട്ട് പുറപ്പെട്ടതാണ്. മൂന്നു മണിക്കൂറോളം വേണം. ഏഴ് മണിയോടെ റോഡരികിലെ ആ ബോർഡ് കണ്ടു. ‘മെഹസാന – ഓയിൽ സിറ്റി ഓഫ് നോർത്തേൺ ഗുജറാത്ത്‌ ‘. ഒ.എൻ.ജി.സിയുടെ എണ്ണപ്പാടങ്ങൾ നീണ്ടു കിടക്കുന്ന പ്രദേശം. റോഡിൽ നിന്ന് നോക്കിയാൽ ദൂരെ നിരനിരയായി കൂറ്റൻ പന്തം കത്തുന്നതു പോലെ കാണാം. എണ്ണ കിണറുകളിൽ നിന്ന് ഇരച്ചുകയറുന്ന ഗ്യാസ് പൈപ്പിട്ട് അന്തരീക്ഷത്തിൽ കത്തിച്ചു കളയുകയാണിവിടെ. വില കൂടിയ ഗ്യാസ് കത്തിച്ച് കളയണോ, സംഭരിച്ച് ഉപയോഗിച്ചു കൂടെ എന്ന ചോദ്യത്തിന് കാറിൽ എന്നോടൊപ്പമുള്ള

സീനിയർ ജിയോളജിസ്റ്റ് നല്ല മറുപടി തന്നു.’സംഭരിക്കാൻ ആയിരം രൂപ ചെലവ്, വിറ്റാൽ കിട്ടുക ഒരു രൂപ. അതു മതിയോ’? എൻ്റെ സംശയം തീർന്നു. ശരിയാണ് ഇതിനാണ് എക്കണോമിക്കൽ അല്ല എന്നു പറയുന്നത്.

മെഹസാനയിൽ സർദാർജിയുടെ വലിയ ഹോട്ടലിനു മുന്നിൽ കാർ നിന്നു. ഇവിടെയാണ് ഇനി ക്യാമ്പ്. ‘മെ ദുനിയാ ഭുലാ ദൂങ്കാ ‘… ഹിന്ദി പാട്ടിൻ്റെ അകമ്പടിയിൽ അകത്തു കയറി നല്ല വിശപ്പ്. ഹോട്ടലിൽ നിന്ന് എന്തും, എത്ര വേണമെങ്കിലും കഴിക്കാം കമ്പനിയുടെ അക്കൗണ്ടിലെ ബില്ലിൽ ഒരു ഒപ്പു വരച്ചാൽ മതി. രാത്രി ആലു പൊറോട്ടയും കറിയും തട്ടി. ‘സ്പെഷൽ ഫലൂദ ഹെ സാബ് ‘ – വെയിറ്റർ പറഞ്ഞപ്പോൾ ഞങ്ങൾ വന്നോട്ടെയെന്ന് തലയാട്ടി. കുറേ കഴിഞ്ഞപ്പോൾ ഇതാ വരുന്നു നീണ്ട ഗ്ലാസിൽ നിറഞ്ഞ് കവിയുന്ന ഫലൂദ. ഗ്ലാസിൽ പകുതിയോളം പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും നിറഞ്ഞിരിക്കുന്നു. അതിനു മുകളിൽ മൂന്ന് സ്ക്കൂപ്പ് ഐസ് ക്രീം. ഇതിനു ചുറ്റും തലങ്ങും വിലങ്ങും ‘കളർ കോരി ഒഴിച്ചിരിക്കുന്നു. കണ്ടപ്പോൾ തന്നെ ഞെട്ടി ! ആലു പൊറോട്ട വയറ്റിലെ സ്ഥലമെല്ലാം കൊണ്ടു പോയിരിക്കുകയാണ്. ആഞ്ഞ് പിടിച്ച് പകുതി അകത്താക്കി. ഇനി കയറില്ല, നിർത്തി. ബില്ലിൽ നോക്കിയപ്പോൾ ഫലൂദയുടെ വില 90 രൂപ. ഇന്നത്തെ ഏകദേശം 200 രൂപ വരും.

ക്ഷീണം കാരണം രാത്രി നന്നായി ഉറങ്ങി. രാവിലെയും സർദാർജിയുടെ ഹോട്ടലിൽ നിന്നു തന്നെ ഭക്ഷണം. സർദാർജിക്ക് ഞങ്ങളെ വലിയ ബഹുമാനം. നല്ലോണം തട്ടുന്ന പാർട്ടിയാണെന്ന് രാത്രി തന്നെ അദ്ദേഹത്തിന് മനസ്സിലായി. സമയം പത്ത് മണി. ‘മെഹ്സാന എണ്ണപ്പാടത്തെ റോഡിലൂടെ ഞങ്ങളുടെ അമ്പാസിഡർ കാർ പൊടിപറത്തി ഓടുകയാണ്. കടുക് കൃഷി ചെയ്തിരുന്ന വരണ്ട പ്രദേശം. രണ്ടാൾ പൊക്കത്തിലുള്ള ചെറിയ മരങ്ങൾ പല സ്ഥലത്തായി കാണാം. ചില മരത്തിനു കീഴെ ഒട്ടകങ്ങളുണ്ട്. ഒട്ടകവണ്ടിയിൽ നിന്ന് അഴിച്ച് മേയാൻ വിട്ടിരിക്കുകയാണ് ഇവയെ. മുംബൈ ആസ്ഥാനമായുള്ള ഈസ്റ്റേൺ സർക്യൂട്ട്സ് എണ്ണ പര്യവേക്ഷണ കമ്പനിയുടെ പര്യവേക്ഷണ സ്ഥലത്തേക്കാണ് കാർ പോകുന്നത്. ഒ.എൻ.ജി.സിയുടെ കോൺട്രാക്ട് കമ്പനിയാണിത്. ഞങ്ങൾ ജിയോളജിസ്റ്റുകൾ നാലു പേരുണ്ട്. എല്ലാവരും ഡാംഗ്രി എന്ന ചുവന്ന

യൂനിഫോമിലാണ്. എണ്ണ ഖനനത്തിനുള്ള റിഗ്ഗ് ദൂരെ കാണാം. തൊട്ടടുത്തായി റോഡ് വളയുന്ന സ്ഥലത്ത് കരി ഓയിൽ കെട്ടിക്കിടക്കുന്ന പോലെ ഒരു സ്ഥലം. ഒരേക്കറോളം വരുന്ന ഒരു കുളം പോലെ കിടക്കുകയാണത്. എന്താണിത് ? ഞങ്ങൾ പരസ്പരം ചോദിച്ചു.

കാർ റിഗ്ഗിനടുത്തെത്തി. ആദ്യ ദിവസമായ അന്ന് റിഗ്ഗും ബന്ധപ്പെട്ട പര്യവേക്ഷണ പ്രവർത്തനങ്ങളും ഉച്ചവരെ വിശദമായി കണ്ടു പഠിച്ചു. മുംബൈയിൽ പഠിച്ചു വളർന്ന ജെയ്സൺ എന്ന മലയാളി സീനിയർ ജിയോളജിസ്റ്റാണ് കാര്യങ്ങൾ പറഞ്ഞു തന്നത്. കൂട്ടത്തിൽ അദ്ദേഹം കുളത്തിൻ്റെ കാര്യവും പറഞ്ഞു . എണ്ണ പര്യവേക്ഷണം നടക്കുമ്പോൾ ഒരു റിഗ്ഗ് പൊട്ടിത്തെറിച്ച് തീപ്പിടിച്ചതിൻ്റെ ബാക്കി കാഴ്ചയാണത്. സാങ്കേതികമായി പറയുന്നത് ‘ബ്ലോ ഔട്ട് ‘ എന്നാണ്. അന്ന് ഭൂമിക്കടിയിൽ നിന്ന് ഇരച്ചു കയറിയ എണ്ണയാണ് കാലങ്ങളായി അവിടെ കെട്ടി നിർത്തിയിരിക്കുന്നത്. തീ നിയന്ത്രണ വിധേയമായതിനാൽ വലിയ അപകടം ഉണ്ടായില്ല. ജീവനക്കാരെല്ലാം രക്ഷപ്പെട്ടു. ഇതു കേട്ട് ഞങ്ങൾ പരസ്പരം നോക്കി. എൻ്റെ തൊണ്ട വരണ്ടു. ജെയ്സൺ ഒരു കാര്യം കൂടി പറഞ്ഞു. വളരെയേറെ ശ്രദ്ധ വേണ്ട ജോലിയാണിത്. വലിയ റിസ്ക്കുമുണ്ട് ഈ ജോലിയിൽ.

കാസർകോട് ഗവ.കോളേജിൽ നിന്ന് എം.എസ്സ്.സി. ജിയോളജി കഴിഞ്ഞ് ഞാൻ ഗുജറാത്തിലേക്ക് വണ്ടി കയറിയിരുന്നു. അവിടെ എണ്ണ പര്യവേക്ഷണത്തിൽ മുഴുകി. പിന്നീട് കുറച്ചു കഴിഞ്ഞ് അത് വിട്ട് തിരുവനന്തപുരം ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിൽ പ്രോജക്ട് സയൻ്റിസ്റ്റായി. പിന്നീടാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്. ജിയോളജി വിഷയം പഠിച്ചവർക്ക് പോകാവുന്ന ഗ്ലാമർ മേഖലയാണ് എണ്ണ പര്യവേക്ഷണം. ഒന്നുകിൽ ഒ.എൻ.ജി.സി. അല്ലെങ്കിൽ നല്ല ശമ്പളം തരുന്ന വിദേശ എണ്ണ കമ്പനികൾ. വിദേശ കമ്പനികൾ നമ്മളെ ഏതു രാജ്യത്തേക്കാണ് പര്യവേക്ഷണത്തിന് പറഞ്ഞയക്കുക എന്ന് അറിയില്ല. കടലിലും കരയിലും എണ്ണ ഖനനമുണ്ട്. ബോംബെ ഹൈയിലും മറ്റും കടലിൽ 150-200 കിലോമീറ്റർ അകലെ എല്ലാ സൗകര്യവുമുള്ള റിഗ്ഗിലാണ് ജിയോളജിസ്റ്റിൻ്റെ ജോലി. കരയിൽ നിന്ന് ഹെലികോപ്ടറിലാണ് റിഗ്ഗിലെത്തിക്കുക.

എണ്ണ കണ്ടെത്താൻ 24 മണിക്കൂറും കടലിൽ കുഴിച്ചുകൊണ്ടിരിക്കും. രണ്ട് ഷിഫ്റ്റിലായി ജിയോളജിസ്റ്റുകൾ കണ്ണിൽ എണ്ണയൊഴിച്ച് ക്ഷമയോടെ ജോലി നോക്കണം. കലിൽ 4000-5000 മീറ്റർ ആഴത്തിൽ വരെ കുഴിക്കേണ്ടി വരും എണ്ണ കണ്ടെത്താൻ. ഇതിന് മാസങ്ങൾ വേണ്ടിവരും. പാറ തുരന്നുകയറുന്ന ‘ഡ്രിൽ ബിറ്റിന് പത്ത് മീറ്റർ വരുന്ന പൈപ്പുകൾ ഒന്നൊന്നായി ഘടിപ്പിച്ച് ഭൂമിക്കടിയിലേക്ക് താഴ്ത്തുകയാണ് ഇവിടെ ചെയ്യുന്നത്. തുരക്കുമ്പോൾ ചിതറുന്ന ചെറിയ പാറക്കഷണങ്ങൾ ചെളിയോടൊപ്പം മുകളിലെത്തിക്കുന്ന സംവിധാനമുണ്ട്. ഇത് ജിയോളജിസ്റ്റ് പരിശോധിച്ച് ഗ്യാസ്, ഓയിൽ എന്നിവയുടെ അംശമുണ്ടോയെന്ന് വിലയിരുത്തണം. റിഗ്ഗിൽ പര്യവേക്ഷണ വിവരങ്ങൾ കിട്ടാൻ ഇരുപതോളം സെൻസറുകൾ പ്രവർത്തിക്കുന്നുണ്ടാകും. എല്ലാ ഘടകങ്ങളും പരിശോധിച്ച് അതാത് ദിവസത്തെ റിപ്പോർട്ട് ഉണ്ടാക്കണം.

കടലിലാണെങ്കിൽ14 ദിവസം റിഗ്ഗിൽ കഴിഞ്ഞാൽ അടുത്ത 14 ദിവസം അവധി. വീട്ടിൽ കഴിയാം. സ്ഥലത്തേക്കുള്ള വിമാന ടിക്കറ്റ് കൈയിൽ കിട്ടും. വിദേശ കമ്പനികളിലാണെങ്കിൽ പ്രവർത്തി പരിചയമുള്ളവർക്ക് ലക്ഷങ്ങളാണ് ശമ്പളം. കരകാണാക്കടലിലെ എ.സി. മുറിയിൽ

റിഗ്ഗിലെ ഹെലിപാട്‌

ഉറങ്ങുമ്പോൾ ആദ്യ ദിവസങ്ങളിലൊക്കെ രാത്രി ഞെട്ടി ഉണർന്ന് വീടിനെക്കുറിച്ച് ഓർത്തു പോകാറുണ്ടെന്ന് എൻ്റെ സുഹൃത്ത് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കടലിലാണെങ്കിലും റിഗ്ഗിനോടനുബന്ധിച്ചുള്ള താമസ സ്ഥലത്ത് മികച്ച സൗകര്യങ്ങളുണ്ടാകും. ഹൈക്ലാസ് ഭക്ഷണം കിട്ടുന്ന ഫുഡ് കോർട്ട്, ജിംനേഷ്യം… ഇങ്ങനെ എല്ലാ എല്ലാമുണ്ട്.

എണ്ണ ഖനന മേഖലയിൽ എം.എസ്.സി. ജിയോളജി, ജിയോഫിസിക്സ്, പെട്രോളിയം എഞ്ചിനീയറിംഗ് എന്നിവ പഠിച്ചവർക്ക്  ജിയോളജി വിഭാഗത്തിൽ ജോലി കിട്ടും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, സിവിൽ, ഇൻസ്ട്രുമെൻ്റേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവ കഴിഞ്ഞവർക്കും ജോലിയുണ്ടിവിടെ. മെഹ്സാന കൊച്ചു പട്ടണമാണ്. ഒ.എൻ.ജി.സിയുടെ ഓഫീസുകളും എണ്ണ ഖനന പ്ലാൻ്റുകളും സ്ഥാപിച്ചപ്പോൾ വളർന്നു വന്ന പട്ടണം. ഇന്ത്യയിൽ കരപ്രദേശത്തുള്ള ഒ.എൻ.ജി.സി.യുടെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണ് മെഹസാനയിലേത്. ഇത് ആറായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം വരും. ക്ഷീര കർഷകരുടെ ഗ്രാമങ്ങളാണ് മെഹസാന ജില്ലയിൽ. ഏഷ്യയിലെ ഏറ്റവും വലിയ പാൽ സംഭരണ ഫാക്ടറി ‘ദൂത് സാഗർ ‘ ഡെയറി ഇവിടെയാണ് പ്രവർത്തിക്കുന്നത്. അഹമ്മദാബാദിൽ താമസിച്ച് സബർമതി ആശ്രമം കഴിഞ്ഞുള്ള ഒ.എൻ.ജി.സിയുടെ വലിയൊരു എണ്ണപ്പാടത്തും ഞാൻ ജോലി നോക്കിയിട്ടുണ്ട്.

മിക്കവാറും നൈറ്റ് ഡ്യൂട്ടിയാണ്. റിഗ്ഗിനടിയിലെ ടാങ്കിൽ ഭൂമിക്കടിയിൽ നിന്നെത്തുന്ന പാറച്ചീളുകൾ രാത്രി ശേഖരിച്ച് പരിശോധിക്കേണ്ടതുണ്ട്.

റിഗ്ഗിനടുത്തുള്ള എ.സി.ക്യാബിനിൽ നിന്ന് ഇറങ്ങി പാറച്ചീളുകൾ എടുക്കുമ്പോൾ കൈ മരവിക്കും. ആറ് ഡിഗിയൊക്കെയാണ് അന്തരീക്ഷ താപനില. രാത്രി ചെകിടടപ്പിക്കുന്ന ശബ്ദത്തിൽ ഭൂമിതുരക്കുന്ന ഡ്രില്ലിംഗ് ജീവനക്കാരും ഞങ്ങൾ രണ്ട് ജിയോളജിസ്റ്റും മാത്രമാണ് ഈ വിജനമായ എണ്ണപ്പാടത്ത്‌. ഈ പാതിരാത്രി നാട്ടിൽ നിന്ന് വീട്ടുകാർ മുകളിലോട്ട് നോക്കിയാൽ ആകാശത്ത് കാണുന്ന ചന്ദ്രനെ എനിക്കും ഇവിടെ കാണാം. അതാണ് ഏക ആശ്വാസം…   (കടലിലെ എണ്ണപ്പാടത്ത് കാലങ്ങളോളം ജോലി നോക്കി ഒ.എൻ.ജി.സിയിൽ ഉന്നത പദവിയിലെത്തിയ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ അനുഭവമാണ് അടുത്ത ലക്കത്തിൽ  )

4 thoughts on “മെഹസാന എണ്ണപ്പാടങ്ങളിലെ അത്ഭുത കാഴ്ചകൾ

  1. എന്റെ സംശയം തീർന്നില്ല. വിറ്റാൽ കിട്ടുന്നതു് ഒരു രൂപ എന്നയിടത്തു് കണക്കുകൾ തീരുന്നില്ല. കത്തിക്കുമ്പോൾ നഷ്ടമാകുന്നതുകൂടി കൂട്ടണം. ഈ വാതകം വെറുതെ കത്തിച്ചുകളയുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡും ഒരുപക്ഷെ മറ്റു വാതകങ്ങളും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ത്വരിതപ്പെടുത്തുന്നു. ഇതുമൂലം ഏറ്റവുമധികം ബുദ്ധിമുട്ടു സഹിക്കുന്ന പ്രദേശങ്ങളിലൊന്നിലാണു് നമ്മൾതന്നെ ജീവിക്കുന്നതു്. ഇന്നു് ഈ ഗ്രഹത്തിലെ ജീവൻ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നാണു് കാലാവസ്ഥാവ്യതിയാനം. അതുമൂലമുണ്ടാകുന്ന നഷ്ടം പണമായി കണക്കാക്കാൻപോലും ബുദ്ധിമുട്ടാണു്, കാരണം അതു് മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജീവനാണു് അപഹരിക്കുന്നതു്, കൂടാതെ നമുക്കു പരിചിതമായ പ്രകൃതിയും. അതിനൊക്കെ വിലയിടാനാകുമോ? പണം പോയാൽ വീണ്ടുമുണ്ടാക്കാം. ജീവൻ പോയാലോ?

  2. തീചൂടിയ അനുഭവങ്ങളുടെ ഓർമ്മച്ചെപ്പ്തുറന്ന് ഹൃദ്യമായ ഭാഷയിൽ എഴുതിയതിൽ ആദ്യം തന്നെ അഭിനന്ദിക്കുന്നു. ചെറുപ്പത്തിൽ ഒരു സത്യാന്വേഷി ആയ ഒരു ജേർണലി സ്റ്റ് ആകണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല, ഉള്ളിലുള്ള അന്വേഷണ ത്വര. പക്ഷേ പിന്നീട് ഒരു ഭൗമശാത്ര വിദ്യാർത്ഥിയും അധ്യാപകനും ആയപ്പോൾ ഈ അന്വേഷ ത്വര ഒരു ത്രിൽ ആയി മാറി. അഭിനിവേശം.. പഞ്ചഭൂതങ്ങൾ അതിൻ്റെ അത്ഭുതങ്ങൾ അടുത്തറിയാൻ കഴിഞ്ഞു.
    ശശിധരൻ മംഗത്തിലിൻ്റെ ലേഖനം വായിച്ചപ്പോൾ വല്ലാത്ത ഒരു അനുഭൂതി.
    ചിലപ്പോൾ ഞാനും ഒരു എണ്ണ. പാടത്തിൽ ജീവിതം തളച്ചിട്ടെ നെ. ഒരു mudlogger ആയി കയറുന്ന geologist ഒന്നോ രണ്ടോ വർഷത്തെ പരിചയം കൊണ്ട് എട്ടവും കൂടുതൽ demand ഉള്ള ഒരു , എന്നും പറന്നു കൊണ്ടേയിരിക്കുന്നു ഒരു എണ്ണ പര്യവേശകൻ ആകുന്നു. പക്ഷേ ശശിയുടെ ആദ്യ കാല അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാൻ mudlogger ജോലിക്കുള്ള അഭിമുഖത്തിന് പോയില്ല. പിന്നീട് മൈക്രോ പലെൻ്റോളജി യിൽ expert ആയപ്പോൾ വീണ്ടും ഒരു അവസരം. പക്ഷേ driiling സൈറ്റിലെ ഏകാന്തത ഓർത്തപ്പോൾ അതിൽ നിന്നും വീണ്ടും പിന്തിരിഞ്ഞു. എന്ന് മുംബൈ ഐഐടിയിലെ പ്രൊഫ. സരസ്വതിയുടെ കീഴിൽ റിസർച്ച് ചെയ്യാനുള്ള അവസരം നഷ്ടമായി.
    പിന്നെയും ഒരു ചാൻസ് വന്നത് ത്രിപുറ സെൻട്രൽ University yil oru interview committee expert aayi ചെന്നപ്പോഴാണ് ONGC yile സുഹൃത്തുക്കളും കോളജിൽ seniors ഉം ആയ അശോകൻ സാറിൻ്റെയും മുരളിയുടെ റികമ്മേണ്ടേഷൻ പ്രകാരം ബംഗ്ലാദേശ് ബോർദേരിൽ ഉള്ള drilling site visit cheyyan അവസരം കിട്ടിയത്. ലേഖകൻ ഇത്രയും കാലത്തിനും ശേഷം തൻ്റെ അനുഭവങ്ങൾ അതേ പടി ഓർമിച്ചു ഒരു ക്യാൻവാസിൽ movie painting with animation ചെയ്ത പോലെ അനുഭവ വേദ്യമാക്കി. ഇനിയും ഓർമകളിലെ geologist ഇൻ ടെ അനുഭവങ്ങൾ എഴുതുക. ചിലപ്പോൾ നമുക്ക് ഒന്നിച്ചു ഭൗമസസ്ത്ര സത്യങ്ങൾ അറിയാനുള്ള ഒരു യാത്ര നടത്തിയാലോ.
    പത്രപ്രവർത്തകനും, എഴുത്തുകാരനും, ചിത്രകാരനും, ഗായകനും ഒക്കെ ആയ ലേഖകൻ തൻ്റെ ഗതകാല സ്മരണകൾ ഇനിയും പൊടി തട്ടി എടുത്തു ലോകത്തിന് കാണിക്കൂ.

  3. എൻ്റെ പ്രിയ സുഹൃത്തും എഞ്ചിനീയറിംഗ് കോളേജിൽ ജിയോളജി വകുപ്പ് മേധാവിയുമായ ഡോ.രാധാകൃഷ്ണൻ കിണറ്റിൻകര ലേഖനം ആസ്വദിച്ച് വായിച്ച് എഴുതിയ കുറിപ്പ് ഒരു കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. ജിയോളജി പഠിച്ചവരെല്ലാം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലയാണ് ഓയിൽ ഫീൽഡ്. നാടും വീടും ഉപേക്ഷിച്ച് അവിടെ പിടിച്ചു നിൽക്കുക ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ നല്ല ശമ്പളമുള്ള ഈ മേഖലയിലേക്ക് ആളുകൾ വരണം. അതിന് നമുക്ക് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *