കൊച്ചി വിമാനത്താവളത്തിൽ വിളയുന്നത് സൗരോർജവും പച്ചക്കറികളും

സിയാലിന്റെ ജൈവകൃഷി 20 ഏക്കറിലേക്ക്

ഇത് നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ ഉപയോഗിക്കുന്ന വൈദ്യുതിയെത്തുന്നത് സൂര്യനിൽ നിന്നാണ്. മാത്രമല്ല വിവിധയിനം പച്ചക്കറികളും ഇവിടെ വിളയുന്നു. ചേന, മഞ്ഞൾ , കാബേജ്, കോളിഫ്ലവർ എന്നിവ ഇവിടെ യഥേഷ്ടം വളർത്തുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക് കുതിക്കുകയാണ്.

ഭക്ഷ്യ- സൗരോർജ ഉല്പാദന മാർഗങ്ങൾ സമന്വയിപ്പിക്കുന്ന  ‘അഗ്രോവോൾട്ടെയ്ക്ക്‌ ‘ കൃഷി രീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കർ വിസ്തൃതിയിലേയ്ക്ക് വ്യാപിച്ചു. ഇതോടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ അഗ്രോവോൾട്ടെയ്ക്ക്‌ കൃഷിസ്ഥലങ്ങളിലൊന്നായി സിയാലിന്റെ ‘ സൗരപ്പാടം ‘ മാറി. കൊച്ചി വിമാനത്താവള പരിസരത്ത്

എട്ട് സൗരോർജ പ്ലാന്റുകളാണ് സിയാലിനുള്ളത്. ഇവയിൽ ഏറ്റവും വലിയ പ്ലാന്റ് കാർഗോ ടെർമിനലിനടുത്താണ്. 45 ഏക്കറാണ് വിസ്തൃതി. ഇവിടെ സോളാർ പി.വി.പാനലുകൾക്കിടയിൽ ജൈവകൃഷി സിയാൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തുടങ്ങിയിരുന്നു.

ഒരേസ്ഥലത്ത് നിന്ന് കൂടുതൽ വിളവും കാര്യക്ഷമതയുള്ള സൗരോർജ ഉത്പാദനവും സാധ്യമാക്കാനുള്ള അഗ്രോവോൾട്ടെയ്ക്ക്‌ കൃഷി രീതി വ്യാപിപ്പിക്കാനുള്ള ശ്രമം 2021 ജൂലായിലാണ് തുടങ്ങിയത്. മത്തൻ, പാവയ്ക്ക ഉൾപ്പെടെയുള്ള വിളകളാണ് നേരത്തെ കൃഷി ചെയ്തിരുന്നത്. ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി , മഞ്ഞൾ, കാബേജ്, ക്വാളിഫ്‌ളവർ, മുളക് തുടങ്ങിയവയാണ് നിലവിൽ കൃഷി ചെയ്യുന്നത്. സൗരോർജ പാനലുകൾക്കടിയിലുള്ള സൂക്ഷ്മാന്തരീക്ഷത്തിൽ കാര്യമായ 

സ്വാധീനം ചെലുത്താൻ ഇവയ്ക്കാകും. ഇവയ്‌ക്കൊപ്പം അഗ്രോവോൾട്ടെയ്ക്ക്‌ രീതി അനുശാസിക്കുന്ന ജലസേചനവും പരീക്ഷിച്ചു. 2021 ഡിസംബർ ആദ്യവാരത്തോടെ ഈ രീതി 20 ഏക്കറിലേക്ക്‌ വ്യാപിപ്പിക്കാനായി. ഇതുവരെ 80 ടൺ ഉത്പ്പന്നങ്ങൾ ലഭിച്ചു.

സൗരോർജ പാനലുകൾ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിയ്ക്കായി ഉപയോഗിക്കും. പെട്ടെന്ന് വളരുന്നതരം ചെടികളായതിനാൽ മണ്ണൊലിപ്പു തടയാനുമായി. കളകൾ വ്യാപിക്കുന്നത് ചെറുക്കാനായതാണ് മറ്റൊരു നേട്ടം. അഗ്രികൾച്ചറൽ

ഫോട്ടോവോൾട്ടെയ്ക്സ് അഥവാ അഗ്രോവോൾട്ടെയ്ക്ക്‌ രീതിയിലൂടെ സൗരോർജോൽപ്പാദന-കാർഷിക മേഖലയ്ക്ക് വലിയ അവസരമാണ് തുറന്നുകിട്ടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ച് സൗരോർജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തനം. പാനലുകൾക്കടിയിൽ ചെടിവളരുന്നത് താപനില കുറയ്ക്കാൻ സഹായിക്കും. ലഭ്യമായ ഭൂമി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് സിയാലിന്റെ നയം. സുസ്ഥിര വികസനത്തിന്റെ ഘടകങ്ങളിലൊന്നാണിത് ‘ – സുഹാസ് കൂട്ടിച്ചേർത്തു. വിമാനത്താവള പരിസരത്തിലുള്ള പ്ലാന്റുകളൂടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. പ്രതിദിനം 1.6 ലക്ഷം 

യൂണിറ്റ് വൈദ്യുതിയാണ് ഇതിലൂടെ ലഭിക്കുക. വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.3 ലക്ഷം യൂണിറ്റാണ്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഗ്രിഡുമായി ഏകോപിപ്പിച്ചാണ് സിയാലിന്റെ സൗരോർജ ഉത്പാദനം. പകലുണ്ടാകുന്ന അധിക വൈദ്യുതി ഗ്രിഡിലേയ്ക്ക് നൽകുകയും രാത്രി ആവശ്യമുള്ളത് ഗ്രിഡിൽ നിന്ന് തിരിച്ചെടുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *