തീവണ്ടി ബർത്ത് പോലെ അടുപ്പിൻ്റെ മീത്തലെ ബരു
ദിവാകരൻ വിഷ്ണുമംഗലം
നെല്ലുള്ള വീട്ടിൽക്കാണും പണ്ടെല്ലാം ഒരു “ബരു “. ഓടപ്പാളികൾ കൊണ്ട് മെടഞ്ഞത്. ചാണകം തേച്ച് ബലപ്പെടുത്തി ഓട്ടകളടച്ചത്. അടുപ്പിനു മുകളിൽ നാലു മൂലയിലും കയറ് കെട്ടി തൂക്കിയിട്ടത്. അതിനിടയിൽ കരിയുടെ താടി വളർന്നത്. എൻ്റെ വീട്ടടുപ്പിനു മുകളിലുമുണ്ടായിരുന്നു അത്തരമൊരു ബരു.
കുട്ടിക്കാലത്ത് നെല്ലുവിളയുന്ന കണ്ടത്തിൽ അമ്മയും വല്ല്യമ്മയും മൂരാൻപോകും. സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങളും കറ്റ കൊണ്ടിടാൻ പോകും. തോർത്ത് ”തെരിയ”യാക്കി കറ്റകൾ തലയിലേറ്റും. കണ്ടമുടമയുടെ വീട്ടുമുറ്റത്ത് കറ്റകൾ കൊണ്ടിടും. കറ്റകൾ തിരിച്ചും മറിച്ചും അട്ടിവയ്ക്കും. കല്ലിൽ തല്ലി കറ്റ മെതിച്ച് നെല്ല് കൂനകൂട്ടും.
പതമളന്ന് കിട്ടുന്ന കൂലിനെല്ല് അമ്മയും അമ്മമ്മയും വീട്ടിൽ കൊണ്ട് വരും. വലിയ ചെമ്പുകലത്തിൽ ആ നെല്ല് അടുപ്പിന് മുകളിൽ വെച്ച് പൂങ്ങും. പൂങ്ങിയ നെല്ല് അടുപ്പിനു മുകളിൽ കെട്ടിത്തൂക്കിയ ബരുവിൻ്റെ മുകളിൽ ചെരിയും. അന്നേരം നെല്ലിൻ്റെ ആവിപാറുന്ന മണമറിയും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പുരാതനമായ ഏതോ ജൈവബന്ധത്തിൻ്റെ ആ ചൂരും ചൂടും ഇന്നും ഓർമ്മകളിലുണ്ട്.
കരിംപുകയേറ്റ് ബരുവിൻ്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയ പതുപതുത്ത “ഇക്കരി “മുറിവുകളിൽ മരുന്നായി ഉപയോഗിക്കാറുണ്ട്. ഏതോ നാട്ടുവൈദ്യത്തിൻ്റെ ബാക്കിപത്രം. ബരുവിൽ ത്രാവി ഉണക്കിയെടുത്ത
നെല്ല് കുത്തി അരിയാക്കി ഉമിയും തവിടും വേർതിരിക്കും. ആ കുത്തരി കൊണ്ടുണ്ടാക്കിയ കഞ്ഞി പോലെ സ്വാദിഷ്ഠമായ വേറെന്തുണ്ട് ? പ്ലാവിലയുടെ കോര്ക്ക്ടി കൊണ്ട് ചൂട് കഞ്ഞി കിണ്ണത്തിൽ നിന്ന് കോരിക്കുടിച്ച ആ ബാല്യം എത്ര അകലെയായി ! മണ്ണും മനുഷ്യനും പുല്ലും മരങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമീണ ജീവിതത്തിൻ്റെ പ്രാണഞരമ്പിൽ തുടിക്കുന്ന ജീവൻ്റെ സുകൃത പാഠങ്ങളാണവയത്രയും.
ഇന്നിപ്പോൾ ഗ്രാമത്തിലെ വീടുകളിൽനിന്നും അടുപ്പുകൾ അകന്നു. അടുപ്പങ്ങൾ പോലെത്തന്നെ. എങ്ങും പാടങ്ങൾ നികന്നു
നെല്ലറകൾ ഒഴിഞ്ഞു. ബരുവും അരികിലേക്ക് അകറ്റപ്പെട്ടു. പിന്നെപ്പിന്നെ മറവിയുടെ പിന്നാമ്പുറങ്ങളിലേക്കും. എന്നാലും നഗരത്തിൻ്റെ അടുപ്പിനു മുകളിൽ വേവുന്ന ഈ യന്ത്രജൻമവുമായി ഓരോ തീവണ്ടിയാത്രയിലും പൊഞ്ഞാറോടെ, എൻ്റെ ഓർമ്മയിലെത്താറുണ്ട്, “നെല്ലിൻ്റെ ഈ ബെർത്ത്”
ഈ ഓർമ്മകൾ പിന്നീട് ഡി.സി.ബുക്സ്പ്രസിദ്ധീകരിച്ച “രാവോർമ്മ” എന്ന എൻ്റെ കവിതാ സമാഹാരത്തിൽ ചേർത്തിട്ടുള്ള “ബരു ” എന്ന കവിതയ്ക്ക് നിമിത്തമായി.