കണ്ണകി – കാവേരി കഥകളുറങ്ങുന്ന പൂമ്പുഹാർ തീരം
സദാനന്ദൻ പാണാവള്ളി
“പൂമ്പുഹാർ ” അഥവാ “കാവേരി പും പട്ടണം”- വായനക്കിടയിൽ പലപ്പോഴും കണ്ണുകളുടക്കിയ ഓർമ്മ മാത്രമായിരുന്നു എനിക്ക് ജനുവരി ആദ്യ ആഴ്ചവരെ. കണ്ണകിയുടെ ഐതിഹ്യവും കാവേരിനദിയുടെ കഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കടലോര പട്ടണം നേരിട്ട് കാണാൻ സാധിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള “സദ്ഗമയാ ടൂർസ്” ആണ് ഇതിന് എനിക്ക് അവസരമൊരുക്കിയത്.
കാവേരിയുടെ കഥ പറഞ്ഞു തന്നത് ടൂറിന് വഴിയൊരുക്കിയ വിനോദ് ജിയും ദിവാകർജിയും ചേർന്നാണ്. കവരരുടെ സുന്ദരിയും എന്നാൽ ശാഠ്യക്കാരിയുമായ മകളിൽ അനുരക്തനായ അഗസ്ത്യ മഹർഷി അവളെ ജീവിത സഖി യാക്കാനുള്ള തന്റെ ആഗ്രഹം കവരരെ അറിയിക്കുന്നു. അച്ഛൻ കാവേരിയോട് അഭിപ്രായം ആരാഞ്ഞപ്പോൾ അവൾ മുന്നോട്ടു വച്ച നിർദ്ദേശം ഇതാണ്.”ഞാൻ തയ്യാർ, പക്ഷെ അദ്ദേഹം(അഗസ്ത്യ മഹർഷി)പോകുന്നിടത്തൊക്കെ എന്നെയും കൊണ്ടുപോകണം”. നിബന്ധന അംഗീകരിച്ച അദ്ദേഹം കാവേരിയെ തന്റെ കമണ്ഡലുവിലാക്കി യാത്രകളിലുടനീളം കൊണ്ടു നടന്നു. ഒരിക്കൽ ഒരു മരച്ചുവട്ടിൽ സന്ധ്യാവന്ദനത്തിനായി ആസനസ്ഥനായ അദ്ദേഹം കമണ്ഡലു അരികിൽ വെച്ച് ധ്യാനനിമഗ്നനായി. ഇതു കാണാനിടയായ അസൂയാലുവായ ഇന്ദ്രന് ഒരു കുസൃതി മനസ്സിൽതോന്നി. ഇന്ദ്രൻ ഒരു കാക്കയുടെ രൂപത്തിൽ കമണ്ഡലുവിന്റെ മുകളിൽ പറന്നിരുന്നു. അതിന്റെ ചെറു പ്രകമ്പനത്തിൽ കമണ്ഡലു കമഴ്ന്നു വീണു. അതിലെ കാവേരി താഴോട്ടൊഴുകി. അതാണത്രെ തലക്കാവേരി. കാവേരിയുടെ ഈ ഉത്ഭവകഥയും പിന്നെ അനേകം
കാതങ്ങൾ സഞ്ചരിച്ചു കാവേരി പും പട്ടണത്തിലെത്തി ബംഗാൾ ഉൾക്കടലിൽ ലയിച്ചു ചേരുന്ന സംഗമബിന്ദുവിൽ എത്തിച്ചേരാനായതും ഒരു ഭാഗ്യം. തമിഴ്നാട്ടിലെ മൈലാടു തുറൈ ജില്ലയിലാണ് കാവേരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഈ തീരം.
കടലിനഭിമുഖമായി ലോപമുദ്രയുമായി ചെമ്പട്ടുടുത്തു നിൽക്കുന്ന കണ്ണകിയുടെ കരിങ്കല്ലിൽ തീർത്ത മനോഹര ശില്പം. തമിഴ്‌നാട് ടൂറിസം തുടക്കമിട്ട് പൂർണ്ണതയിലേക്കെത്തികൊണ്ടിരിക്കുന്ന വിനോദ സഞ്ചാര മ്യൂസിയവും അതിന്റെ ഭാഗമായുള്ള പ്രതിഷ്ഠ കഴിയാത്ത മൂന്നു മണ്ഡപങ്ങളും ഇവിടെയുണ്ട്. അതിനു മുന്നിലെ കൊത്തുപണികൾ കൊണ്ടലംകൃതമായ റോസ് നിറത്തിലുള്ള കവാടവുംകൃത്രിമ തടാകവും മനോഹരമാണ്. ഇതെല്ലാം കടന്ന് മുന്നോട്ടുപോവുമ്പോൾ കടൽത്തീരത്തെ ചൊരിമണലിൽ തണൽ വിരിച്ചുനിന്ന പനങ്കൂട്ടത്തിലെ പനകൾ “ഞാൻ മുൻപ്, ഞാൻ മുൻപ്”എന്നു പറഞ്ഞു തലതല്ലി ചിരിക്കുകയും കൈകൾ വീശുകയും ചെയ്യുന്നുണ്ടായിരുന്നു.
ആവിയിൽ പുഴുങ്ങിയ ചോളക്കതിരും നിലക്കടലയും പനങ്കിഴങ്ങും ഭംഗിയുള്ള കടൽ കക്കകളും ചെറു ശംഖുകളും നിരത്തിവച്ച തമിഴത്തികളുടെ വഴിവാണിഭ തട്ടുകളും വൻ മത്സ്യങ്ങൾ നെടുകെപ്പിളർന്നു ഉപ്പുപുരട്ടി ഉണങ്ങാൻ വെച്ച പാറക്കൂട്ടങ്ങളും കടന്ന് സാഗര-നദീ സംഗമവേദിയിലേക്ക്. അത്യപൂർവ്വവും അനന്യ സുന്ദരവുമായ കാഴ്ചയൊരുക്കുന്ന നദീതടം. അകലെ ഇരുകരകളിലും പച്ചപുതച്ച മൊട്ടക്കുന്നുകൾ. ഏതാനും ദിവസങ്ങൾക്കു മുമ്പുണ്ടായ പ്രളയജലപ്രവാഹത്തിൽ തലകുമ്പിട്ടുപോയ ആറ്റുവഞ്ചികൾ പതുക്കെ തല ഉയർത്തുന്നതെയുള്ളൂ. അവയുടെ ശിഖരങ്ങളിൽ ഞാന്നു കിടക്കുന്ന പലതരത്തിലും നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ വെള്ളപ്പൊക്കത്തിന്റെ കൊടിക്കൂറകളായി.
അവിടെ ഒരു ചിതാഭസ്മ നിമഞ്ജനം നടക്കുകയായിരുന്നു അപ്പോൾ. പ്രധാനകർമിയുടെ തലയിലിരുന്ന ഭസ്മകലശം പുറകോട്ടെറിഞ്ഞു മൂന്നുപ്രാവശ്യം മുങ്ങിപൊങ്ങുന്ന കർമ്മിയും പരേതന്റെ ബന്ധുക്കളും
വിഷ്ണു നാമങ്ങൾ ഉച്ചത്തിൽ ഉരുവിടുന്നുണ്ടായിരുന്നു- പരേതാത്മാവിന് ശാന്തി തേടി ഒരു അനുഷ്ഠാനം. തിരിച്ചു പോരുമ്പോൾ തിളക്കുന്ന വെയിലിൽ കിതക്കുന്ന നായയുടെ നാവുപോലെ നീണ്ടു കിടന്ന നിരത്തിനു വലതു ഭാഗത്തായി പണ്ടെങ്ങോ പണിതീർത്ത, പിന്നെ ഉപേക്ഷിക്കപ്പെട്ട ഏതാനും ” ഹണി മൂൺ കോട്ടേജു”കൾ. ഇടത് ഭാഗത്തു രണ്ടു കുടുംബങ്ങൾക്ക് താമസിക്കാവുന്ന രണ്ടു നിലയുള്ള ഒരെണ്ണവും.”ഇവിടെ യാണ് കണ്ണകി താമസിച്ചിരുന്നത് “- എവിടെനിന്നോ എത്തിയ ടൂറിസ്റ്റുകളാണെന്നു മനസ്സിലാക്കിയപ്പോൾ കൂട്ടംകൂടി നിന്ന കോളേജ് കുമാരികളും കുമാരന്മാരും പറഞ്ഞു പൊട്ടിച്ചിരിച്ചു.
പിന്നെ അകലെ പാതയോരത്ത് വയലറ്റ് പൂക്കൾ അവിടവിടെ തിരി നീട്ടിയ പേരറിയാത്ത തണൽ മരച്ചുവട്ടിൽ അടുത്ത ദിശയിലേക്കുള്ള പ്രയാണത്തിനായി കാത്തുകിടന്ന ബസ്സിലേക്ക്…പുതു പുത്തൻ തുടർ കാഴ്‌ച്ചകൾക്കായി…