ചങ്ങരോത്ത് 100 ഹെക്ടർ വയലിൽ ഇനി പൊൻകതിർ വിരിയും
പി. പ്രകാശ്
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍
തരിശിട്ടിരുന്ന 100 ഹെക്ടർ നെൽ വയലിൽ ഇനി പൊൻകതിരുകൾ വിരിയും. പഞ്ചായത്തിലെ 170 ഹെക്ടറോളം വരുന്ന തരിശുനിലങ്ങളിൽ 100 ഹെക്ടർ കൃഷിയോഗ്യമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. കൂടലോട്ട്, കുയ്യണ്ടം, ജാനകിവയൽ, മുണ്ടത്തടം, മാവുകുന്ന്, കല്ലൂർ എന്നീ പാടശേഖരങ്ങളിലായി ഇതിനോടകം 60 ഹെക്ടർ (120 ഏക്കർ) തരിശുനിലം കൃഷിക്കായി ഒരുക്കിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം, “സുഭിക്ഷ കേരളം, നിറവ് ചങ്ങരോത്ത് ” , കൃഷി വകുപ്പ്, കേരള സർക്കാർ യന്ത്രവൽക്കരണ മിഷൻ ഭാഗമായുള്ള മലബാർ ടാസ്ക് ഫോഴ്സ്, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണ് വയലുകളെ
കൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി കൃഷി ഓഫീസർ ജിജിഷ, വിവിധ പാടശേഖര സമിതികൾ എന്നിവരുടെ കൂട്ടായ്മയിലാണ് ഈ ജനകീയ സംരംഭം മുന്നേറുന്നത്.
തരിശുനില കൃഷി പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ ഇവിടം സന്ദർശിക്കുകയുണ്ടായി. മലബാർ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എന്റെ അദ്ധ്യാപകനും കൂടിയായ കാർഷിക സർവ്വകലാശാല പ്രൊഫസർ(റിട്ട.)
ഡോ. യു. ജയകുമാരൻ സാറുമായി സംസാരിച്ചു. തോട് നിർമ്മാണം, കളകൾ നീക്കം ചെയ്യൽ, നിലം ഉഴുതുമറിക്കൽ എന്നീ പ്രവർത്തനങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യുന്നതിന് ഏകദേശം 31 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ദീർഘകാലം കൃഷി ചെയ്യാതിരുന്ന ഈ പ്രദേശത്ത് പല പ്രധാന തോടുകളും കൈത്തോടുകളും നികന്ന് പോയ നിലയിലാണ്. മനുഷ്യ പ്രയത്നം വളരെയധികം ആവശ്യമായതിനാൽ പ്രത്യേകമായി ഡിസൈൻ ചെയ്ത് തയ്യറാക്കിയ അഗ്രോ ഡ്രെഡ്ജ് ക്രാഫ്റ്റ് മെഷീൻ ഉപയോഗിച്ചാണ് തോട് നിർമ്മാണം പുരോഗമിക്കുന്നത്. പേരാമ്പ്ര കല്ലോട് ‘മലയിൽ ഇൻഡസ്ട്രീസ്’ ആണ് ഈ യന്ത്രം തയ്യാറാക്കിയത്. ഓപ്പറേറ്റർമാരായി റെമി ഫിലിപ്പ് ,സരുൺ എന്നിവരോടൊപ്പം വിഷ്ണു, സുജിൽ,
വിധു സത്യൻ, സിദ്ധാർത്ഥൻ എന്നിവരാണ് തൊഴിലാളികൾ. ചെളിയിൽ താഴ്ന്ന് പോകാതെയുള്ള ഡിസൈനിൽ തയ്യാറാക്കിയ മെഷീനറി ഉപയോഗിച്ച് തോട്ടുകൾ പുന:സൃഷ്ടിക്കുന്നത് കാണാനായി. മണിക്കൂറിന് 3230 രൂപയാണ് ഈ യന്ത്രത്തിന്റെ ചിലവെന്ന് കൃഷി ഓഫീസർ അറിയിച്ചു.
ഇതോടൊപ്പമുള്ള മറ്റൊരു യന്ത്രം വീഡ് ഷ്രെഡർ ആണ്. മണിക്കൂറിൽ 4340 രൂപയാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചെലവ്. തരിശ് നിലങ്ങളിൽ വളരെ ഉയരത്തിൽ വളർന്ന് നിൽക്കുന്ന വൻ കളകളെ നശിപ്പിച്ച് വയലിൽത്തന്നെ പൂഴ്ത്തുന്ന പണിയാണ് വീഡ് ഷ്രെഡർ ചെയ്യുന്നത്. മലബാർ ടാസ്ക് ഫോഴ്സിൽ ATMA പദ്ധതിയിൽ ജില്ലയിലെ അഗ്രോ സർവ്വീസ് സെന്ററുകൾ, കാർഷിക കർമ്മസേന എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് പരിശീലനം നൽകി സജ്ജമാക്കിയ 100 പേരടങ്ങുന്ന വൈദഗ്ദ്ധ്യമുള്ള സംഘമാണെന്ന് ATMA കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറും കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ രമാദേവി പി.ആർ അറിയിച്ചു. ജില്ലയിലെ തരിശുനിലങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി യോഗ്യമാക്കുന്നതിന് ഈ ടാസ്ക് ഫോഴ്സിനെ പ്രയോജനപ്പെടുത്താവുന്നതാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചാണ് വയലുകളിലെ ബണ്ടുകൾ തയ്യാറാക്കിയതും കൃഷിസ്ഥലം ഒരുക്കിയതും. ഇതോടൊപ്പം നിലവിലുള്ള തോടുകളിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന പുല്ലും അടിഞ്ഞ് കൂടിയ ചെളിയും നീക്കം ചെയ്യുന്നുണ്ട്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോടുകളുടെ വശങ്ങൾ കയർ ഭൂവസ്ത്രം വിരിച്ച് ശക്തിപ്പെടുത്തുന്ന
പ്രവർത്തനവും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തരിശ് നിലങ്ങൾ കൃഷിയിലേക്കെത്തിക്കുക എന്നത് ഹരിത കേരളം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വിവിധ വകുപ്പുകളുടെയും ഏജൻസികളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾ സംയോജിപ്പിച്ച് കർഷകരുടെ പങ്കാളിത്തത്തോടെയാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്. ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്ന പ്രവർത്തനം ഹരിത കേരളം മിഷനും നടത്തും.
( ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററാണ് ലേഖകൻ )