മലയാള സംഗീതത്തിലെ ഒരു കാലഘട്ടം തുറന്നുവെച്ച് ജെറി അമൽദേവ്
ടോം ജെ. മങ്ങാട്ട്
ജോളിചേച്ചിയെ കല്യാണം കഴിച്ച ചേട്ടൻ അമേരിക്കയിൽ പോയി പാട്ടു പഠിച്ചയാളാണെന്ന് വീട്ടിലാരോ പറഞ്ഞുകേട്ടപ്പോൾ എനിക്ക് എട്ടു വയസായിരുന്നെന്ന് കണക്കു കൂട്ടിയെടുത്തത് കഴിഞ്ഞ ദിവസമാണ്. എട്ടു വയസുള്ള പയ്യൻസിന് പാട്ട് എന്നാൽ ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ചലച്ചിത്രഗാനങ്ങൾ മാത്രമായിരുന്നു. സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് ഉച്ചയ്ക്കുള്ള പാട്ടുകൾ കേൾക്കാൻ മാത്രമായി പനി വരുമായിരുന്നു അന്ന്. രണ്ടു മണിക്ക് ആകാശവാണി അടുത്ത പരിപാടിയിലേക്ക് മാറുന്നതോടെ പനി മാറുകയും ചെയ്യും!
മണിയംകുന്ന് പള്ളിയിൽ മൈക്ക് സെറ്റ് വാങ്ങുകയും വൈകുന്നേരങ്ങളിൽ വൈനിൽ റെക്കോഡിൽ നിന്ന് ‘രാജാക്കന്മാരുടെ രാജാവേ’ കുന്നിറങ്ങിവരികയും ചെയ്യാൻ തുടങ്ങിയത് പിന്നെയും കൊല്ലം കറേ കഴിഞ്ഞിട്ടാണ്. അതും കഴിഞ്ഞിട്ടാണ് തരംഗിണി ഗംഗൈ അമരന്റെ കസെറ്റിറക്കിയതും പള്ളികുന്നേൽ അമ്പലത്തിൽ മൈക്ക് സെറ്റ് വന്നതും മകരത്തണുപ്പും പരീക്ഷച്ചൂടും കൂട്ടി അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടുതുടങ്ങിയതും.
അമേരിക്കയിലെ പാട്ടിനേക്കുറിച്ച് പിടിപാടൊന്നും ഇല്ലാതിരുന്നതിനാൽ അമേരിക്കയിൽ പാട്ടു പഠിച്ച ചേട്ടൻ വല്യ സംഭവമായിട്ടൊന്നും തോന്നിയില്ല എന്നാണ് പറഞ്ഞുവരുന്നത്. പേരു പോലും അന്വേഷിച്ചില്ല.
അങ്ങനെയിരിക്കുമ്പോഴാണ് നാട്ടിലെ വോളിബോൾ മത്സരത്തിനും സ്കൂളിലെ ആനിവേഴ്സറിക്കും എന്നുവേണ്ട മൈക്ക് സെറ്റ് ഓണാകുന്ന സ്ഥലങ്ങളിലൊക്കെ മൂന്നു പാട്ടുകൾ പതിവായി കോളാമ്പികൾ
പുറത്തുവിടാൻ തുടങ്ങിയത്: മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ, മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ, മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ. ഹിന്ദുസ്ഥാനി
സംഗീതത്തേക്കുറിച്ച് പോയിട്ട് രാഗങ്ങളേക്കുറിച്ചു പോലും അക്കാലത്ത് കേട്ടിട്ടില്ലായിരുന്നെങ്കിലും സാധാരണ കേൾക്കുന്ന മട്ടിലുള്ള പാട്ടുകളല്ല മൂന്നുമെന്ന് മനസിലാക്കാൻ പ്രയാസമൊന്നുമുണ്ടായില്ല.
‘മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ’ എന്ന് യേശുദാസ് പാടുമ്പോൾ എസ് ജാനകി ആ വഴി പോകാതെ ആദ്യമൊന്നു മൂളിവിട്ടിട്ട് അടുത്ത റൗണ്ടിൽ ‘മിഴിയോരം നിലാവലയോ’ എന്നു പാടുന്നത് പ്രത്യേകം ശ്രദ്ധിക്കുകയും കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പാട്ടെഴുതിയത് ബിച്ചു തിരുമല, ഈണമിട്ടത് ജെറി അമൽദേവ്. പേരു രണ്ടും കൈയോടെ മെമ്മറി കാർഡിലേക്ക് കയറ്റിയിട്ടു. ഇതിനിടയ്ക്ക് വീട്ടിലെത്തിയ ബന്ധുക്കളിലാരോ പറഞ്ഞു ‘അതു നമ്മുടെ ജോളിയെ കെട്ടിയ ചെക്കനുണ്ടാക്കിയ പാട്ടുകളാണെ’ന്ന്.
എന്തുകൊണ്ടാണെന്നറിയില്ല, അതു കേട്ടപ്പോഴുണ്ടായ സന്തോഷം ഞായാറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയുള്ള ‘രഞ്ജിനി’ ഒരു ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായി കേൾക്കുന്നത്രയുണ്ടായിരുന്നു. ‘ജെറി അമൽദേവ് എന്റെ അളിയനാണ്’ എന്നു പറയാൻ മാത്രമാണ് പിറ്റേദിവസം സ്കൂളിൽ പോയത്. കേട്ടവരെല്ലാം ഒരേ സ്വരത്തിൽ തിരിച്ചുചോദിച്ചു: “ജെറി അമൽദേവോ! അതാരാ?” മിഴിയോരം, മഞ്ഞണിക്കൊമ്പിൽ എന്നൊക്കെ ഞാൻ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ചോദ്യങ്ങൾ നിന്നു. പകരം, ‘ഒന്നു പോടാ പുളുവടിക്കാതെ’ എന്ന പുച്ഛം കയറിവന്നു.
ഏതായാലും, അന്നു മുതൽ ഞാൻ ജെറി അമൽദേവിന്റെ സ്വന്തം അളിയനായി സ്വയം പ്രഖ്യാപിച്ചു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് ജെറിച്ചേട്ടനെ നേരിൽ കണ്ടതും ഇങ്ങനെയൊരു അളിയനുണ്ടെന്നുള്ള കാര്യം ജെറിച്ചേട്ടൻ അറിഞ്ഞതും. കുടുംബത്തിലെ കല്യാണങ്ങൾക്കും മറ്റും ജോളിച്ചേച്ചി എത്തുമായിരുന്നെങ്കിലും ചേട്ടന്റെ അറ്റൻഡൻസ് ലെവൽ താഴെയായിരുന്നു. പനി പിടിച്ച് – ചലച്ചിത്രഗാനപ്പനിയല്ല, ഒറിജിനൽ പനി – പോകാൻ പറ്റാതിരുന്ന ഒരു കല്യാണത്തിന് ജെറിച്ചേട്ടൻ കൃത്യമായി വന്നതും നമ്മുടെ വീട്ടിൽ നിന്നുള്ള പ്രതിനിധി സംഘത്തിനോട് വളരെ കാര്യമായി സംസാരിച്ചതുമൊക്കെ മാരകമായ നഷ്ടബോധത്തോടെ കേട്ടിരുന്നത് ഇപ്പോഴും ഓർമയുണ്ട്. വൈനിൽ റെക്കോഡിൽ നിന്ന് കസെറ്റിലേക്ക് സംഗീതം കൂടു മാറിയതോടെ പാട്ടുകേൾക്കൽ എളുപ്പമായി.
‘സംഗീതം: ജെറിഅമൽദേവ്’ എന്നു കാണുന്ന കസെറ്റുകളൊക്കെ വാങ്ങിയും ആ പാട്ടുകളേക്കുറിച്ച് ക്ലാസിലുള്ളവരോടൊക്കെ സംസാരിച്ചും ഒരു അളിയന്റെ ധാർമിക ഉത്തരവാദിത്വം വീഴ്ച കൂടാതെ ഞാൻ നിർവഹിച്ചുകൊണ്ടിരുന്നു.
ഇപ്പോഴും ഉള്ളിലുള്ള ആ ബാലന്റെ ഒരു വലിയ സന്തോഷം പറയാനുണ്ട്. ജെറിച്ചേട്ടന്റെ ആത്മകഥ ‘ഇന്ദുലേഖ പുസ്തകം പ്രസിദ്ധീകരിച്ചു – ‘എനിക്കെല്ലാം സംഗീതമാണ് ‘. പി വി ആൽബി, ജയിംസ് എടേഴത്ത്, അഡ്വ. വർഗീസ് പി തോമസ്, പി വി ഗ്രേസ് എന്നിവരുടെ സഹായത്തോടെ തയാറാക്കിയ കൈയെഴുത്തുപ്രതിയിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഞാനും ചേട്ടനും പണിയെടുത്തു.
അപൂർവചിത്രങ്ങൾ തപ്പിയെടുത്തു. സംഗീതത്തിൽ മാത്രമല്ല എഴുത്തിലും പെർഫക് ഷനിസത്തിന്റെ ആശാനായ ജെറിച്ചേട്ടൻ, വാക്കുകളുടെ പ്രൊനൺസിയേഷനിൽ വരെ കൈ വച്ചിട്ടുള്ള ഈ പുസ്തകം ജെറി അമൽദേവ് എന്ന സംഗീതജ്ഞന്റെ ജീവിതകഥ മാത്രമല്ല, മലയാളസംഗീതത്തിലെ ഒരു കാലഘട്ടത്തിന്റെ കഥകൾ കൂടി പറയുന്നുണ്ട്.
‘എനിക്കെല്ലാം സംഗീതമാണ്’
https://www.indulekha.com/enikkellam-sangeethamanu-autobiography-jerry-amaldev