അച്ഛന്റെ വഴിയിൽ… നാട്ടുതനിമയിൽ വാഴേങ്കട വിജയൻ

കഥകളി രംഗത്തെ കുലപതിയായ പദ്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകൻ വാഴേങ്കട വിജയനെക്കുറിച്ച് സഹോദരി ബാംഗ്ലൂരിൽ താമസിക്കുന്ന കവയിത്രി
ഇന്ദിരാ ബാലൻ എഴുതുന്നു.

ചിലപ്പോഴൊക്കെ ഒറ്റത്തോർത്തോ, ഒറ്റമുണ്ടോ ഉടുത്തു നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരൻ… വാഴേങ്കടക്കാരൻ, അല്ലെങ്കിൽ ഒരു വെള്ളിനേഴിക്കാരൻ… അതാണ് മണിയേട്ടൻ.
അച്ഛന്റെ പാത പിന്തുടരുന്ന മകനും ശിഷ്യനുമായ വാഴേങ്കട വിജയൻ എന്ന കലാകാരൻ തികച്ചും ഒരു സാത്വികൻ തന്നെ. വിനയം മുഖമുദ്രയായ ജീവിതത്തിൽ നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ . അരങ്ങിലെ മികച്ച നടൻ. കളരി വിഷയങ്ങളെക്കുറിച്ച്

പണ്ഡിതസമാനമായ അറിവുള്ള അധ്യാപകൻ
ആട്ടക്കഥകളിലെ രാജസ പ്രധാനമായ കത്തിവേഷങ്ങളും കഥാപാത്ര കേന്ദ്രിതമായ പച്ചവേഷങ്ങളും ഒരുപോലെ കയ്യടക്കത്തോടെ അവതരിപ്പിച്ച കലാകാരൻ. കിർമ്മീരവധത്തിലെ ധർമ്മപുത്രർ , ദക്ഷയാഗത്തിലെ ദക്ഷൻ, സന്താനഗോപാലം കൃഷ്ണൻ, കുചേലവൃത്തത്തിലെ കുചേലൻ, അർജുനൻ , രാജസൂയത്തിലെ ശിശുപാലൻ, രാവണൻ, ഹിരണ്യകശിപു, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛന്റെ കൃത്യമായ

ശിക്ഷണത്തിൽ അഭ്യാസം സിദ്ധിച്ച മകൻ.ബാഹ്യവും ആന്തരികവുമായ സമ സ്ത ചലനങ്ങളും ഇന്ദ്രിയ വ്യാപാരങ്ങളും ചേർന്ന് ഭാവത്തെ പരിപുഷ്ടമാക്കുകയെന്ന കർമ്മം നടനിലടങ്ങിയിരിക്കണമെന്ന ബോധം അച്ഛനെപ്പോലെത്തന്നെ കൃത്യമായി അവലംബിച്ചിരുന്ന മകൻ. വേഷത്തികവിലും താള സ്ഥിതിയിലും, സമ്പ്രദായത്തിലുമൊക്കെ നിഷ്ഠ പുലർത്തിയ കലാകാരൻ. സഹവേഷക്കാരോട് നീതി പുലർത്തുന്ന നടൻ. കത്തിവേഷത്തിന്റെ സമ്മോഹന സൗന്ദര്യം അദ്ദേഹത്തിന്റെ

വേഷങ്ങളിൽ പ്രകടമാണ്‌. ഗുരുനാഥനെപ്പോലെ അരങ്ങത്തെത്തിയാൽ മെയ്യും മനസ്സും ഇഴുകിച്ചേർന്ന അഭിനയപാടവം. വിജയാശാന്റെ വേഷങ്ങൾ കുഞ്ചുനായരുടെ വേഷങ്ങൾ പോലെത്തന്നെ ഔചിത്യപൂർണ്ണങ്ങളായിരുന്നു. അരങ്ങിന്റെ പാത്രബോധത്തിലും മിതത്വത്തിലും നിഷ്ക്കർഷയുള്ള നടൻ. മൽസരബുദ്ധിയില്ലാത്ത വ്യക്തിത്വം. നല്ല ശിഷ്യസമ്പത്തുണ്ടായിരുന്നു അദ്ദേഹത്തിന്. കലാമണ്ഡലം കേശവൻ നമ്പൂതിരി, കലാമണ്ഡലം ജോൺ തുടങ്ങി

അച്ഛനും മകനും: കിർമ്മീരവധം കഥകളിയിൽ വാഴേങ്കട കുഞ്ചുനായരും മകൻ വാഴേങ്കട വിജയനും

അക്കാലത്തെ നിരവധി വിദ്യാർത്ഥികളും കലാമണ്ഡലം ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, സോമൻ, രാമൻകുട്ടി , വിജയകുമാർ, തുടങ്ങി വർത്തമാന കളിയരങ്ങിലെ പ്രമുഖരടക്കം പലരും. ജോവൻ ഡെന്നച്ചി, അഞ്ജലിക തുടങ്ങിയ വിദേശവനിതകളും വിജയാശാൻ്റെ ശിഷ്യരാണ്. കഥകളി വിദേശപര്യടനങ്ങളും ധാരാളം നടത്തിയിട്ടുണ്ട്.

2013 ലെ കേന്ദ്രസംഗീത നാടക അക്കാദമി പുരസ്ക്കാരത്തിന് അർഹനായി. 2019 ൽ സംസ്ഥാന സർക്കാരിൻ്റെ കഥകളി പുരസ്ക്കാരവും നേടി. കൂടാതെ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ

അവാർഡ്,കലാമണ്ഡലം അവാർഡ് ,പ്രഥമ ഗുരു വരം പുരസ്ക്കാരം ലക്കിടി, പെരിങ്ങോട് കഥകളി പുരസ്ക്കാരം ,വെള്ളിനേഴി കലാഗ്രാമം അവാർഡ് , പ്രഥമ വാഴേങ്കട നരസിംഹമൂർത്തി പുരസ്ക്കാരം, ചെറുപ്പത്തിൽ കഥകളി പഠനം കഴിഞ്ഞ കാലത്ത് കോങ്ങാട് താപ്പുണ്ണിനായരുടെ വകയായി അരങ്ങത്തു വെച്ച് ഒരു പവന്റെ സ്വർണ്ണ മോതിരം, സപ്തതി ആഘോഷത്തിൽ ശിഷ്യന്മാരുടെ വക മൂന്ന് പവന്റെ സ്വർണ്ണവീരശൃംഖല തുടങ്ങി നിരവധി വലുതും ചെറുതുമായ അംഗീകാരങ്ങൾ ഇക്കാലയളവിനുള്ളിൽ വിജയാശാന് ലഭിച്ചു. 

കേരള കലാമണ്ഡലത്തിലെ കഥകളിയദ്ധ്യാപകനായി പ്രവർത്തിച്ച് പ്രിൻസിപ്പലായി വിരമിച്ചു. കൽപ്പിത സർവ്വകലാശാല കഥകളി ഫാക്കൽറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ കളിയെഴുത്തിനോടൊപ്പം ഞാൻ തൊട്ടു നിന്ന് കണ്ട ഞങ്ങളുടെ മണിയേട്ടനെ ക്കുറിച്ചും പറയണമല്ലോ. ജീവിതത്തിൽ തികച്ചും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന മണിയേട്ടൻ. അന്യരോടുള്ള വിനീത വിധേയത്വം . ഇത്രയും വിധേയത്വം വേണോയെന്ന ശങ്ക പോലും മണിയേട്ടൻ്റെ രീതികൾ കാണുന്നവർക്ക്

തോന്നാം. ഒന്നിനോടും അഭിരമിക്കാതെ കാലിൽ ഒരു ഹവായ് ചെരുപ്പുമിട്ട് രാവിലെ നാലു മണിക്ക് എണീട്ട് തിങ്കളാഴ്ചകളിൽ കലാമണ്ഡലത്തിലേക്ക് പോകുന്ന മണിയേട്ടൻ. വാഴേങ്കടയിൽ നിന്ന് രണ്ടു നാഴിക നടന്ന് തൂതയിൽ നിന്നും തൃശൂർ ഫാസ്റ്റിൽ യാത്ര ചെയ്തിരുന്ന മണിയേട്ടൻ. ഇത് കുട്ടിക്കാലക്കാഴ്ചകളിൽ നിറയുന്ന ചിത്രമാണ്. തോളിൽ തൂക്കിയ ബാഗിനകത്ത് ഒരു മുറുക്കാൻ ചെല്ലവും ഉണ്ടാവും. എത്ര സൗകര്യങ്ങളുണ്ടെങ്കിലും നടക്കാൻ പറ്റുമെങ്കിൽ നടന്നു തന്നെ പോകുന്ന പ്രകൃതമാണ്. കലാമണ്ഡലത്തിലെ കഥകളിയധ്യാപകനായ അദ്ദേഹം ആഴ്ചയവസാനം വീട്ടിലെത്തും. വരുമ്പോൾ കുട്ടികൾക്കുള്ള മിഠായിപ്പൊതി കയ്യിലുണ്ടാവും. ഏടത്തിയമ്മ രാജലക്ഷ്മിയെന്ന രാജുവേടത്തിയും മക്കളായ ഷൈലജയും 

(ഷാലി) ശ്രീകലയും (മണി ) പ്രസീദയും (കുഞ്ഞ) ചേർന്നതായിരുന്നു എൻ്റെ കുട്ടിക്കാലവും. വേനലവധിക്കാലത്താണ് രാജുവേടത്തിയും മക്കളും വെള്ളിനേഴി അവരുടെ വീട്ടിൽ പോയി നിൽക്കുക. അവർക്കൊപ്പമോ, മണിയേട്ടനൊപ്പമോ ഞാനും പോയിരുന്നു. അപ്പോഴൊക്കെ മാങ്ങോടോ, അടക്കാപുത്തൂരോ ബസ്സിറങ്ങിയുള്ള നടത്തവും മറന്നിട്ടില്ല. 

മണിയേട്ടനൊപ്പം കലാമണ്ഡലത്തിൽ പലപ്പോഴും പോയിട്ടുണ്ട്. വള്ളത്തോൾ ജയന്തിക്കും മറ്റു വിശേഷങ്ങൾക്കും . കൂത്തമ്പലത്തിലിരുന്ന് എത്രയെത്ര അരങ്ങുകൾ ! മണിയേട്ടൻ്റെ റൂമിലായിരുന്നു ബാലസുബ്രമണ്യനാശാനും .ഞങ്ങൾ ചെന്നാൽ അദ്ദേഹം അവിടെ നിന്ന് മാറിത്തരും. സ്വന്തം തറവാട്ടിലേക്ക് പോകുന്ന

സന്തോഷത്തോടെയാണ് അന്നത്തെ കലാമണ്ഡലം യാത്ര. അതിലൊരു സന്ദർഭത്തിലാണ് കലാമണ്ഡലത്തിൽ വെച്ച് മഹാകവി പി. കുഞ്ഞിരാമൻ നായരെ കണ്ടത്. അന്നത്തെ അഞ്ചാം ക്ലാസ്കാരി അത് മഹാകവിയാണെന്നൊന്നും അറിഞ്ഞിരുന്നില്ല. മണിയേട്ടനോട് സംസാരിക്കുമ്പോൾ അത് കേട്ട് കൗതുകപൂർവ്വം ഞാനും അടുത്തുണ്ടായിരുന്നു. വയസ്സുകൊണ്ട് ചെറുതായ എന്നെ കാണുമ്പോൾ പലരും മണിയേട്ടൻ്റെയോ മൂത്ത ഏട്ടൻ അപ്പുവേട്ടൻ്റേയോ മകളാണോയെന്ന് ചോദിച്ചിരുന്നു. അവിടെച്ചെന്നാൽ അച്ഛനായും മണിയേട്ടനായും ഉള്ള ബന്ധത്തിൽ എല്ലാവരും പ്രിയപ്പെട്ടവരാണ്. ഗോപിയേട്ടൻ്റെ (കലാമണ്ഡലം ഗോപിയാശാൻ ) വീട്ടിലും നല്ല സ്വാതന്ത്ര്യമായിരുന്നു. വേശേടത്തിയും ജയനും രഘുവുമൊക്കെയായി. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന നാളുകൾ !വീട്ടിലെത്തിയാൽ

മണിയേട്ടൻ ഞാനടക്കം എല്ലാ കുട്ടികളോടും പറഞ്ഞു കൊണ്ടിരിക്കും… മുറ്റത്തെ തെങ്ങിൻച്ചോട്ടിൽ പോയി നിക്കരുത്, കുളത്തിൻ്റെ വക്കിൽ പോവരുത് ” സൂക്ഷിക്കണമെന്ന് പലകുറി പറയും. വീട്ടിൽ നിന്ന് പടികടന്നാലും വിളിച്ച് വീണ്ടും പറയും. അത്രയും കരുതലായിരുന്നു. പിന്നീട് ഞങ്ങൾ മക്കളായി നാട്ടിൽ പോവുമ്പോഴും മണിയേട്ടൻ ആ കരുതൽ, അതാവർത്തിക്കുമായിരുന്നു. കളരിയിലെ അധ്യാപകനെയോ, അരങ്ങിലെ നടനെയോ ഒന്നും വീട്ടിലെത്തിയാൽ കാണില്ല.

പുതിയ കാലത്ത് അംഗീകാരങ്ങൾക്കും പ്രശസ്തിക്കും വേണ്ടി മത്സരിക്കുന്ന മനുഷ്യരിൽ നിന്നും മണിയേട്ടൻ വേറിട്ടുനിൽക്കുന്നു.

അമിത ആഹ്ളാദ പ്രകടനങ്ങളൊന്നുമില്ല . അവാർഡുകൾ കിട്ടിയ കാര്യമറിഞ്ഞു എന്ന് പറയുമ്പോൾ, കിട്ടുന്ന മറുപടി ഇതാണ് , ചെറുചിരിയോടെ ” ആ അങ്ങിനൊക്കെ കേക്കാണ്ട് ” .. സാധാരണതയെ എത്രത്തോളം സാധാരണീകരിക്കാമോ അതാണ് മണിയേട്ടനെന്ന വാഴേങ്കട വിജയൻ. പുരസ്കാരങ്ങളുടെ യാതൊരു കനമോ ബഹളമോയില്ലാതെ. എങ്ങനെയാണിത്രയും ലാളിത്യം ജീവിതത്തിൽ ചേർത്തു നിർത്താൻ കഴിയുന്നതെന്ന് തോന്നിയിട്ടുണ്ട്. 

ആ പൂമുഖത്ത്  നിറയെ പുരസ്ക്കാരങ്ങൾ… ചെറിയ പുഞ്ചിരിയോടെ ചാരു കസാലയിൽ കിടന്ന് വിശേഷങ്ങൾ ചോദിക്കും. രണ്ടു വർഷം മുമ്പെ നാട്ടിൽ പോയപ്പോൾ കണ്ടതാണ് മണിയേട്ടനെ. ഇടക്കൊരു ചോദ്യമുണ്ട് – നിൻ്റെ കവിതയെഴുത്തില്ലേ? എൺപതിലെത്തിയ മണിയേട്ടന്‍ ഇപ്പോള്‍ വെള്ളിനേഴിയിലെ വീട്ടിൽ വിശ്രമത്തിലാണ്. കോവിഡ് കാലമായതിനാൽ ഒന്ന് പോയി കാണാനും കൂടി കഴിയാതെ… ഈ സമയവും കടന്നുപോകും എന്ന് പ്രത്യാശിക്കാം. മണിയേട്ടന് എല്ലാ ആയുരാരോഗ്യങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിച്ച് ‘അമ്മു ‘എന്ന് വിളിക്കുന്ന ഈ അനിയത്തിക്കുട്ടിടെ കുറിപ്പിനിവിടെ വിരാമം.

Leave a Reply

Your email address will not be published. Required fields are marked *