കർക്കടകത്തിൽ ആയുർവേദം ശീലമാക്കാം

ഡോ. അഞ്ജു കെ. അച്യുതൻ

ആഹാരം ഔഷധമാക്കുക എന്നത് വളരെക്കാലം
മുമ്പു മുതൽക്കുതന്നെ നമ്മൾ കണ്ടുവരുന്ന ഒന്നാണ്. അതുതന്നെയാണ് കർക്കടക മാസത്തിൽ നാം ചെയ്യേണ്ടതും. കർക്കടത്തില്‍
ശരീരബലം കുറയും. ദഹനശക്തി കുറയുകയും അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതുമായ കാലമായാണ് കർക്കടകത്തെ കണക്കാക്കുന്നത്. പ്രത്യേകിച്ച്  വാതപ്രധാനമായ രോഗങ്ങൾ കൂടുതലായും ഉണ്ടാകുന്നു.

അത്യുഷ്ണകാലത്തിനു ശേഷം പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥയിലെ മാറ്റം ശരീരത്തിലും പ്രകൃതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും

ദഹനശക്തി വീണ്ടെടുക്കാനുമുതകുന്ന ആഹാര-ആചാര തത്വമാണ് ആയുർവേദം നിർദേശിക്കുന്നത് . ശരീരത്തെ എന്നപോലെ മനസിനെയും പുഷ്ടിപ്പെടുത്താൻ നാം കഴിക്കുന്ന ആഹാരത്തിനു സുപ്രധാനമായപങ്കുണ്ട്‌. ചിട്ടയായുള്ള ആഹാര ക്രമീകരണങ്ങളും, ജീവിത ശൈലിയിലുള്ള മാറ്റങ്ങളും കൊണ്ട് നമുക്ക് ഈ കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധ ശേഷിയും വീണ്ടെടുക്കാം .

എന്താണ് പ്രതിവിധി ?

ഇവിടെയാണ് ഔഷധക്കഞ്ഞി (കർക്കടകക്കഞ്ഞി) ,മുക്കുടി, സൂപ്പ് , പത്തിലകറി, മരുന്നുണ്ട എന്നിവയുടെ പ്രാധാന്യം .

പത്തിലക്കറി (പത്തില തോരൻ)

പത്തിലക്കൂട്ടം തോരൻ വെച്ച് കഴിക്കാവുന്നതതാണ്.

1. താള് (ചേമ്പില) – ദഹനശക്തി വർധിപ്പിക്കാനും, രക്തശുദ്ധി

വരുത്താനും, വേദന കുറയ്ക്കാനും ഉത്തമം.
2. തകര – ദഹനശക്തി വർധിപ്പിക്കാനും, ത്വക്ക് രോഗം, നേത്ര രോഗം എന്നിവയ്ക്കും ഉത്തമം.
3. തഴുതാമ – മൂത്രവർദ്ധിനിയാണ്. രക്ത സമ്മർദ്ദം, പ്രമേഹം, ആസ്ത്മ തുടങ്ങിയവയ്ക്കും ഉത്തമം.
4. ചേന – എല്ലുകളുടെ ആരോഗ്യം, സന്ധി വേദന എന്നിവയ്ക്ക് ഉത്തമം.
5. പയർ ഇല – കണ്ണിന്റെ ആരോഗ്യത്തിനും, ത്വക്ക് രോഗത്തിനും

വിഷാംശം നീക്കം ചെയ്യാനും ഉത്തമം.
6. കുമ്പളം ഇല – രക്ത സമ്മർദ്ദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും ഉത്തമം.
7. മത്തൻ ഇല – ദഹനശക്തി വർധിപ്പിക്കാനും ത്രിദോഷം ശമിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമം.
8. ചീര ഇല (സാമ്പാർ ചീര, മലബാർ ചീര) – നേത്ര രോഗത്തിനും ക്ഷീണത്തിനും വിളർച്ച എന്നിവയ്ക്ക് ഉത്തമം.

9. കൊടിത്തൂവ (ചൊറിയണം) – രക്തശുദ്ധി വരുത്താനും ശരീരത്തിലെ നീര് വലിയാനും ഉത്തമം.
10. മണിത്തക്കാളി – ചർമ്മരോഗം ഹൃദയാരോഗ്യം വാതപിത്ത ദോഷം കുറയ്ക്കാനും ഉത്തമം.

കോവൽ ഇല – ത്വക്ക് രോഗം, പ്രമേഹം എന്നിവയ്ക്ക് ഉത്തമം.
വെള്ളരി ഇല – നേത്രരോഗത്തിന് ഉത്തമം.


ഇവ പത്തിലക്കൂട്ടത്തിൽ ഉൾപെടുത്താവുന്ന ഇലകളാണ്. പത്തിലകളും ലഭ്യമായില്ലെങ്കിലും നമ്മുടെ പരിസരത്തു നമുക്ക് ലഭിക്കുന്ന ഇവയിലെ ഏതെങ്കിലും ഇലകൾ വെച്ച് പാകം ചെയ്തു കഴിക്കാവുന്നതാണ്.

മുക്കുടി

സൂതികമാർ (പ്രസവശേഷം ) ആണ് കൂടുതലായും പണ്ടുകാലങ്ങളിൽ മുക്കുടി സേവിച്ചിരുന്നത് .

എന്താണ് മുക്കുടി ?

പുളിയില്ലാത്ത മോരിൽ ജീരകം, അയമോദകം, ഇന്തുപ്പ്, കുരുമുളക്, കൊത്തമല്ലി, ചുക്ക്, മഞ്ഞൾപൊടി, എന്നിവ ചേർത്തു തിളപ്പിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാവുന്നതാണ്. അല്ലാത്തപക്ഷം ദശപുഷ്പങ്ങളായ

കറുക, ചെറൂള, വിഷ്ണുക്രാന്തി, പൂവാംകുറുന്നില, മുയൽച്ചെവിയൻ, മുക്കുറ്റി, കയ്യോന്നി, നിലപ്പന, ഉഴിഞ്ഞ, തിരുതാളി കൂടെ ആര്യവേപ്പ് എന്നിവയുടെ നീര് പിഴിഞ്ഞെടുത്തോ ചതച്ചോ ഇവയുടെ കൂടെ ചേർത്ത് സേവിക്കാവുന്നതാണ്. ഇത് വായുകോപം തടയാനും ദഹനശക്തി വർധിപ്പിക്കാനും സഹായിക്കുന്നു .

മരുന്നുണ്ട തയ്യാറാക്കുന്ന വിധം

ഞവര അരി, കുത്തരി, മുതിര, ഉലുവ, ജീരകം, ആശാളി, ശതകുപ്പ, അയമോദകം, ചുക്ക് എന്നിവ വറുത്തു പൊടിച്ചു യോജിപ്പിച്ചു വയ്ക്കുക.

ശർക്കരപാനി തയ്യാറാക്കുക, അതിലേക്ക് തേങ്ങ, എള്ള് എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. നൂൽപാകം ആകുമ്പോൾ യോജിപ്പിച്ചു വെച്ച പൊടികൾ ചേർത്ത് ഇളക്കികൊടുക്കുക.

ഉരുളകളാക്കി (പൊടിചേർത്തു) ഉരുട്ടി എടുക്കുക. നീർക്കെട്ട്, നടുവേദന, വായുകോപം മാറ്റാനും ഉത്തമം.

ഔഷധ കഞ്ഞി (മരുന്ന് കഞ്ഞി)

ഏറെ പോഷകഗുണമുള്ള ഞവര അരി അല്ലെങ്കിൽ ഉണക്കലരി ഉപയോഗിക്കാം. ചെറുപയർ  ചേർത്ത്

കഞ്ഞി വെച്ച്, ആശാളി, ഉലുവ, ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം തുടങ്ങിയവ പൊടിച്ചു ചേർത്ത് കൂടെ പച്ചമരുന്നുകളായി കുറുന്തോട്ടി, കീഴാർനെല്ലി മുതലായ നമുക്ക് ചുറ്റുപാടുമുള്ള പച്ചമരുന്നുകൾ ചേർത്ത്, രുചിക്ക് വേണ്ടി തേങ്ങാപ്പാലോ, ഉള്ളി നെയ്യിൽ താളിച്ചോ കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *