പയറിലെ മുഞ്ഞ ബാധ നിയന്ത്രിക്കാം
പയറിനേയും മറ്റ് പച്ചക്കറികളെയും ആക്രമിക്കുന്ന കീടമാണ് മുഞ്ഞ (Aphid). ഇളം മഞ്ഞ, പച്ച, തവിട്ട്, കറുപ്പ് നിറത്തിൽ കാണപ്പെടുന്ന ഈ കീടം ഇലയിലും തണ്ടിലും കയറിപ്പറ്റി നീര് ഊറ്റിക്കുടിക്കും. വേരിനേയും ആക്രമിക്കും.
പല വർഗ്ഗത്തിൽപ്പെട്ട മുഞ്ഞയുണ്ട്. ഇലയുടെ അടിഭാഗത്ത് ചെറിയ മഞ്ഞനിറം വന്ന് ചുരുണ്ട് വാടിപ്പോകുന്നതാണ് രോഗലക്ഷണം. തണ്ടിൽ കൂട്ടമായി ഇത് പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. പയർ വള്ളിയായി പടർന്നു കയറാൻ തുടങ്ങുമ്പോഴാണ് ഇതിന്റെ ആക്രമണം രൂക്ഷമാവുക. നീരൂറ്റി കുടിക്കുന്നതിനാൽ ഇലകൾ ചുരുണ്ട് വാടും. എല്ലാ ദിവസവും വെള്ളം ശക്തിയായി സ്പ്രേ ചെയ്താൽ തന്നെ ഇതിന്റെ ഉപദ്രവം കുറയും.
ഇവയെ തുരത്താൻ രാസകീടനാശിനി പ്രയോഗം വേണമെന്നില്ല. ജൈവ നിയന്ത്രണമാണ് നല്ലത്. കീടം കൂടുതൽ പറ്റിപ്പിടിച്ചു കിടക്കുന്ന ഇല നുള്ളി മാറ്റാം. അഞ്ച് ഗ്രാം സാധാരണ ബാർ സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയടിച്ചാൽ ഇതിന്റെ ഉപദ്രവം ക്രമേണ കുറയും.
സോപ്പ് വെള്ളത്തിൽ പ്രാണിയുടെ പുറംതോട് പൊടിഞ്ഞു പോകും. അതു കഴിഞ്ഞ് വെർട്ടിസിലിയം ലെക്കാനി എന്ന കുമിൾനാശിനി 20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയടിക്കണം. വെർട്ടിസിലിയം അര ലിറ്റർ കുപ്പി വിപണിയിൽ കിട്ടും.