പ്രധാനമന്ത്രിയെ ഉരുൾപൊട്ടിയതിൻ്റെ ശാസ്ത്രം ധരിപ്പിച്ച് അജിത് കുമാർ
ശശിധരന്‍ മങ്കത്തില്‍
വയനാട്ടിൽ ഉരുൾപൊട്ടി ദുരന്തമുണ്ടായ പ്രദേശങ്ങൾ നടന്നു കണ്ടപ്പോൾ പ്രധാനമന്ത്രിയെ ഉരുൾപൊട്ടിയ സംഭവം ശാസ്ത്രീയമായി പറഞ്ഞു ധരിപ്പിച്ചത് എ.ഡി.ജി.പി. എം.ആർ അജിത് കുമാർ.
ഉരുൾപൊട്ടി വീടുകളും കെട്ടിടങ്ങളും തകർന്ന് നാമാവശേഷമായ ചൂരൽമല പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുക്കാൽ കിലോമീറ്ററോളം നടന്നു കണ്ടു. കുറേ നേരം ദുരന്തഭൂമിയിൽ ചെലവഴിക്കുകയും ചെയ്തു. പ്രഭവകേന്ദ്രമായ വെളളാലിപ്പാറ, നാശനഷ്ടമുണ്ടായ പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളുടെ ഉരുൾ പൊട്ടലിനു മുമ്പുള്ള ഭൂഘടനയെക്കുറിച്ച്
ജിയോളജി ബിരുദാനന്തര ബിരുദധാരിയായ അജിത് കുമാർ വിവരിച്ചു കൊടുത്തു. ഇവിടത്തെ ഭൗമ ഘടന, കൃഷി, ജനവാസം, ഉരുൾപൊട്ടലിന് വഴിതെളിച്ച കാരണങ്ങൾ എന്നിവ വിശദീകരിച്ചു.
പ്രധാനമന്ത്രി ദുരന്തത്തെക്കുറിച്ച് പല സംശയങ്ങളും ചോദിച്ചു. ഉരുൾപൊട്ടി തകർന്ന വെള്ളാർമല ഹൈസ്ക്കൂളും പ്രധാനമന്ത്രി കണ്ടു. സൈന്യം രണ്ട് ദിവസം കൊണ്ട് പണിത ബെയ്ലി പാലത്തിലൂടെ നടന്നാണ് പ്രധാനമന്ത്രി ദുരന്ത സ്ഥലങ്ങൾ വീക്ഷിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
ദുരന്തഭൂമിയിലെ തിരച്ചിലിന് നേതൃത്വം നൽകുന്നതിനായി എം.ആർ.അജിത്കുമാർ ദിവസങ്ങളായി വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാത്രമല്ല ക്രമസമാധാന ചുമതലയുള്ള അദ്ദേഹം പ്രധാനമന്ത്രിയുടെ പോലീസ് സുരക്ഷാ സംവിധാനങ്ങൾ ഏകോപിക്കുകയും ചെയ്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരള സർവ്വകലാശാലയുടെ കാര്യവട്ടം ജിയോളജി വകുപ്പ് എന്നിവിടളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അജിത് കുമാർ സിവിൽ സർവ്വീസിൽ എത്തുന്നതിന് മുമ്പ് തിരുവനന്തപുരം നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ എർത്ത് സയൻ്റിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
പഞ്ചായത്ത് വിഭവഭൂപട നിർമ്മാണത്തിൽ പങ്കാളിയായ അദ്ദേഹം ശാസ്ത്രീയ ഭൂപട സർവ്വെ നടത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി, എറണാകുളം ജില്ലയിലെ ചെല്ലാനം, പളളിപ്പുറം, വടക്കേക്കര, കോഴിക്കോട് ജില്ലയിലെ മാവൂര്‍, മലപ്പുത്തെ വാഴക്കാട്
എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ശാസ്ത്ര സംഘത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്.
ശ്രീ അജിത്ത്കുമാറിനെക്കുറിച്ഛ് നല്ലൊരു വാർത്ത. വായിച്ചപ്പോൾ സന്തോഷം തോന്നി👏
ശ്രീ അജിത്ത് കുമാറിനെ ഈ വാർത്തയിലൂടെയാണ് കൂടുതൽ അറിയാൻ കഴിഞ്ഞത്. നല്ല നരേറ്റീവ്
അജിത്കുമാർ ജിയോളജി പഠിച്ച ആളാണെന്ന് ഇത് വായിച്ചപ്പോൾ ആണ് അറിയുന്നത്.