അഞ്ചു പതിറ്റാണ്ടിലെ വയലിൻ ഓർമ്മകളിൽ നെല്ലൈ വിശ്വനാഥൻ
വൈക്കം മഹാദേവ ക്ഷേത്രത്തിൽ പ്രശസ്ത സംഗീതജ്ഞൻ തഞ്ചാവൂർ എസ്. കല്ല്യാണ രാമന്റെ സംഗീതക്കച്ചേരി. വയലിനിസ്റ്റിന് ചെന്നൈയിൽ നിന്ന് എത്താൻപറ്റിയിട്ടില്ല. പകരം ഒരാളെ വേണം. ഞാൻ അന്ന് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനപ്രവീണയ്ക്ക് പഠിക്കുന്നു. അധ്യാപകനായ വെച്ചൂർ ഹരിഹര സുബ്രഹ്മണ്യയ്യർ എന്നെ വിളിച്ച് ഒരു വയലിനുമായി വൈക്കത്ത് പോകാൻ പറഞ്ഞു.
അവിടെ കച്ചേരിക്ക് വായിക്കണം. ആരുടെ കച്ചേരിയാണെന്ന് തിരിച്ചു ചോദിക്കാനും പേടി. രാവിലെ വൈക്കത്ത് ചെന്ന്പെട്ടത് സാക്ഷാൽ കല്ല്യാണരാമന്റെ മുന്നിൽ. എന്റെ മുട്ടുവിറക്കാൻ തുടങ്ങി. അദ്ദേഹം അടുത്തു വിളിച്ച് പരിചയപ്പെട്ടപ്പോൾ സമാധാനമായി – ചെറിയ പ്രായത്തിൽ വലിയൊരു സംഗീതജ്ഞന്റെ കച്ചേരിക്ക് വയലിൻ വായിച്ച അനുഭവം പങ്കുവെച്ചു കൊണ്ടാണ് പ്രശസ്ത വയലിനിസ്റ്റ് നെല്ലൈ വിശ്വനാഥൻ തന്റെ സംഗീത ജീവിതം വിവരിച്ചു തുടങ്ങിയത്.
വൈക്കത്ത് പോകാൻ പറഞ്ഞപ്പോൾ മൃദംഗം അധ്യാപകനായ മാവേലിക്കര വേലുക്കുട്ടി നായർ അടുത്തു വിളിച്ചു. വലിയൊരു സംഗീതജ്ഞന്റെ കച്ചേരിയാണ്, ശ്രദ്ധിച്ച് വായിക്കണം എന്നു പറഞ്ഞു. ഇതോടെ പേടി ഇരട്ടിയായി. പക്ഷെ കച്ചേരി തുടങ്ങിയപ്പോൾ എന്റെ കഴിവ് പരീക്ഷിക്കാനായി കല്ല്യാണരാമൻ സാർ എനിക്ക് നന്നായി അറിയാവുന്ന ചെറിയ കൃതിയാണ് പാടി തുടങ്ങിയത്. പിന്നെയങ്ങോട്ട് കത്തിക്കയറി. കച്ചേരി കഴിഞ്ഞപ്പോൾ അദ്ദേഹം പുറത്ത് തട്ടി പറഞ്ഞു – “ഗംഭീരമായിരിക്കുന്നു.” അന്ന് കിട്ടിയ അംഗീകാരമാണ് ഇന്നും എന്റെ ശക്തി. കോഴിക്കോട് ആകാശവാണിയിൽ നിന്ന് വിരമിച്ച അദ്ദേഹം ഗോവിന്ദപുരത്തെ വീട്ടിലിരുന്ന് പഴയ അനുഭവങ്ങൾ പങ്കുവെച്ചു.
തിരുവാരൂർ സംഗീതപരമ്പരയിലെ ഒരു കണ്ണിയാണ് നെല്ലൈ വിശ്വനാഥൻ. ലോകപ്രശസ്ത സംഗീതജ്ഞൻ തിരുവാരൂരിലെ ഡോ.എൽ.മുത്തയ്യ ഭാഗവതർ അച്ഛന്റെ വല്ല്യച്ഛനാണ്. അദ്ദേഹമാണ് തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ. അച്ഛൻ സംഗീതജ്ഞനായ നെല്ലൈ ടി.വി. കൃഷ്ണമൂർത്തി സ്വാതി തിരുനാൾ സംഗീത കോളേജിലെ മ്യൂസിക് വിഭാഗം തലവനും പ്രിൻസിപ്പലുമായിരുന്നു. തിരുനെൽവേലിയിലാണ് കുടുംബവീട്. തൃപ്പുണിത്തുറ ആർ.എൽ.വി.യിലും സംഗീത വിഭാഗം തലവനായിരുന്നു. ആർ.എൽ.വിയിൽ പ്രിൻസിപ്പലുമായിരുന്നു. അവിടെ യേശുദാസ് അടക്കമുള്ള ഗായകരുടെ അധ്യാപകൻ. തിരുവനന്തപുരം തെക്കേകോട്ട ആനവാൽ തെരുവിലെ വീട്ടിലാണ് അന്ന് ഞങ്ങൾ താമസിച്ചത്.
എസ്.എം.വി. ഹൈസ്ക്കൂക്കൂളിലാണ് പഠിച്ചത്. നാലാം ക്ലാസിലാണ് അച്ഛൻ വയലിൻ കൈയിൽ തന്നത്. തിരുവനന്തപുരത്തെ സീതാരാാമ അയ്യരാണ് ഗുരു. വയലിനിൽ ബി.ഗ്രെയിഡ് ആർട്ടിസ്റ്റായിരിക്കെയാണ് തിരുവനന്തപുരംം സ്വാതി തിരുനാാൾ സംഗീത കോളേജിൽ ചേരുന്നത്. അവിടെ നിന്ന് ഗാന ഭൂഷണവും ഗാാന പ്രവീണയും പാസായി. ചാലക്കുടി നാരായണസ്വാമി, പുരുഷോത്തമൻ പോറ്റി, എസ്.സുബ്രഹ്മണ്യ ശർമ്മ, ധർമ്മരാജൻ, പാർവ്വതിക്കുട്ടി എന്നിവരെല്ലാം അക്കാലത്ത് വയലിനിൽ അധ്യാപകരായിരുന്നു.1976 ൽ ഞാൻ ഗാനഭൂഷണം രണ്ടാം വർഷം പഠിക്കുന്നതുവരെ അച്ഛൻ അവിടെ പ്രിൻസിപ്പലായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് വയലിൻ അധ്യാപകനായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലും തൃപ്പുണിത്തുറയിലും പാലക്കാട്ടും 12 വർഷം പ്രവർത്തിച്ചു.1990ലാണ് സ്റ്റാഫ് ആർട്ടിസ്റ്റായി കോഴിക്കോട് ആകാശവാണിയിൽ എത്തുന്നത്. അതിനു മുമ്പുതന്നെ ആകാശവാണി ‘എ’ ഗ്രേഡ് വയലിൻ ആർട്ടിസ്റ്റായിരുന്നു. അവിടെ കലാകാരന്മാരായ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു.
ടി.എസ് ബാബു, കുമാരനല്ലൂർ രാജാമണി, ഹരിപ്പാട് കെ.പി.എൻ പിള്ള, ഉഷാ വിജയകുമാർ, ഗീതാദേവി വാസുദേവൻ, എൻ.ഹരി, ടി.എച്ച്, ലളിത എന്നിവരോടൊപ്പം പ്രവർത്തിച്ചു. തബലിസ്റ്റുകളായ ഉസ്മാനേയും ബാലസുബ്രഹ്മണ്യത്തേയും മറക്കാൻ കഴിയില്ല. ഈ കാലയളവിൽ ആകാശവാണിയിലും പുറത്തുമായി ഒട്ടേറെ സംഗീതജ്ഞർക്കു വേണ്ടി വയലിൻ വായിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി, ഗോവിന്ദ റാവു, പുതുക്കോട് എസ്. കൃഷ്ണമൂർത്തി, തൃശ്ശൂർ വിരാമചന്ദ്രൻ , പി ലീല , യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, എം.ജി.രാധാകൃഷ്ണൻ , കൈതപ്രം ദാമോദരൻ നമ്പൂതിരി, ബാംഗ്ലൂർ സിറ്റേഴ്സ്, സുധാരഘുനാഥ്, അരുണാ സായിറാം എന്നിവരുടെ കച്ചേരികളിലെല്ലാം പങ്കെടുത്തു.
ഭിലായ് സ്റ്റീൽ പ്ലാന്റിൽ അവിടത്തെ സംഗീതസഭയുടെ ക്ഷണമനുസരിച്ച് ഗായകൻ ബ്രഹ്മാനന്ദന്റെ സംഗീതകച്ചേരി ഉണ്ടായിരുന്നു. അതിലും പങ്കെടുക്കാൻ സാധിച്ചു. കേരളത്തിന് അകത്തുംം പുറത്തുമായി നടന്ന കച്ചേരികളിൽ മാവേലിക്കര കൃഷണൻകുട്ടി നായർ, കുമാരനല്ലൂർ രാാജാമണി, പാറശ്ശാല രവി,എന്‍.ഹരി, ഡോ.വി.ആര്‍.നാരായണ പ്രകാശ് എന്നിവരെല്ലാം മൃദംഗത്തിൽ പക്കമേളത്തിനുണ്ടായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി വയലിൻ രംഗത്തുള്ള നെല്ലൈ വിശ്വനാഥന് ജീവിതത്തിൽ മറക്കാനാവാത്ത പല നല്ല ഓർമ്മകളുമുണ്ട്. അതിലൊന്ന് അച്ഛൻ ടി.വി.കൃഷ്ണമൂർത്തി പാടുമ്പോൾ വയലിൻ വായിക്കാൻ സാധിച്ചതാണ്. കൃഷ്ണമൂർത്തിയുടെ ആകാശവാണി ദേശീയ സംഗീത പരിപാടികളിലടക്കം അദ്ദേഹത്തിന്റെ പല കച്ചേരികൾക്കും മകൻ വയലിനിൽ സംഗീതം പകർന്നിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത ‘ഭരതം’ എന്ന സിനിമയിൽ വയലിനിസ്റ്റായി അഭിനയിച്ചു.
മോഹൻലാൽ പാടി അഭിനയിച്ച ”രാമകഥാ ഗാനലയം… ” ശ്രീവിനായകം നമാമ്യകം….” എന്നീ രണ്ട് ഗാനങ്ങളിലാണിത്. ഇത് ചിത്രീകരിച്ചത് കോഴിക്കോട് പന്നിയങ്കരയിലെ ഒരു തറവാട്ടിലും ചെന്നൈയിലെ ഒരു ഹാളിലുമായിരുന്നു. ഇതിലെ ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ്.അദ്ദേഹം നല്ല സുഹൃത്താണ്. കൈതപ്രമാണ് അഭിനയിക്കാൻ ക്ഷണിച്ചത് – നെല്ലൈ പറഞ്ഞു. സഹോദരങ്ങൾ നാലു പേർ സംഗീത രംഗത്തുണ്ട്. മൂത്ത സഹോദരി രാജലക്ഷ്മി വീണ പഠിച്ചിട്ടുണ്ട്. ഇപ്പോൾ അഹമ്മദാബാദിലാണ്.
മറ്റൊരു സഹോദരി ജയലക്ഷ്മി എറണാാകുളം മഹാരാജാസ് കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്നു. തിരുവനന്തപുരത്തുള്ള സഹോദരി സരസ്വതി ശങ്കരൻ ഗായികകയാണ്. സഹോദരൻ കെ. ശ്രീനിവാസൻ മൃദംഗ വിദ്വാനാണ്. അമ്മ എസ്.ഗോമതി അമ്മാൾ പാട്ടുകാരിയായിരുന്നു. ഭാര്യ എച്ച്. ജ്യോതി ഗാനപ്രവീണ പാസായിട്ടുണ്ട്. മകൻ ബി.ടെക് കഴിഞ്ഞ ജെ.വി. ഹരികേഷ് വയലിനിസ്റ്റാണ്.