കണികാണാൻ ഇതാ സീഡ് ഫാമിലെ സ്വർണ്ണ വെള്ളരി
വിഷുവിന് കണികാണാൻ സ്വർണ്ണത്തിളക്കമുള്ള വെള്ളരി. കണിയൊരുക്കാൻ ഈ വെള്ളരി നാട്ടിൽ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വെള്ളരി വിളവെടുപ്പിൻ്റെ തിരക്കിലാണ് കർഷകർ. പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പും വിപണനവും തുടങ്ങി.
കോഴിക്കോട് ജില്ലയിൽ കണ്ടു വരുന്ന പ്രത്യേക കണിവെള്ളരി ഇനമാണ് ഫാമിൽ കൃഷി ചെയ്തത്. നല്ല ഉരുണ്ട ആകൃതി, ഇടത്തരം വലുപ്പം, മഞ്ഞ
കലർന്ന സ്വർണ്ണ നിറം എന്നിവയാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്.
വിളവെടുപ്പ് ഉദ്ഘാടനം ഫാമിലെ സീനിയർ കൃഷി ഓഫീസർ പി. പ്രകാശ് നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് സിന്ധു രാമൻ, ഫാം ഉദ്യോഗസ്ഥരായ കെ. ദിദീഷ്, ടി.കെ. ബൈജു എന്നിവർ പങ്കെടുത്തു.
ഇതോടൊപ്പം വിത്തുല്പാദനത്തിനുള്ള ചീര, വെണ്ട, വഴുതന, പയർ, പാവൽ, പടവലം, മത്തൻ, വെള്ളരി, കുമ്പളം, ചുരയ്ക്ക എന്നിവയും ഫാമിൽ കൃഷി ചെയ്തിട്ടുണ്ട്.