രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ജ്ഞാനപ്പാന പുരസ്ക്കാരം സമ്മാനിച്ചു
ഗുരുവായൂർ ദേവസ്വം പൂന്താന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരം കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് സമ്മാനിച്ചു. സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് പുരസ്ക്കാരം സമ്മാനിച്ചത്.
മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിനും ആത്മീയ പരിപോഷണത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
പൂന്താന ദിനാഘോഷത്തിൻ്റെയും സാംസ്ക്കാരിക സമ്മേളനത്തിൻ്റെയും ഉദ്ഘാടനം മലയാള സർവ്വകലാശാല എഴുത്തച്ഛൻ പഠന സ്കൂളിലെ പ്രൊഫ. കെ.എം.അനിൽ നിർവ്വഹിച്ചു. ജ്ഞാനപ്പാനയ്ക്കപ്പുറം ഒരു തത്ത്വചിന്തയുമില്ലെന്ന് പഠിപ്പിച്ച കവിയാണ് പൂന്താനമെന്ന് അദ്ദേഹം പറഞ്ഞു. മലയാളമെന്ന ചെറിയ ഭാഷയിൽ വലിയ തത്ത്വചിന്ത അവതരിപ്പിക്കാമെന്ന് കാണിച്ചു തന്ന കവി ശ്രേഷ്ഠനാണ് പൂന്താനം -ഡോ. കെ.എം.അനിൽ പറഞ്ഞു.
പ്രൊഫ. എം. ഹരിദാസ് പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. രാധാകൃഷ്ണൻ കാക്കശ്ശേരി മറുപടി പ്രസംഗം നടത്തി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറഞ്ഞു.