കാവാലം അപാര പ്രതിഭാവിലാസത്തിന്റെ ആൾരൂപം- രാജീവ് ആലുങ്കൽ
അറിവിൻ്റേയും, അപാര പ്രതിഭാ വിലാസത്തിൻ്റെയും ആൾരൂപമായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് കവി രാജീവ് ആലുങ്കൽ. കാവാലത്തിന്റെ സ്മൃതിദിനത്തിലാണ്, അദ്ദേഹത്തിന്റെ സ്നേഹത്തലോടൽ ഏറ്റുവാങ്ങിയ രാജീവിന്റെ കുറിപ്പ്. കാലാതിവർത്തിയായ മഹാകവിയോടൊത്ത്, ഒത്തിരി സമ്മേളനങ്ങളിൽ പങ്കെടുത്ത്, ആത്മബന്ധത്തിലെത്താനുള്ള മഹാപുണ്യമുണ്ടായി.
മറ്റൊരാൾക്കും അനുകരിക്കാനാവാത്ത ശൈലിയിൽ കുട്ടനാടൻ തനിമയിൽ അദ്ദേഹം കാവ്യജീവിതം അടയാളപ്പെടുത്തി. വിദ്യയ്ക്കു കവചമായി വിനയമുണ്ടാകണമെന്ന് ജീവിച്ച് ഓർമ്മപ്പെടുത്തി. ഒരിക്കൽ ആലപ്പുഴയിൽ വൈദ്യുതി ബോർഡിന്റെ മലയാള ദിനാചരണത്തിൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഓടി വന്ന് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒന്നര മണിക്കൂർ എൻ്റെ മുഖ്യ പ്രഭാഷണം കേട്ടിരുന്നിട്ട്, ഉചഭക്ഷണവും കഴിച്ച പോലെ തൃപ്തിയായി എന്ന് ചേർത്തു പിടിച്ചു പറഞ്ഞ നിഷ്ക്കളങ്കതയ്ക്ക് എൻ്റെ ആത്മപ്രണാമം.
അസഹിഷ്ണുതയില്ലാത്ത ദൈവജ്ഞാനമുള്ള മഹാഗുരുവിനു മാത്രമേ അത്തരമൊരു അനുഗ്രഹാഭിനന്ദനം സാധ്യമാകൂ. മല്ലു സിങ്ങിലെ “കാക്കാമലയിലെ ” എന്ന ഗാനത്തിൽ “കന്നിമടന്തേ ” എന്നൊരു പ്രയോഗമുണ്ട്. കാവാലം കവിതകളിൽ എവിടെ നിന്നോ എനിക്കുകിട്ടിയ നാട്ടുവാക്കാണത്. ഒരിക്കൽ കുട്ടനാട്ടിലെ കൈനകരിയിൽ ഒരു സമ്മേളത്തിൽ പങ്കെടുത്തു പിരിയാൻ നേരം കാവാലം സാർ സ്വതസിദ്ധമായ മുറുക്കാൻ കറയുടെ നിഴൽവീണ, വെയിൽത്തിളക്കമുള്ള ചിരിയോടെ എന്നോടു തമാശ പറഞ്ഞു.
“താനെൻ്റെ കന്നിമടന്തയെ കെട്ടിക്കൊണ്ടു പോയല്ലേ ” എന്ന്. മകൻ്റെ പ്രായത്തിലും താഴെയുള്ള ഒരുവൻ്റെ പാട്ടും ശ്രദ്ധിച്ച് സുഹൃത്തിനോടെന്ന പോലെ അങ്ങനെ പെരുമാറാൻ കാവാലം സാറിനേ കഴിയൂ. സ്വന്തം ശൈലിയെ വിമർശിച്ചവരേക്കൊണ്ട് അതൊരു നാടിൻ്റെ സംസ്കൃതിയെന്ന് അംഗീകരിപ്പിച്ചു കടന്നു പോയ മഹാമനീഷിയാണ് കാവാലം. “അവനവൻ കടമ്പ ” കടന്ന്, ആത്മസായൂജ്യം നേടിയ അപൂർവം ഒരാൾ. പങ്കുവെച്ച ആശയങ്ങളൊക്കെ ഭ്രാന്തമെന്നു പറഞ്ഞു നടന്നവരേക്കൊണ്ട് വാക്കുകൾ പൂക്കളാണെന്ന് മാറ്റി പറയിച്ച പരിവർത്തനത്തിൻ്റെ പടത്തലവൻ.
പുലരിപ്പൂവിൽ പുഞ്ചിരിയിട്ട മഞ്ഞു തുള്ളി പോലെ വിശുദ്ധിയുള്ള ഒരാൾ. കാവാലം കാലത്തേ വിട്ട് പോയെന്നറിഞ്ഞ് ആദ്യമൊന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞതിനു ശേഷം ഞാനെഴുതിയ കവിതയാണ് ”മരണക്കടമ്പ “.ചിത്തിര പെണ്ണും, വടിവേലൻ ചെക്കനും, പാട്ടു പരിഷയും, ആട്ടപ്പണ്ടാരവും, ഇരട്ടക്കണ്ണൻപ്പക്കിയും ദേശത്തുടയോനും, പുറനാടിയും, കരിങ്കുട്ടിയും, കല്ലുരുട്ടിയും ദേശത്തുടയോനും, കന്നിമടന്തയും, വാലടിക്കാവിലെ തിരുവരങ്ങും മനക്കാമ്പിൽ തെളിച്ച് അടിയനേയും എഴുത്തിനിരുത്തിയ സവ്യസാചിയായ മഹാഗുരുവിന് വീണ്ടും വീണ്ടും എൻ്റെ ആത്മപ്രണാമം
ഇത്ര ഹൃദ്യമായി അടുത്ത കാലത്തൊന്നും ഒരു കുറിപ്പ് വായിച്ചിട്ടില്ല. സുന്ദരമാണ് രാജീവ് ആലുങ്കലിൻ്റെ ശൈലി.കാവാലം സാർ മുന്നിൽ വന്നതു പോലെ…!!