ബാഹുകൻ്റെ വേഷത്തിൽ കലാമണ്ഡലം ഗോപി ആശാന് തുലാഭാരം
കഥകളി വേഷത്തിൽ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാന് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം. നളചരിതം മൂന്നാം ദിവസത്തെ കഥയിലെ ബാഹുക വേഷത്തിലാണ് ഗോപി ആശാൻ ദീപസ്തംഭത്തിന് സമീപം രാത്രി എട്ടരയോടെ തുലാഭാരം നടത്തിയത്.
കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിൻ്റെ ആദ്യ ദിവസം കേരള കലാമണ്ഡലത്തിൻ്റെ നളചരിതം കഥകളി അരങ്ങേറിയിരുന്നു. ഇതിൽ ബാഹുകനായി വേഷമിട്ടത് ഗോപി ആശാനായിരുന്നു. വേഷമിട്ട ശേഷം ആരാധകരും ക്ഷേത്ര ഉദ്യോഗസ്ഥരും ആശാനെ തുലാഭാരം നടക്കുന്ന സ്ഥലത്തേക്ക് ആനയിച്ചു.
കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയപ്പോൾ ബാഹുക വേഷത്തിൽ തൊഴുതു പ്രാർത്ഥിച്ച് ഗോപി ആശാൻ തട്ടിലിരുന്നു. കഥകളി വേഷത്തിൽ ആശാനെ കാണാനും ഫോട്ടോ എടുക്കാനുമായി ആരാധകർ ചുറ്റും തിങ്ങിക്കൂടി.