മനുഷ്യരെ ഒന്നിപ്പിക്കുന്ന മാധ്യമമാണ് സാഹിത്യം- മുഖ്യമന്ത്രി
മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈവരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക, ഇന്ത്യൻ, മലയാളം എന്നീ സാഹിത്യ മേഖലകളുടെ പരിഛേദമാണ് ഈ സാഹിത്യോത്സവമെന്നും സാഹിത്യത്തിന് ഒപ്പം തന്നെ സിനിമ, നാടകം തുടങ്ങിയ കലാരൂപങ്ങൾക്കും രാഷ്ട്രീയവും സാമൂഹികവുമായ നവ ചിന്തകൾക്കും ചർച്ചകളിൽ അർഹമായ സ്ഥാനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശ്ശൂരിലെ വിവിധ അക്കാദമികളുടെ ഉത്സവങ്ങൾ കൂട്ടിച്ചേർത്ത് ലോകോത്തര നിലവാരത്തിൽ ഒരുമിച്ച് സംഘടിപ്പിക്കുന്ന ആലോചനയിലാണ് സർക്കാരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നവരാ ണ് സാഹിത്യകാരന്മാരെന്ന് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം നിർവഹിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ചടങ്ങിൽ ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം മന്ത്രി കെ. രാജനും ഫെസ്റ്റിവൽ ബുക്ക് പ്രകാശനം മന്ത്രി ഡോ. ആർ. ബിന്ദുവും നിർവ്വഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായയും ഫെസ്റ്റിവൽ ബുക്ക് സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണിയും സ്വീകരിച്ചു. ചടങ്ങിൽ അശോക് വാജ്പേയി മുഖ്യാതിഥിയും എം.ടി വാസുദേവൻ നായർ വിശിഷ്ടാതിഥിയുമായി. ഫെസ്റ്റിവൽ പരിപ്രേക്ഷ്യം കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, സിനിമാ നടൻ പ്രകാശ് രാജ്, ലെസ് വിക്ക്സ്, ടി.എം കൃഷ്ണ, കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ടി. പത്മനാഭൻ, സാറാ ജോസഫ്, വിജയരാജ മല്ലിക എന്നിവർ പ്രത്യേകാതിഥികളായി.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ സ്വാഗതവും വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ നന്ദിയും പറഞ്ഞു. സാഹിത്യോത്സവത്തിൻ്റെ പതാക ഉയർത്തൽ സാറാ ജോസഫ് നിർവ്വഹിച്ചു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെ സാഹിത്യ അക്കാദമി അങ്കണത്തിലും ടൗൺ ഹാളിലുമാണ് സാഹിത്യോത്സവം നടക്കുന്നത്.