അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രാണപ്രതിഷ്ഠ നടത്തി
അയോധ്യയിൽ സരയു നദീതീരത്തെ രാമക്ഷേത്രത്തിലെ ‘രാംലല്ല’ഭക്തർക്കായി സമർപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മഹോത്സവ അന്തരീക്ഷത്തിൽ രാംലല്ല വിഗ്രഹ പ്രാണപ്രതിഷ്ഠ നടന്നത്. പൂക്കളും വിളക്കുകളും കൊടി തോരണങ്ങളും നിറഞ്ഞ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം ദൃശ്യമായതോടെ ആയിരങ്ങൾ ശീരാമ മന്ത്രം ജപിച്ചു.
കാശിയിലെ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായി പങ്കെടുത്തു. പ്രധാനമന്ത്രിയാണ് വിഗ്രഹത്തിന് മുന്നിൽ ആദ്യ ആരതി ഉഴിഞ്ഞത്. ആർ.എസ്.എസ്സ് അധ്യക്ഷൻ മോഹൻ ഭാഗവതും ചടങ്ങുകൾക്ക് മോദിക്കൊപ്പം ഉണ്ടായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി.ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ, എന്നിവരും ആചാര്യന്മാരും ചടങ്ങിൽ പങ്കെടുത്തു.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ പറന്ന് പുഷ്പവൃഷ്ടി നടത്തി. ക്ഷണിക്കപ്പെട്ട ഒട്ടേറെ പ്രമുഖർ ചടങ്ങിനെത്തി. അമിതാബച്ചൻ, അഭിഷേക് ബച്ചൻ, രൺവീർ കപൂർ, അനുപം ഖേർ, രജനികാന്ത്, ചിരഞ്ജീവി, വിക്കി കൗശൽ, ആലിയഭട്ട്,
കങ്കണ റണൗട്ട്, ആശാ ബോണ്‍സ്‌ലേ, അനുരാധ പൗട്‌വാൾ, ശങ്കർ മഹാദേവൻ, സച്ചിൻ തെണ്ടുൽക്കർ, അനിൽ കുംബ്ലെ, എന്നിവരെല്ലാം ചടങ്ങിനെത്തിയവരിൽ ഉൾപ്പെടുന്നു.
ചടങ്ങിനൊപ്പം മംഗളധ്വനി എന്ന പ്രത്യേക സംഗീത പരിപാടിയും അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ 50 വാദ്യോപകരണങ്ങൾ അകമ്പടിയേകി. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം നരേന്ദ്ര മോദി പ്രസാദമായ ചരണാമൃതം കഴിച്ച് 11 ദിവസത്തെ വ്രതം അവസാനിപ്പിച്ചു. ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ ആളുകളുടെ അടുത്തുചെന്ന് പ്രധാനമന്ത്രി പുഷ്പ വൃഷ്ടി നടത്തി. ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ ജനങ്ങൾക്ക് പ്രവേശിക്കാം.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം എണ്ണായിരത്തോളം അതിഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. രാംലല്ലയുടെ ക്ഷേത്രത്തിന്റെ നിർമ്മാണം ഇന്ത്യൻ സമൂഹത്തിന്റെ സമാധാനത്തിന്റെയും ക്ഷമയുടെയും പരസ്പര ഐക്യത്തിന്റെയും ഏകോപനത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ആയിരം വർഷത്തേക്ക് നാം ഇന്ത്യയുടെ അടിത്തറ പാകണം. ഈ നിമിഷം മുതൽ ശക്തവും കഴിവുള്ളതും മഹത്തായതും ദൈവീകവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യുന്നു – പ്രധാനമന്ത്രി പറഞ്ഞു.
സന്ധ്യയായതോടെ ക്ഷേത്രത്തിലും സരയു നദിക്കരയിലും ആരതി ചടങ്ങ് നടന്നു. ദീപങ്ങൾ പ്രഭാപൂരിതമാക്കിയ ക്ഷേത്രവും സരയു നദിക്കരയും കാണാൻ ജനസഹസ്രങ്ങളാണ് ഒഴുകിയെത്തിയത്. ക്ഷേത്ര ദർശനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർ നഗരത്തിൽ പലയിടത്തായി തങ്ങിയിരിക്കുകയാണ്. അയോധ്യാ നഗരത്തിന് ഉറക്കമില്ല. നഗരം മറ്റൊരു ദീപാവലി ആഘോഷത്തിലാണ്.