സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ഗുരുവായൂരിൽ
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തി. ഗുരുവായൂരിൽ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കല്യാണ മണ്ഡപത്തിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു. പ്രധാന മന്ത്രിയാണ് പൂമാല വധൂവരന്മാർക്ക് എടുത്തു കൊടുത്തത്.
ക്ഷേത്രത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ബിജു മേനോൻ, നടി ഖുശ്ബു, സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങി സിനിമാരംഗത്തെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ ഏഴു മണിയോടെ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി 7.15 ഓടെ ഗുരുവായൂർ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തി.
പ്രധാനമന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ചേർന്ന് സ്വീകരിച്ചു. ചെയർമാൻ പ്രധാനമന്ത്രിയെ ഷാളണിയിച്ചു. തുടർന്ന് പ്രധാനമന്ത്രി ശ്രീവൽസം അതിഥിമന്ദിരത്തിൽ നിന്ന് ക്ഷേത്രത്തിലെത്തി. കേരളീയ ശൈലിയിൽ മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.
ഇലക്ട്രിക് ബഗ്ഗിയിൽ എസ്.പി.ജി. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി.രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തന്ത്രി പ്രധാനമന്ത്രിക്ക് പൂർണ്ണ കുംഭം നൽകി.
തുടർന്ന് കൊടിമരത്തിന് സമീപം നിന്ന് കണ്ണനെ തൊഴുത പ്രധാനമന്ത്രി പിന്നീട് നാലമ്പലത്തിലേക്ക് കടന്ന് സോപാനപടിക്ക് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ വണങ്ങി. കൈ കൂപ്പി തൊഴുതു. പിന്നീട്
ഇ- ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.
ദേവസ്വത്തിൻ്റെ ഉപഹാരവും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ഗുരുവായൂരപ്പൻ്റെ ദാരുശിൽപ്പവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവുമാണ് പ്രധാനമന്ത്രിക്ക് നൽകിയത്.
തൃപ്രയാർ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രിയെ കാണാൻ ജനങ്ങൾ പലയിടത്തും കൂടി നിന്നിരുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചെലവഴിച്ചു. കൊച്ചി മറൈൻ ഡ്രൈവിൽ പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിലും പങ്കെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം 6.50 നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. തുടർന്ന് ഹെലികോപ്ടറിൽ ഏഴു മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി, ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന
എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.