ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം ‘അടൽ ബിഹാരി വാജ്പേയി ശിവ്രി-നാവസേവ അടൽ സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 17,840 കോടി രൂപ ചെലവിൽ നിർമ്മിച്ച അടൽ സേതു ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള പാലവും രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലവുമാണ്. നവി മുംബൈയിലായിരുന്നു ഉദ്ഘാടന ചടങ്ങ് 21.8 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
നമ്മുടെ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായ അടൽ സേതു ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഈ പാലം യാത്രാസമയം കുറയ്ക്കുകയും സമ്പർക്കസൗകര്യം വർധിപ്പിക്കുകയും ദൈനംദിനയാത്രകൾ സുഗമമാക്കുകയും ചെയ്യും –
‘എക്സി’ലെ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നവീസ്, അജിത് പവാർ എന്നിവരും ഉണ്ടായിരുന്നു.
2016 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് മുംബൈ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) പാലത്തിന് തറക്കല്ലിട്ടത്. ദക്ഷിണ മുംബൈയെയും നവി മുംബൈയെയും (ശിവ്രിക്കും നവസേവയ്ക്കും ഇടയിൽ) ബന്ധിപ്പിക്കുന്ന പാലത്തിലൂടെ യാത്ര ചെയ്ത് 15-20 മിനുട്ട് കൊണ്ട് എത്താം. എന്നാൽ നേരത്തെ യാത്രാ സമയം രണ്ടു മണിക്കൂറായിരുന്നു.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പാലത്തിലൂടെ പെട്ടെന്ന് എത്താൻ കഴിയും. ഇത് മുംബൈയിൽ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കുകയും ചെയ്യും. മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തും.