ഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര
പുഴയിൽ ബോട്ടിൽ സഞ്ചരിച്ച് ഉല്ലസിക്കാം. കുട്ട വഞ്ചിയിൽ സവാരിയുമാകാം. മണലി പുഴയോട് ചേർന്ന് ഒരുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയായ ഇ-വഞ്ചി പുതുവത്സര ദിനത്തിൽ യാഥാർത്ഥ്യമായി. തൃശ്ശൂർ നെന്മണിക്കര ഗ്രാമ പഞ്ചായത്തിൽ ഹൈവേയോട് ചേർന്നുള്ള മണലിപ്പുഴയുടെ ഭാഗത്താണ് ഗ്രാമീണ ടൂറിസം പദ്ധതി യാഥാർത്ഥ്യമായത്.
വിനോദസഞ്ചാരികൾക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും പുഴയിലും കരയിലും സുരക്ഷാ ക്രമീകരണങ്ങളോടെ ഉല്ലസിക്കുവാനുമാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഇ-വഞ്ചി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് ഇ- വഞ്ചിയുടെ പ്രധാന സേവനങ്ങൾ.
സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാൻ പദ്ധതിയും അഡ്വഞ്ചർ ടൂറിസം പദ്ധതിയും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. ഇ-വഞ്ചി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.