ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും- മുഖ്യമന്ത്രി 

ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കോഴിക്കോട്  പേരാമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഫാരി പാർക്കിനായുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ഇത് ടൂറിസത്തിന് വൻ സാധ്യത ഒരുക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിനു മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതാണ്. അതിസമ്പന്ന രാഷ്ട്രം പോലും കോവിഡിന് മുൻപിൽ മുട്ടുകുത്തി നിന്നു. എന്നാൽ കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിലും കേരളം മികച്ചതായി തന്നെ നിലകൊണ്ടു. സംസ്ഥാനത്ത് സൗകര്യങ്ങളെല്ലാം പൂർണ സജ്ജമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നല്ല രീതിയിലാണ് ക്ഷേമപെൻഷനുകൾ നൽകുന്നത്. മാസം തോറും പെൻഷൻ നൽകുക എന്നതാണ് സർക്കാരിന്റെ നയം. അതിനായി ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള വികാരം ജനങ്ങൾ പ്രകടിപ്പിക്കും. ഇപ്പോൾ എത്തിനിൽക്കുന്നിടത്ത് നിന്നും നാടിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ മുന്നോട്ട് പോകണം എന്നാണ് സർക്കാർ സ്വീകരിക്കുന്ന നിലപാട്. ഈ നിലപാടിനു നാടാകെ ഒറ്റമനസ്സോടെ  പിന്തുണ നൽകുന്നു എന്നതിന് തെളിവാണ് സദസ്സിലേക്കുള്ള മഹാജന പ്രവാഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജെ. ചിഞ്ചുറാണി, എം.ബി. രാജേഷ് എന്നിവർ സംസാരിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസർ ഗിരീഷ് കുമാർ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *