ചെമ്പൈ പുരസ്ക്കാരം മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിച്ചു
ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം മന്ത്രി കെ.രാധാകൃഷ്ണൻ മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മുൻ എം.പി.ചെങ്ങറ സുരേന്ദ്രൻ, മനോജ്.ബി.നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
ദേവസ്വം ആന പാപ്പാൻ ഏ.ആർ.രതീഷിന്റെ നിര്യാണത്തെത്തുടർന്ന് ചെമ്പൈ സംഗീതോത്സവ ഉദ്ഘാടന ചടങ്ങും സാംസ്കാരിക സമ്മേളനവും ദേവസ്വം ഒഴിവാക്കിയിരുന്നു. തീർത്തും ചടങ്ങ് മാത്രമായി നടത്തിയ വേദിയിലാണ് ചെമ്പൈ പുരസ്ക്കാരം നൽകിയത്.
സംഗീതാർച്ചന തുടങ്ങി
വ്യാഴാഴ്ച രാവിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ സംഗീതാർച്ചന തുടങ്ങി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം മേൽപുത്തൂർ ഓഡിറ്റോറിയത്തിലെത്തിച്ച് തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്നു. ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളുടെ കീർത്തനാലാപനത്തോടെയാണ് സംഗീതാർച്ചന തുടങ്ങിയത്. തുടർന്ന് ചെമ്പൈ പുരസ്ക്കാരം നേടിയ മധുരൈ ടി.എൻ.ശേഷഗോപാലന്റെ സംഗീത കച്ചേരി അരങ്ങേറി.
👍