ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരക കവാടങ്ങൾ ഉയരുന്നു
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ സമരനായകരായ മന്നത്ത് പത്മനാഭന്റെയും സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെയും സ്മരണയ്ക്ക് ഗുരുവായൂര്‍ നഗരസഭാ മൈതാനിയില്‍ കവാടങ്ങള്‍ ഉയരുന്നു. നഗരസഭ ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് കവാടങ്ങള്‍ നിര്‍മ്മിക്കുന്നത്. കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ 92-ാം വാര്‍ഷികവും ഗുരുവായൂര്‍ നഗരസഭ സമുചിതമായി ആചരിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പൂഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നഗരസഭ ലൈബ്രറി ഹാളില്‍ അനുസ്മരണ യോഗവും നടന്നു.
ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി. കെ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സമര നേതാക്കളായ എ.കെ.ജി, കെ.കേളപ്പന്‍, എ.സി. രാമന്‍ തുടങ്ങിയവരുടെ പേരില്‍ ഗുരുവായൂര്‍ നഗരസഭ സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.