ഒന്നിച്ചാഘോഷിക്കാൻ കേരളീയം ഇനി എല്ലാ വർഷവും- മുഖ്യമന്ത്രി
കേരളീയം 2023 ന് തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ പ്രൗഢ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ കേരളീയത്തിന് തിരിതെളിയിച്ചു. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ സിനിമയുടെ അഭിമാനവും കേരളീയത്തിന്റെ അംബാസിഡർമാരുമായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും സാക്ഷികളായി.
കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണ് കേരളീയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്തയുമുണ്ട്. ഇതു നിർഭാഗ്യവശാൽ പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിക്കാൻ ശരിയായ രീതിയിൽ കഴിയുന്നില്ല.
ഈ സ്ഥിതി മാറണം. കേരളീയതയിൽ തീർത്തും അഭിമാനിക്കുന്ന മനസ് കേരളീയർക്കുണ്ടാകണം. വൃത്തിയുടെ കാര്യം മുതൽ കലയുടെ കാര്യത്തിൽ വരെ വേറിട്ടുനിൽക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉൾച്ചേർക്കാൻ കഴിയണം. ആർക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും എല്ലാവർക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയർത്താൻ കഴിയണം.
പുതിയ കേരളത്തെ, വിജ്ഞാന സമൂഹത്തിലേക്ക് കുതിക്കുന്ന, മാറിയ കേരളത്തെ ലോക ക്രമത്തിനൊത്ത് ചുവടുവയ്ക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയെന്നതാണ് കേരളീയമെന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്- മുഖ്യന്ത്രി പറഞ്ഞു.
കേരളീയത്തിൽ പങ്കുചേരാനും ഭാവി കേരളത്തിന് ഉതകുന്ന ആശയങ്ങളും അറിവുകളും പകർന്നുനൽകാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിദഗ്ധർ, പണ്ഡിതർ, പ്രതിഭകൾ തുടങ്ങി ഇതിലേക്ക് എത്തുന്ന എല്ലാവരേയും കേരളം സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കലാമണ്ഡലം അവതരിപ്പിച്ച കേരളീയ ഗാന നൃത്താവിഷ്‌കാരത്തോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. കേരളീയവുമായി ബന്ധപ്പെട്ടു ഷാജി എൻ. കരുൺ തയാറാക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചു.
കേരളത്തനിമയുടെ ആവിഷ്‌കാരമായ 42 പ്രദർശന നഗരികൾ, സെമിനാറുകൾ, ചലച്ചിത്രോത്സവം, പുഷ്‌പോത്സവം, ട്രേഡ് ഫെയറുകൾ, കലാപരിപാടികൾ തുടങ്ങി നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാണ് ഏഴു സുന്ദര രാപ്പകലുകളിലായി കേരളീയത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച കേരളീയം സംഘാടക സമിതി ചെയർമാനും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ പുതു തലമുറയ്ക്കു പുതിയ കേരളം എന്താണെന്നറിയാനുള്ള വാതിലാകും കേരളീയമെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ മുഖ്യമന്ത്രിയുമായി വേദിയിൽ സെൽഫിയെടുത്തു. അടുത്ത വർഷത്തെ കേരളീയത്തിന്റെ പ്രചാരണാർഥമാണിതെന്നു സെൽഫിയെടുത്തുകൊണ്ടു മോഹൻലാൽ പറഞ്ഞു.
സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതി പൂർത്തീകരണ പ്രഖ്യാപനം വേദിയിൽ മുഖ്യമന്ത്രി നിർവഹിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ തൽസ്ഥിതി റിപ്പോർട്ട് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്കു കൈമാറി. കേരളീയത്തിന്റെ ബ്രോഷർ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, വി. അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ, യു.എ.ഇ. അംബാസിഡർ അബ്ദുൽനാസർ ജമാൽ അൽശാലി, ദക്ഷിണ കൊറിയൻ അംബാസിഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രതിനിധി മലേന റോജസ് മെദീന, വിയറ്റ്നാം പൊളിറ്റിക്കൽ കൗൺസിലർ ട്രാൻ താൻ ഹൂൺ, എം.പി. മാർ എം എൽ എ മാർ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ,എം.എ. യൂസഫലി, രവിപിള്ള, എം.വി പിള്ള, ടി. പത്മനാഭൻ, ശ്രീകുമാരൻ തമ്പി, കേരളീയം സംഘാടക സമിതി കൺവീനർ എസ്. ഹരികിഷോർ തുടങ്ങിയവർ പങ്കെടുത്തു.
പ്രൊഫ. ഡോ. അമർത്യ സെൻ, ഡോ. റോമില ഥാപ്പർ, ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, അഡ്വ. കെ.കെ. വേണുഗോപാൽ, ടി.എം. കൃഷ്ണ, ഉസ്താദ് അംജദ് അലി ഖാൻ എന്നിവരുടെ ആശംസാ പ്രസംഗങ്ങൾ വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.