ഗുരുവായൂരിൽ 370 കുരുന്നുകൾ ഹരിശ്രീ കുറിച്ചു
വിജയദശമി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 370 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. ശീവേലിയും സരസ്വതി പൂജയും പൂർത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം വേദിയിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിച്ചു.
തുടർന്നായിരുന്നു എഴുത്തിനിരുത്ത് 13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടർന്ന് അരിയിലും. ആദ്യക്ഷര മധുരം നുകർന്ന കുരുന്നുകൾ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹകടാക്ഷമേറ്റുവാങ്ങി അക്ഷര ലോകത്തേക്ക് കടന്നു. 370 കുട്ടികൾ വിദ്യാരംഭം കുറിച്ചു.
അക്ഷര ലോകത്തേക്ക് പിച്ചവെച്ച കുരുന്നുകൾക്ക് ഗുരുവായൂരപ്പൻ്റെ പ്രസാദത്തിന് പുറമെ മധുര പലഹാരങ്ങൾ, മയിൽ പീലി, അക്ഷരമാല പുസ്തകം, നോട്ടുപുസ്തകം, പേനകൾ എന്നിവയും ദേവസ്വം വകയായി നൽകി.ക്ഷേത്രം ഡി.എ.പി.മനോജ് കുമാർ, അസി.മാനേജർ സുശീല ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.